കോന്നി വാര്‍ത്ത ഡോട്ട് കോം : പൊന്തനാംകുഴി കോളനി നിവാസികളുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന കോളനി നിവാസികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 32 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്.പുനരധിവാസം എങ്ങനെ നടപ്പിലാക്കണമെന്ന് ആലോചിക്കുന്നതിനാണ് എം.എൽ.എ കോളനി നിവാസികളുടെയും, റവന്യൂ, പഞ്ചായത്ത് അധികൃതരുടെയും യോഗം വിളിച്ചു ചേർത്തത്.
കേരളത്തിൽ മറ്റൊരിടത്തും വാസയോഗ്യമായ സ്ഥലം ഇല്ല എന്ന സാക്ഷ്യപത്രം കുടുംബാംഗങ്ങൾ തയ്യാറാക്കി സ്വയം സാക്ഷ്യപ്പെടുത്തി ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്നതിനായി തഹസിൽദാർക്കു കൈമാറണമെന്ന് യോഗം തീരുമാനിച്ചു. സാക്ഷ്യപത്രത്തിൻ്റെ മാതൃക കോളനി നിവാസികൾക്ക് കൈമാറി. ഈ സാക്ഷ്യപത്രം കൈമാറി കഴിഞ്ഞാൽ കോളനി നിവാസികൾക്ക് വസ്തു വാങ്ങുന്നതിനുള്ള അർഹത ലഭിക്കും.
ആറ് ലക്ഷം രൂപയാണ് വസ്തുവാക്കുന്നതിനായി ലഭിക്കുക. സാക്ഷ്യപത്രം നല്കി കഴിഞ്ഞവർക്ക് എഗ്രിമെൻ്റിൻ്റെ അടിസ്ഥാനത്തിൽ 50000 രൂപ അഡ്വാൻസായി അക്കൗണ്ടിൽ നല്കും.ആറ6 ലക്ഷം പരിധിയ്ക്കുള്ളിൽ നിന്നു കൊണ്ട് 3 സെൻ്റിൽ കുറയാത്ത വസ്തു വാങ്ങുന്നതിനായി ഗുണഭോക്താവ് കരാറിൽ ഏർപ്പെടണം.തുടർന്ന് രജിസ്ട്രേഷൻ സമയത്ത് ബാക്കിയുള്ള 5.5 ലക്ഷത്തിൻ്റെ പരിധിയിൽ നിന്ന് എത്രയാണോ തുക അതു നല്കും. ഈ നടപടികൾ തഹസീൽദാരാണ് നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചു നല്കേണ്ടത്.
തുടർന്ന് വീട് ആവശ്യമുള്ള കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നല്കും.നിർമ്മാണ ഘട്ടങ്ങൾക്കനുസൃതമായാകും തുക നല്കുക.ഒരുലക്ഷം രൂപയോളം മുൻകൂറായി നിർമ്മാണത്തിന് കൈമാറും. ഓരോ ഘട്ടവും പൂർത്തിയായതായി സ്റ്റേജ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ 7 ദിവസത്തിനകം ബാക്കി തുക കൈമാറണം. ഇതിനുംതഹസീൽദാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുനരധിവാസ പുരോഗതി വിലയിരുത്തും.കോളനി നിവാസികൾ കണ്ടെത്തുന്ന സ്ഥലങ്ങൾ വാസയോഗ്യവും,സുരക്ഷിതവുമാണെന്ന് മണ്ണ് സംരക്ഷണ വകുപ്പും, ജിയോളജി വകപ്പും പരിശോധിച്ച് ഉറപ്പു വരുത്തി തഹസീൽദാർക്കു റിപ്പോർട്ട് നല്കണമെന്നും യോഗം തീരുമാനിച്ചു.
കോളനി നിവാസികളുടെ പുനരധിവാസം എത്രയും വേഗം പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഒരു റേഷൻ കാർഡിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇതിനും പരിഹാരം കാണാൻ പരിശ്രമിക്കും. ഭൂമി കണ്ടെത്തിയാൽ വേഗത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
യോഗത്തിൽ ഡപ്യൂട്ടി കളക്ടർ ബി.ജ്യോതി ,തഹസിൽദാർ കെ.ശ്രീകുമാർ ,ഗ്രാമപഞ്ചായത്തംഗം പി.എച്ച്.ഫൈസൽ, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ശ്യാംലാൽ, റവന്യൂ- പഞ്ചായത്ത് ഉദ്യോഗസ്ഥർ, കോളനിയിലെ താമസക്കാർ തുടങ്ങിയവർ പങ്കെടുത്തു.