പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/11/2022)

കോന്നി ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജിലെ ആദ്യ പ്രവേശനോത്സവം

കോന്നി ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജിലെ  ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം 15.11.2022 ചൊവ്വാഴ്ച രാവിലെ  8:30ന്. ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോര്‍ജിന്റെയും ബഹു. കോന്നി എംഎല്‍എ അഡ്വ. കെ.യു.ജനീഷ് കുമാറിന്റെയും ബഹു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കും

 

മണ്ഡലകാല ഉത്സവം: ശബരിമല ക്ഷേത്രനട നവംബര്‍ 16ന് വൈകുന്നേരം തുറക്കും

നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് 16ന് വൃശ്ചികം ഒന്നായ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ മണ്ഡല തീര്‍ഥാടന കാലം
മകരവിളക്ക് 2023 ജനുവരി 14ന്
ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നവംബര്‍ 16ന്  വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകരും. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തി തുടങ്ങും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകളും 16ന്  വൈകുന്നേരം നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. പിന്നീട് തന്ത്രി കണ്ഠര് രാജീവര്, ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. ശേഷം തന്ത്രി മേല്‍ശാന്തിയെ  ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി, നട അടച്ച ശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുക്കും. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ച് മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയെ കലശാഭിഷേകം നടത്തി അവരോധിക്കും

.
വൃശ്ചികം ഒന്നായ നവംബര്‍ 17ന് പുലര്‍ച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ പൂജാ കര്‍മ്മം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി 16ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും. തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

നവ കേരളം തദ്ദേശകം 2.0: ജില്ലാ തല അവലേകന യോഗം 18 ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണം ഉള്‍പ്പെടെയുള്ളപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടക്കുന്ന നവ കേരളം തദ്ദേശകം 2.0 ന്റെ ജില്ലാ തല അവലേകന യോഗം ഈ മാസം 18 ന് രാവിലെ 10 ന് തിരുവല്ല ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പങ്കെടുക്കും.

സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉത്പന്നങ്ങളുടെ സൗജന്യ പരിശീലനം ഈ മാസം 22 മുതല്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ 8330010232 , 04682 270243 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

സര്‍വെയര്‍; അഭിമുഖം മാറ്റിവെച്ചു
സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം 15,16 തീയതികളില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സര്‍വെയര്‍മാരുടെ അഭിമുഖം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഡിജിറ്റല്‍ സര്‍വെ -ഹെല്‍പ്പര്‍ എഴുത്തുപരീക്ഷ
സര്‍വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെ- ഹെല്‍പ്പര്‍ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റില്‍ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരം ഹെല്‍പ്പര്‍ തസ്തികയിലേക്കുളള എഴുത്തു പരീക്ഷ ജില്ലയില്‍ ഈ മാസം 20 ന് രാവിലെ 10.30 മുതല്‍ 12.30 വരെ നിര്‍ദ്ദിഷ്ട പരീക്ഷാ കേന്ദ്രങ്ങളില്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നടത്തും. എന്റെ ഭൂമി പോര്‍ട്ടലില്‍ നിന്നും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട സര്‍വെ റേഞ്ച്  അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.

 

കേരളോത്സവം സംഘടിപ്പിച്ചു
നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു. കേരളോത്സവത്തിന്റെ ഉദ്ഘാടനം കടമ്മനിട്ട ഗവ. എല്‍പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യ അധ്യക്ഷത വഹിച്ചു. ക്രിക്കറ്റ്, ഫുട്ബോള്‍, അത്‌ലറ്റിക്സ് മത്സരങ്ങള്‍ കടമനിട്ട മൗണ്ട് സിയോണ്‍ എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിലും വോളി ബോള്‍, ബാഡ്മിന്റണ്‍, കലാമത്സരങ്ങള്‍ എന്നിവ കടമ്മനിട്ട ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും നടന്നു.

കേരളോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം കടമ്മനിട്ട ഗവ. എല്‍.പി സ്‌കൂളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്‍. അനീഷ  നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. സമാപന സമ്മേളനത്തില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യാ, വാര്‍ഡ് മെമ്പര്‍മാരായ കടമനിട്ട കരുണാകരന്‍, അഖില്‍ നന്ദനന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലളിത സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 15 വയസ് മുതല്‍ 40 വയസ് വരെയുള്ള യുവജനങ്ങള്‍ക്കായി വ്യക്തിഗതമായും ക്ലബ് അടിസ്ഥാനത്തിലുമാണ് കേരളോത്സവം കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
(


റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നം.123/17)തസ്തികയിലേക്ക് 03.10.2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 507/19/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയുടെ മൂന്നു വര്‍ഷ കാലാവധി 03.10.2022 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ (02.10.2022 അവധി) റാങ്ക് പട്ടിക 04.10.2022 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 03.10.2022 തീയതി അര്‍ധരാത്രി മുതല്‍ റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

