കോന്നി ഗവ.മെഡിക്കൽ കോളേജിൽ 2022-23 അക്കാദമിക വർഷത്തിൽ ക്ലാസുകൾ തുടങ്ങാന്‍ ആലോചന

 

KONNIVARTHA.COM : കോന്നി ഗവ.മെഡിക്കൽ കോളേജിൽ 2022-23 അക്കാദമിക വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചതും, ആശുപത്രി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, അക്കാദമിക്ക് ബ്ലോക്കിൻ്റെ നിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതുമെല്ലാം ഇതിൻ്റെ ഭാഗമായാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ്‌ തന്നെ ഈ പ്രവർത്തനങ്ങൾക്ക് നേരിട്ടു നേതൃത്വം നല്കുന്നതിനാൽ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ മുന്നോട്ടു പോകുകയാണ്.

നൂറ് കുട്ടികളുടെ പ്രവേശനം നടത്താനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.ഇതിനായി ആവശ്യമായിരുന്ന വിവിധ ഡിപ്പാർട്ടുമെൻ്റുകളിലെ 19 മുതിർന്ന ഡോക്ടർ മാരുടെ നിയമനവും നടത്തിക്കഴിഞ്ഞു.പ്രൊഫസർമാർ, അസ്സോസിയേറ്റ് പ്രൊഫസർമാർ, അസിസ്റ്റൻ്റ് പ്രൊഫസർമാർ, അഡീഷണൽ പ്രൊഫസർമാർ തുടങ്ങിയവരെയാണ് നിയമിച്ചിട്ടുള്ളത്.
കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് സ്ഥലം മാറ്റമായും, ജോലി ക്രമീകരണവ്യവസ്ഥയിലുമാണ് ഇവരുടെ നിയമനം നടത്തിയിട്ടുള്ളത്.

അസ്ഥിരോഗം, ശിശുരോഗം, പൾമണോളജി, സൈക്യാട്രി,
അനസ്തേഷ്യോളജി, ബയോ കെമിസ്ട്രി, അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, ഫോറൻസിക്ക് മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോ ഡയഗണോ സിസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പുതിയ ഡോക്ടർമാരെ നിയമിച്ചിട്ടുള്ളത്.

നിലവിലുള്ള ക്രമീകരണങ്ങൾ വിലയിരുത്താനും, കൂടുതലായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനിക്കാനുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ: എ.റംലാബീവി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി.

ആശുപത്രിയിൽ പുതിയതായി ആരംഭിച്ച അത്യാഹിത വിഭാഗം, അക്കാദമിക്ക് ബ്ലോക്ക്, പത്തനംതിട്ട ജനറൽ ആശുപത്രി തുടങ്ങിയവയും ഡി.എം.ഇ സന്ദർശിച്ചു. പ്രിൻസിപ്പാൾ ഡോ:മിന്നി മേരി മാമ്മൻ, സുപ്രണ്ട് ഡോ: സി.വി.രാജേന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരുമായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ചർച്ചയും നടത്തി.

2022 ജൂലൈ മാസത്തോടെ ക്ലാസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഊർജ്ജിതമായി നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.ആരോഗ്യ മന്ത്രി നടത്തുന്ന ഇടപെടീലാണ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്നത്. കേരളത്തിലെ മികച്ച മെഡിക്കൽ കോളേജുകളിലൊന്നായി കോന്നിയെ മാറ്റാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!