പമ്പ- ശബരിമല (1980 -81 വര്‍ഷത്തിലെ ചിത്രങ്ങള്‍
അയ്യപ്പസ്വാമി- ജനനവും ചരിത്രവും
മധുര, തിരുനെല്‍വേലി, രാമനാഥപുരം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടന്ന പാണ്ഡ്യരാജവംശത്തിന്റെ ഭരണാധികാരിയായിരുന്ന തിരുമലനായ്ക്കരാല്‍ പുറത്താക്കപ്പെട്ട പാണ്ഡയരാജവംശത്തിലെ അംഗങ്ങള്‍ വള്ളിയൂര്‍, തെങ്കാശി,ചെങ്കോട്ട, അച്ചന്‍കോവില്‍, ശിവഗിരി എന്നിവിടങ്ങളില്‍ താമസിച്ചുവന്നു. തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളില്‍ അവര്‍ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തിരുന്നു. ശിവഗിരിയിലെ ചെമ്പഴനാട്ടുകോവിലിലുള്ള ചിലര്‍ക്ക് തിരുവിതാംകൂര്‍ രാജാവ് പന്തളരാജ്യം ഭരിക്കാനുള്ള അവകാശം നല്‍കിയിരുന്നു. എണ്ണൂറു വര്‍ഷം മുമ്പ് ഈ രാജവംശത്തിലാണ് അയ്യപ്പസ്വാമിയുടെ വളര്‍ത്തച്ഛനായ രാജശേഖരന്‍ എന്ന രാജാവ് ജീവിച്ചിരുന്നത്.
നീതിമാനും ധര്‍മ്മനിഷ്ഠനുമായ രാജാവിന്റെ ഭരണത്തിന്‍കീഴില്‍ ജനങ്ങള്‍ സന്തുഷ്ടരായി കഴിയുകയും രാജ്യം സുവര്‍ണ്ണകാലഘട്ടത്തിന് സാക്ഷ്യംവഹിക്കുകയും ചെയ്തു. എന്നാല്‍, ഒരു ദുഃഖം രാജാവിനെ വിട്ടുമാറാതെ പിന്തുടര്‍ന്നു. അദ്ദേഹത്തിന് പുത്രസൗഭാഗ്യം ലഭിച്ചില്ല. അതിനാല്‍ ചെങ്കോലേന്താന്‍ ഒരു അനന്തരാവകാശി ഇല്ലാതായി. നിസ്സഹായരായ രാജാവും രാജ്ഞിയും ശിവഭഗവാനോട് ഒരു കുഞ്ഞിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുവന്നു.
ഇതേകാലത്തു തന്നെ മഹിഷാസുരന്‍ എന്ന അസുര രാജാവ് കഠിനതപസ്സിലൂടെ ഭൂമിയില്‍ ആര്‍ക്കും തന്നെ വധിക്കാന്‍ സാധിക്കരുതെന്ന വരം ബ്രഹ്മാവില്‍ നിന്ന് നേടിയെടുത്തു. ബ്രഹ്മാവിന്റെ വരത്തിലൂടെ അഹങ്കാരിയായിത്തീര്‍ന്ന മഹിഷാസുരന്‍ ജനങ്ങളെ കൂട്ടമായി നിഗ്രഹിക്കുകയും പുരങ്ങളും ജനപഥങ്ങളും തകര്‍ക്കുകയും ചെയ്തു. ഭീതിപൂണ്ടജനങ്ങള്‍ അന്യദേശങ്ങളിലേക്ക് പലായനംചെയ്തു. അമാനുഷിക ശക്തിയുള്ളവര്‍ക്കു മാത്രമേ മഹിഷാസുരനെ വധിക്കാന്‍ കഴിയുകയുള്ളൂ എന്നു മനസ്സിലാക്കിയ ദേവന്മാര്‍ ദുര്‍ഗ്ഗാദേവിയെ അഭയം പ്രാപിക്കുകയും രക്തരൂക്ഷിതമായ യുദ്ധത്തിനൊടുവില്‍ ദേവി അയാളെ വധിക്കുകയുംചെയ്തു.