കേരളോത്സവം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 19, 20 തീയതികളില്‍ നടക്കും. 15 നും 40 നും ഇടയില്‍ പ്രായമുളള മത്സരാര്‍ത്ഥികള്‍ 17 ന് പകല്‍ മൂന്നിന് മുന്‍പായി അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം  ഫോട്ടോയും എസ്.എസ്.എല്‍.സി ബുക്കിന്റെ കോപ്പിയും ഹാജരാക്കണം. ഫോണ്‍: 0468 2350237

ടെന്‍ഡര്‍

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴില്‍ റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് പരിധിയിലെ രുദ്രകലാനിലയം വാദ്യമേള ഗ്രൂപ്പിന് ചെണ്ട, വലംതല, ഇലത്താളം, തോള്‍ക്കച്ച തുടങ്ങിയ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍ / വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കേണ്ട അവസാന തീയതി നവംബര്‍ 29. ഫോണ്‍ : 04735 227703.

ക്വട്ടേഷന്‍
തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എച്ച്ഡി ക്വാളിറ്റിയില്‍ അഞ്ച് മിനിട്ട് ദൈര്‍ഘ്യമുളള ഡോക്യുമെന്റേഷന്‍ വീഡിയോയും ബോധവല്‍ക്കരണ വീഡിയോയും തയാറാക്കുന്നതിന് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ഈ മാസം 16ന് വൈകുന്നേരം നാലിന് മുന്‍പായി ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2 322 014, 8129 557 741.

ക്വട്ടേഷന്‍
മിഷന്‍ ഗ്രീന്‍ ശബരിമല 2022-23 ന്റെ ഭാഗമായി വിവിധ ഭാഷകളിലുള്ള സന്ദേശങ്ങളടങ്ങിയ 18 സെ.മീ x 14 സെ.മീ അളവിലുള്ള 10000 പോക്കറ്റ് കാര്‍ഡുകള്‍ (270ജി.എസ്.എം, ഫോള്‍ഡര്‍ടൈപ്പ്, ആര്‍ട്ട്കാര്‍ഡ്, ഡബിള്‍സൈഡ് പ്രിന്റ്, ഫോര്‍കളര്‍) തയാറാക്കുന്നതിന് പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ നവംബര്‍ 16ന് പകല്‍ മൂന്നിന് മുന്‍പായി ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2 322 014, 8129 557 741.

ശബരിമല സുരക്ഷാ യാത്ര  (15)
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാസ്ഥിതി ഉള്‍പ്പെടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്  (നവംബര്‍ 15) പത്തനംതിട്ടയില്‍നിന്നും പമ്പ വരെയും പമ്പയില്‍ നിന്നും സന്നിധാനം വരെയും സുരക്ഷാ യാത്ര നടത്തും. സുരക്ഷായാത്ര രാവിലെ ഒന്‍പതിന് ആരംഭിക്കും.

രിരക്ഷ പദ്ധതി
ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിയന്തിര പ്രാഥമിക ശുശ്രൂഷ നല്‍കല്‍,അടിയന്തിര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഭക്ഷണം നല്‍കല്‍ എന്നിവയ്ക്ക് പദ്ധതി പ്രകാരം ആനുകൂല്യം നല്‍കും.
താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, മണ്ണില്‍ റീജന്‍സീസ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468 2325168
(
മാതൃജ്യോതി

ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം 2,000 രൂപ ക്രമത്തില്‍ കുഞ്ഞിന് രണ്ടുവയസ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 25. ഫോണ്‍: 0468 2325168

വിജയാമൃതം പദ്ധതി
വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയോ വീട്ടിലിരുന്നോ പഠിച്ച് ഡിഗ്രി തത്തുല്യ കോഴ്സ്, പിജി/പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നീ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം എന്ന തരത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷി ഉള്ളവരും ഡിഗ്രി തത്തുല്യ കോഴ്സുകള്‍ക്ക് (ആര്‍ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം, സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനം, പി ജി പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 60 ശതമാനം) മാര്‍ക്ക് നേടിയവരുമായിരിക്കണം. അപേക്ഷകര്‍ ആദ്യ അവസരത്തില്‍ തന്നെ പാസായവരും 2021-22 വര്‍ഷത്തില്‍ കോഴ്സ് പൂര്‍ത്തീകരിച്ചിട്ടുള്ളവരുമായിരിക്കണം.
താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 25. ഫോണ്‍: 0468 2325168

ആലോചനായോഗം നവംബര്‍ 17 ന്
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനായോഗം ഈ മാസം 17 ന് മൂന്നിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഭിന്നശേഷിക്കാരുടെ ക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടേയും സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ്, ബിആര്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍  യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

error: Content is protected !!