Trending Now

ശബരിമല വാര്‍ത്തകള്‍ .വിശേഷങ്ങള്‍ , അറിയിപ്പുകള്‍ (23/11/2021 )

 

ശബരിമല തീര്‍ഥാടനം:90 കോട്പ കേസെടുത്തു; 18000 രൂ പിഴ ഈടാക്കി

എക്‌സൈസ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍നടത്തിയ പരിശോധനയില്‍ പുകയില ഉത്പ്പന്നങ്ങളും, ബീഡികളും കണ്ടെടുത്തു. കോട്പ നിയമപ്രകാരം 90 കേസുകള്‍ എടുക്കുകയും 18000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അട്ടത്തോട് പ്ലാപ്പള്ളി വനമേഖലയിലും സ്‌ക്വാഡ് പരിശോധന നടത്തി വരുന്നു. ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. ഹരികുമാര്‍ അറിയിച്ചു. ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പന സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുള്ള നമ്പര്‍: പമ്പ 04735-203432, നിലയ്ക്കല്‍ 04735- 205010, സന്നിധാനം 04735-202203.

ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി ശബരിമലയില്‍ ആയുര്‍വേദ കേന്ദ്രം സജ്ജം

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി വൈവിധ്യമാര്‍ന്ന ചികില്‍സകളും മരുന്നുകളുമാണ് ആയുര്‍വേദ വകുപ്പ് സന്നിധാനത്തെയും പമ്പയിലെയും ചികില്‍സാ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 14 പേരടങ്ങുന്ന ചികില്‍സാ കേന്ദ്രമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫാര്‍മസിസ്റ്റ്, മൂന്ന് അറ്റന്‍ഡര്‍മാര്‍, രണ്ട് തെറാപ്പിസ്റ്റ്, ഒരു സ്വീപ്പര്‍ എന്നിങ്ങനെയാണ് വിന്യാസം. നാലു ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം ലഭ്യമാണ്.
ഗുളിക, അരിഷ്ടം, ലേഹ്യം, പൊടികള്‍, സിറപ്പ്, പേറ്റന്റുള്ള മരുന്നുകള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ശരാശി 200 പേര്‍ പ്രതിദിനം ആയുര്‍വേദ ചികില്‍സയ്ക്ക് എത്തുന്നുണ്ടെന്ന് ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. പനി, തൊണ്ടവേദന, മസില്‍ പെയിന്‍, തോള്‍വേദന, ഗ്യാസ്ട്രബിള്‍, എരിച്ചില്‍, ദഹനക്കേട് തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ഭക്തര്‍ ഇവിടെ ആയുര്‍വേദ ചികില്‍സയ്ക്ക് എത്തുന്നത്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ആശ്രയിക്കുന്നതും ആയുര്‍വേദ ആശുപത്രിയെയാണ്. ഭാരതീയ ചികിത്സാ വകുപ്പും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി തീര്‍ഥാടകര്‍ക്ക് പ്രതിരോധശക്തിക്കുള്ള കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കിയ പ്രതിരോധ പദ്ധതിയില്‍ ഉപയോഗിച്ച ഷഡംഗം ചൂര്‍ണം, അപരാജിത ധൂപം എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ഡ്യൂട്ടി ഓഫീസര്‍ പറഞ്ഞു.

സുഗമമായ മലകയറ്റത്തിന് ഇവ പാലിക്കാം

പമ്പയിലെത്തിയശേഷം അനായാസം മലകയറാം, അല്‍പ്പം ശ്രദ്ധിച്ചാല്‍. ആയുര്‍വേദാചാരപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കയറ്റത്തിലും ഇറക്കത്തിലും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം. വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ട് മലകയറരുത്. എപ്പോഴും പാതി വയര്‍ ഒഴിച്ചിട്ടിരിക്കണം. വിശപ്പ് തോന്നുമ്പോള്‍ അല്‍പ്പം ഭക്ഷണം കഴിക്കുക. ദാഹമകറ്റാന്‍ വയര്‍ നിറയെ വെള്ളം കുടിച്ചശേഷം മലകയറരുത്. ദാഹമകറ്റാന്‍ അല്‍പ്പം മാത്രം വെള്ളം കുടിക്കുക. വീണ്ടും ദാഹിക്കുമ്പോള്‍ വീണ്ടും അല്‍പ്പം വെള്ളം കുടിക്കുക. വയര്‍നിറയെ ഭക്ഷണമോ വെള്ളമോ ആയി മലകയറിയാല്‍ കൊളുത്തിപ്പിടുത്തം ഉണ്ടായേക്കാം. ഒറ്റ ശ്രമത്തില്‍ ദീര്‍ഘനേരം നടക്കുന്നതിനുപകരം ഇടയ്ക്ക് ഇടയ്ക്ക് മതിയായ രീതിയില്‍ വിശ്രമിച്ച ശേഷം മല കയറുക.

ശബരിമലയിലെ നാളത്തെ (24.11.2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. അഭിഷേകം
4.30 ന് …ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

 

error: Content is protected !!