മഹിഷാസുരന്റെ സഹോദരിയായ മഹിഷി തന്റെ സഹോദരന്‍ വധിച്ചതിനു പ്രതികാരം ചെയ്യാന്‍ ഉറച്ച് ബ്രഹ്മാവിനെ തപസ്സുചെയ്ത്, വിഷ്ണുവിനും(ഹരി) ശിവനുമായി(ഹരന്‍) ജനിക്കുന്ന സന്താനത്തിനല്ലാതെ മറ്റാര്‍ക്കും തന്നെ വധിക്കാനാകരുതെന്ന് വരം വാങ്ങി. ഉടന്‍തന്നെ മഹിഷി ദേവലോകത്തേക്ക് പുറപ്പെട്ട് ദേവന്മാരെ ദ്രോഹിക്കാനാരംഭിച്ചു. പൊറുതിമുട്ടിയ ദേവന്മാര്‍ വിഷ്ണുവിനെ അഭയം പ്രാപിച്ചു. മഹിഷി നേടിയ വരത്തെക്കുറിച്ചു മനസ്സിലാക്കി, അസുരന്മാരില്‍ നിന്ന് അമൃത് അപഹരിച്ച് ദേവന്മാര്‍ക്കു നല്‍കാന്‍ വിഷ്ണു സ്വീകരിച്ച മോഹിനീവേഷം കൈക്കൊണ്ട് ശിവനുമായി ചേര്‍ന്ന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആ കുഞ്ഞിനെ സന്താനങ്ങളില്ലാതെ ദുഃഖിച്ചു കഴിയുന്ന ശിവഭക്തനായ പന്തളരാജാവ് രാജശേഖരന്റെ സംരക്ഷണയില്‍ വളര്‍ത്താന്‍ തീരുമാനിച്ചു.
ഒരിക്കല്‍ പമ്പാനദിയുടെ തീരത്തുള്ള വനത്തില്‍ വേട്ടയ്ക്കായി ചെന്ന പന്തളരാജാവ് പ്രകൃതിഭംഗിയിലും വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയിലും മുഴുകി നില്‍ക്കവേ വനത്തിനുള്ളില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. അമ്പരന്നുപോയ രാജാവ് ആ ശബ്ദത്തെ പിന്തുടര്‍ന്ന് കൈകാലിട്ടടിക്കുന്ന ഒരു ഓമനക്കുഞ്ഞിന്റെ മുന്നില്‍ എത്തിച്ചേര്‍ന്നു. കൗതുകപൂര്‍വം കുഞ്ഞിനെ നോക്കിനിന്ന രാജാവ് ആ ഓമനപ്പൈതലിനെ കൊട്ടാരത്തിലേക്കു കൊണ്ടുപോകാന്‍ കൊതിച്ചു.
കുഞ്ഞിനുമേല്‍ ദൃഷ്ടിപതിപ്പിച്ചു നിന്ന് രാജാവിനു മുമ്പില്‍ ഒരു സന്ന്യാസി പ്രത്യക്ഷപ്പെട്ട് ആ കുഞ്ഞിനെ കൊട്ടാരത്തിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കി. ഈ കുട്ടിയുടെ സാന്നധ്യം കൊണ്ട് രാജവശംശത്തിനു മേലുള്ള കരിനിഴലുകള്‍ നീങ്ങുമെന്നും അവന് പന്ത്രണ്ട് വയസ്സു തികയുമ്പോള്‍ അവന്റെ ദിവ്യത്വം വെളിവാകുമെന്നും സന്ന്യാസി രാജശേഖരനെ ഉണര്‍ത്തിച്ചു. കുഞ്ഞിന്റെ കഴുത്തിലെ സ്വര്‍ണ്ണമാല കണ്ട സന്ന്യാസി അവനെ മണികണ്ഠന്‍ എന്നു നാമകരണം ചെയ്യാന്‍ രാജാവിനെ ഉപദേശിച്ചു. ഹര്‍ഷോന്മാദത്തോടെ രാജശേഖരന്‍ കുഞ്ഞിനെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി നടന്ന സംഭവങ്ങളെല്ലാം രാജ്ഞിയെ അറിയിച്ചു. ശിവന്റെ അനുഗ്രഹത്താലാണ് ഇതെല്ലാം ഭവിച്ചതെന്ന് അവര്‍ ഇരുവരും വിശ്വസിച്ചു. രാജശേഖരനു ശേഷം രാജാവാകാന്‍ കൊതിച്ചിരുന്ന ദിവാന്‍ ഒഴികെയുള്ള എല്ലാരും രാജദമ്പതികളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടിയായിരുന്നിട്ടും മണികണ്ഠന്‍ ബുദ്ധിമാനും പക്വമതിയും ആയിരുന്നു. ആയോധനവിദ്യയിലും ശാസ്ത്രങ്ങളിലും പ്രാഗല്‍ഭ്യം പ്രകടിപ്പിച്ച മണികണ്ഠന്‍ തന്റെ ബുദ്ധിശക്തികൊണ്ടും അമാനുഷികപ്രതിഭകൊണ്ടും ഗുരുവിനെ അതിശയിപ്പിച്ചു. പന്തളത്ത് സമാധാനവും ഐശ്വര്യവും പുലര്‍ന്നു. കുട്ടി കേവലമായ ഒരു നശ്വരജന്മമല്ലെന്നും അവനില്‍ ദിവ്യചൈതന്യം കുടികൊള്ളുന്നു എന്നുമുള്ള നിഗമനത്തില്‍ അയ്യപ്പന്റെ ഗുരു എത്തിച്ചേര്‍ന്നു.പഠനം പൂര്‍ത്തിയാക്കിയ മണികണ്ഠന്‍ യഥോചിതം ഗുരുദക്ഷിണ നല്‍കാനും ഗുരുവിന്റെ അനുഗ്രഹം നേടാനുമായി പുറപ്പെട്ടു.
അമാനുഷികപ്രഭാവമുള്ള ദിവ്യശക്തിയുടെ ഉടമയാണ് അവന്‍ എന്ന തന്റെ വിശ്വാസം ആശിസ്സുതേടി എത്തിയ മണികണ്ഠനെ ഗുരു അറിയിച്ചു. അന്ധനും ബധിരനുമായ തന്റെ പുത്രന് കാഴ്ചയും സംസാരശേഷിയും നല്‍കി അനുഗ്രഹിക്കണമെന്ന് അദ്ദേഹം ശിഷ്യനോട് അഭ്യര്‍ത്ഥിച്ചു. മണികണ്ഠന്‍ ഗുരുപുത്രന്റെ ശിരസ്സില്‍ കൈവച്ചതും അവന് കാഴ്ചയും സംസാരശേഷിയും കൈവന്നു. താന്‍ ചെയ്ത അദ്ഭുതപ്രവൃത്തി ആരോടും പറയരുതെന്ന് അഭ്യര്‍ത്ഥിച്ച് മണികണ്ഠന്‍ രാജകൊട്ടാരത്തിലേക്ക് മടങ്ങി.
തന്റെ പദ്ധതികള്‍ പൊളിയുന്നതു കണ്ട് നിരാശനായിത്തീര്‍ന്ന ദിവാന്‍ രാജ്ഞിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. സ്വന്തം മകന്‍ ജീവിച്ചിരിക്കുമ്പോള്‍ മണികണ്ഠനെ അനന്തരാവകാശിയാക്കുന്നത് അനുചിതമാണെന്ന് അയാള്‍ രാജ്ഞിയെ ധരിപ്പിച്ചു. അര്‍ത്ഥശാസ്ത്രപ്രകാരം ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നതിനാല്‍ അസുഖം അഭിനയിക്കാന്‍ ദിവാന്‍ രാജ്ഞിയെ ഉപദേശിച്ചു. അയാളുടെ നിയന്ത്രണത്തിലുള്ള വൈദ്യന്‍ രാജ്ഞിയുടെ അസുഖം മാറാന്‍ പുലിപ്പാല്‍ വിധിക്കും. പുലിപ്പാല്‍ തേടി പുറപ്പെടുന്ന മണികണ്ഠന്‍ നരഭോജികള്‍ക്ക് ഇരയായിത്തീരും. ചുമതല നിറവേറ്റാന്‍ കഴിയാതെ പരാജിതനായാണ് മടങ്ങുന്നതെങ്കില്‍ സ്വാഭാവികമായി അവന്റെ മേലുള്ള രാജശേഖരന്റെ പ്രീതി ക്ഷയിക്കുകയും ചെയ്യും. പുത്രസ്നേഹത്താല്‍ അന്ധയായിത്തീര്‍ന്ന രാജ്ഞി ദിവാന്റെ വാക്കുകള്‍ വിശ്വസിക്കുകയും അയാള്‍ നിര്‍ദ്ദേശിച്ചതുപോലെ താങ്ങാനാകാത്ത തലവേദനയാല്‍ താന്‍ വലയുന്നതായി രാജാവിനെ ധരിപ്പിക്കുകയും ചെയ്തു. രാജാവില്‍ പരിഭ്രാന്തി വളരുകയും കൊട്ടാരം വൈദ്യനെ വിളിച്ചുവരുത്തുകയും ചെയ്തു. എത്ര ശ്രമിച്ചിട്ടും രാജ്ഞിയുടെ രോഗം എന്തെന്ന് മനസ്സിലാക്കാന്‍ കൊട്ടാരംവൈദ്യനു കഴിഞ്ഞില്ല. ഈ തക്കം മുതലെടുത്ത് ദിവാന്‍ ഏര്‍പ്പാടാക്കിയ വൈദ്യന്‍ രംഗത്തുവന്ന് ഈറ്റപ്പുലിയുടെ പാല്‍ മാത്രമേ രാജ്ഞിയുടെ അസുഖത്തിന് പ്രതിവിധിയായിട്ടുള്ളുവെന്ന് അറിയിച്ചു. നിസ്സഹായയാ രാജ്ഞിയുടെ അസുഖം ഭേദമാക്കുന്നവര്‍ക്ക് അര്‍ദ്ധരാജ്യം നല്‍കുന്നതാണെന്ന് രാജശേഖരന്‍ വിളംബരംചെയ്തു.
പുലിപ്പാല്‍ ശേഖരിക്കാന്‍ രാജശേഖരന്‍ നിയോഗിച്ച പട്ടാളക്കാരുടെ സംഘം വെറുകൈയോടെ മടങ്ങിയെത്തി. മണികണ്ഠന്‍ പുറപ്പെടാന്‍ ഒരുങ്ങിയെങ്കിലും അവന്റെ ഇളംപ്രായവും വരാനിരിക്കുന്ന കിരീടധാരണവും ചൂണ്ടിക്കാട്ടി രാജശേഖരന്‍ അവനെ പിന്തിരിപ്പിച്ചു. കുടുംബത്തിനായി ഒരു ഉപകാരം ചെയ്യാനെങ്കിലും തന്നെ അനുവദിക്കണമെന്ന് ദൃഢനിശ്ചയത്തോടുകൂടി മണികണ്ഠന്‍ പിതാവിനോട് ആവശ്യപ്പെട്ടു.ചുമതലാബോധമുള്ള പിതാവെന്ന നിലയില്‍ മകന്റെ അഭ്യര്‍ത്ഥന അദ്ദേഹം നിരസിച്ചുവെങ്കലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പുലിപ്പാലിനായികാട്ടിലേക്ക് പുറപ്പെടാന്‍ മണികണ്ഠനെ അദ്ദേഹത്തിന് അനുവദിക്കേണ്ടിവന്നു. മണികണ്ഠനു സഹായത്തിനായി ധീരരായ ഭടന്മാരുടെ ഒരുസംഘത്തെക്കൂടെ കാട്ടിലേക്ക് അയക്കാന്‍ രാജശേഖരന്‍ ശ്രമിച്ചുവെങ്കിലും ആള്‍ക്കൂട്ടംകണ്ടാല്‍ പുലി അകന്നുപോകുമെന്ന കാരണം പറഞ്ഞ് അവന്‍ അത് ഒഴിവാക്കി. ഭക്ഷണസാമഗ്രികളും ശിവഭക്തിയുടെ സൂചകമായ മൂന്നു കണ്ണുള്ള പേങ്ങയും നല്‍കി വാല്‍സല്യനിധിയായ പിതാവ് മകനെ യാത്രയാക്കി.
മണികണ്ഠന്‍ കാട്ടില്‍ പ്രവേശിച്ചപ്പോള്‍ ശിവഭഗവാന്റെ പഞ്ചഭുതങ്ങള്‍ ഒപ്പം കൂടി. യാത്രാമധ്യ,ദേവലോകത്ത് മഹിഷി നടത്തിവരുന്ന അതിക്രമങ്ങള്‍ മണികണ്ഠന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാളിലെ നീതിബോധം ഉണര്‍ന്നു. മഹിഷിയെ മണികണ്ഠന്‍ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. അവള്‍ അഴുതാനദിയുടെ കരയില്‍ വന്നു പതിച്ചു. ഇരുവരും തമ്മില്‍ പൊരിഞ്ഞ പോരാട്ടംതന്നെ നടന്നു. ഒടുവില്‍ മണികണ്ഠന്‍ മഹിഷിയുടെ മാറത്തു കയറി താണ്ഡവനൃത്തം ചവിട്ടി. അതിന്റെ പ്രതിധ്വനി ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ചെന്നലച്ചു. ദേവന്മാര്‍പോലും ഭയചകിതരായി. തന്റെമേല്‍ നൃത്തമാടുന്നത് ഹരിഹരന്മാരുടെ പുത്രനായ പുണ്യപുരുഷനാണെന്നു മനസ്സിലാക്കിയ മഹിഷി ആ കൊച്ചുബാലനെ വണങ്ങി മരണത്തിനു കീഴടങ്ങി.
ശിവഭഗവാനും മഹാവിഷ്ണുവും കാളകെട്ടിയുടെ മുകളില്‍നിന്ന് ആ നൃത്തം വീക്ഷിക്കുകയായിരുന്നു. (മഹിഷീരൂപംപൂണ്ട, കവലന്‍ എന്ന കറമ്പന്റെ മകളായ ലീല ശ്രീധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്തോടെ ശാപമോക്ഷം നേടി മാളികപ്പുറത്തമ്മയായെന്നും ഐതിഹ്യമുണ്ട്. ആ പേരില്‍ അവര്‍ക്ക് ഒരു ക്ഷേത്രമുണ്ട്. )
മഹിഷീനിഗ്രഹത്തിനു ശേഷം മണികണ്ഠന്‍ പുലിപ്പല്‍ ശേഖരിക്കാനായി വനത്തിനുള്ളില്‍ പ്രവേശിച്ചു. ശിവഭഗവാന്‍ അവിടെവച്ച് മണികണ്ഠന് ദര്‍ശനം നല്‍കുകയും അവന്റെ ദിവ്യമായ ദൗത്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നും ഇനിയും ഒരു കര്‍ത്തവ്യംകൂടെ നിറവേറ്റാനുണ്ടെന്നും അറിയിച്ചു. മണികണ്ഠന്റെ ദുഖാര്‍ത്തനായ പിതാവിനെക്കുറിച്ചും രോഗബാധിതയായ മാതാവിനെക്കുറിച്ചും ഓര്‍മ്മിപ്പിച്ച ദേവന്‍ വിലപ്പെട്ട പുലിപ്പാല്‍ ശേഖരിക്കാന്‍ ദേവേന്ദ്രന്റെ സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു. ദേവേന്ദ്രന്‍ പുലിയുടെ രൂപത്തില്‍ മണികണ്ഠനോടൊപ്പം രാജകൊട്ടാരത്തിലേക്ക് പുറപ്പെട്ടു. മറ്റു ദേവന്മാര്‍ ആണ്‍പുലികളായും ദേവസ്ത്രീകള്‍ പെണ്‍പുലികളായും അവരെ അനുഗമിച്ചു.
കുട്ടിയും പുലികളും വരുന്നതുകണ്ട് ഭയപ്പെട്ട പന്തളവാസികള്‍ ഓടിച്ചെന്ന് വീടുകളില്‍ ഒളിച്ചു. പെട്ടെന്ന് അദ്ഭുതസ്ഥബ്ധനായി നിന്ന ചക്രവര്‍ത്തിയുടെ മുന്നില്‍, പണ്ട് കാട്ടില്‍വച്ച് കുഞ്ഞിന്റെ കരച്ചില്‍കേട്ട് ശങ്കിച്ചു നിന്ന സമയത്ത് പ്രത്യക്ഷപ്പെട്ട് ഉപദേശങ്ങള്‍ നല്‍കിയ അതേ സന്യാസി ആഗതനായി മണികണ്ഠന്റെ പരുള്‍ വെളിപ്പെടുത്തി. മണികണ്ഠന്‍ പുലികളോടൊപ്പം കൊട്ടാരത്തിന്റെ കവാടത്തോട് അടുക്കാന്‍ തുടങ്ങിയപ്പോള്‍ രാജാവില്‍ മൗനവും വിഷാദവും നിറഞ്ഞു. പുലിപ്പുറത്തുനിന്ന് ഇറങ്ങിയ കുട്ടി ചക്രവര്‍ത്തിയോടു പറഞ്ഞു, ഈറ്റപ്പുലിയെ കൊണ്ടുവന്നിട്ടുണ്ട് ഇനി എത്രയും വേഗം പാല്‍ ശേഖരിച്ച് അമ്മയുടെ അദ്ഭുതരോഗത്തിന് ശമനം വരുത്താം. അധികനേരം പിടിച്ചുനില്‍ക്കാനകാതെ രാജശേഖരന്‍ ബാലന്റെ പാദങ്ങളില്‍ വീണ് മാപ്പിരന്നു. ഒടുവില്‍ രാജ്ഞിയുടെ കപടനാടകം പുറത്തായനിമിഷം മണികണ്ഠന്‍ വനത്തിലേക്ക് യാത്രയായി. കാട്ടില്‍നിന്ന് മടങ്ങിയെത്തിയപ്പോള്‍ മണികണ്ഠന് പന്ത്രണ്ട് വയസ്സായിരുന്നു.
തന്റെ മകന്‍ നാടുവിട്ട് കാട്ടില്‍ പോകാന്‍ കാരണക്കാരനായ ദിവാനാനെ ശിക്ഷിക്കാന്‍ രാജശേഖരരാജാവ് തീരുമാനിച്ചു. എന്നാല്‍ എല്ലാം ദൈവഹിതം അനുസരിച്ച് സംഭവിച്ചതാണെന്നും സംയമനം പാലിക്കണമെന്നും മണികണ്ഠന്‍ ഉപദേശിച്ചു. തന്റെ അവതാരോദ്ദേശ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞതിനാല്‍ താന്‍ ദേവലോകത്തെക്ക് മടങ്ങുകയാണെന്നും പിതാവിനെ മണികണ്ഠന്‍ അറിയിച്ചു. തന്നോടു പുലര്‍ത്തിയ ഭക്തിവിശ്വാസങ്ങളില്‍ തനിക്ക് സന്തുഷ്ടിയുണ്ടെന്നും അതിനുള്ള പ്രതിഫലം എന്ന നിലയില്‍ രാജാവിന് ഇഷ്ടപ്പെട്ട ഒരു വരം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും കുട്ടി അദ്ദേഹത്തെ ഉണര്‍ത്തിച്ചു. മണികണ്ഠന്റെ സ്മരണയ്ക്കായി ഒരു ക്ഷേത്രം പണിയാന്‍ ആഗ്രഹമുണ്ടെന്നും അതിലേക്ക് പറ്റിയ സ്ഥാനം കാണിച്ചുകൊടുക്കണമെന്നും തല്‍ക്ഷണം രാജാവായ രാജശേഖരന്‍ അപേക്ഷിച്ചു. മണികണ്ഠന്‍ ഒരു അമ്പ് എയ്യുകയും അത് ശ്രീരാമന്റെ കാലത്ത് ശബരി എന്നുപേരായ സന്ന്യാസി തപസ്സനുഷ്ഠിച്ച ശബരി എന്ന സ്ഥലത്ത് ചെന്നു പതിക്കുകയും ചെയ്തു.ആ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം മണികണ്ഠസ്വാമി അപ്രത്യക്ഷനായി.
പിന്നീട് അഗസ്ത്യമുനിയുടെ ഉപദേശപ്രകാരം രാജശേഖരന്‍ ശബരിമലയില്‍ ക്ഷേത്രത്തിനുള്ള തറക്കല്ലിട്ടു. ഐഹികസുഖങ്ങളില്‍ നിന്നും ദാമ്പത്യജീവിതത്തില്‍ നിന്നും അകന്നു നിന്ന് നാല്പത്തൊന്നു ദിവസത്തെ വ്രതംനോറ്റ് ദര്‍ശനത്തിന് എത്തുന്നവരില്‍ മാത്രമേ തന്റെ അനുഗ്രഹം പതിയുകയുള്ളുവെന്ന് മണികണ്ഠസ്വാമി അസന്നിഗ്ധമായി പ്രസ്താവിക്കുകയുണ്ടായി. നന്മയുടെ വെളിച്ചം വീശുന്ന ബ്രഹ്മചാരിയുടേതിന് തുല്യമായ ജീവിതം നയിക്കുന്ന ഇവരെ അയ്യപ്പന്മാര്‍ എന്ന് വിളിച്ചുവരുന്നു. പുലിപ്പാല്‍ ശേഖരിക്കാന്‍ ഭഗവാന്‍ യാത്ര പുറപ്പെട്ടത് ഒര്‍മ്മിപ്പിക്കുന്ന വിധത്തില്‍ മാലകളാല്‍ അലങ്കരിച്ച മൂന്നു കണ്ണുള്ള തേങ്ങയും അവശ്യംവേണ്ട ഭക്ഷണവും ഏന്തി പമ്പയില്‍ കുളിച്ച് ശരണമന്ത്രങ്ങള്‍ മുഴക്കി ഭക്തന്മാര്‍ പതിനെട്ടാംപടി കയറുന്നു.
രാജശേഖരരാജാവ് സമയബന്ധിതമായി ക്ഷേത്രത്തിന്റെ നിര്‍മ്മാണവും ക്ഷേത്രസമുഛയത്തിലേക്കു നയിക്കുന്ന പവിത്രമായ പതിനെട്ടു പടികളും നിര്‍മ്മിച്ചു. പമ്പ പവിത്രമായ ഗംഗ പോലെയും ശബരിമല കാശി പോലെയുമാണെന്ന ഭഗവാന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട് ദര്‍ശനപുണ്യത്തിനായി ധര്‍മ്മശാസ്താവിന്റെ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ശ്രമകരമായ കര്‍മ്മത്തില്‍ അദ്ദേഹം ഏര്‍പ്പെട്ട്. സമുദ്രത്തില്‍ നിന്ന് കേരളത്തെ വീണ്ടെടുത്ത പരശുരാമന്‍, ധര്‍മ്മശാസ്താവിന്റെ നിയോഗപ്രകാരം മകരസംക്രന്തിദിനത്തില്‍ അയ്യപ്പന്റെ രൂപം കൊത്തിയെടുത്ത് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
ധര്‍മ്മശാസ്താവായ അയ്യപ്പനെ ഒരു നോക്കു കാണാന്‍ എല്ലാ വര്‍ഷവും ജാതിമതഭേദമെന്യേ കോടിക്കണക്കിനു ഭക്തര്‍ ഇരുമുടിക്കെട്ടും ജമന്തിമാലയും ധരിച്ച് ശരണമന്ത്രങ്ങള്‍ ഉരുവിട്ട് പമ്പയില്‍ കുളിച്ച് പതിനെട്ടാം പടി ചവിട്ടുന്നു.
നിലയ്ക്കല്‍ ഗവ. ആശുപത്രി ഹെല്‍പ് ലൈന്‍ (ആംബുലന്‍സ്) 1298
സേഫ് സോണ്‍ 09400044991, 09656501818
ശബരിമലയിലെ പോലീസ് കണ്‍ട്രോള്‍ റൂം, ഹെല്‍പ് ലൈന്‍
04735-202100
04735-202016
7025800100
99461 00100
പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ 04735- 202029
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് 9400044991, 9539010201