Trending Now

കാറ്ററിങ് സർവീസ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ നിർദ്ദേശം നൽകി

 

കാറ്ററിങ് സർവീസുകാർ കല്യാണചടങ്ങുകളിലേക്കും മറ്റ് പരിപാടികളിലേക്കും ചടങ്ങുകളിലേക്കും നൽകുന്ന ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധയുണ്ടാകുന്നു എന്ന വാർത്തകളുടെ അടിസ്ഥാനത്തിലും കാറ്ററിങ് സർവീസുകളെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിക്കുന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലും പുതിയ മാർഗനിർദ്ദേശം നൽകി.
ഭക്ഷ്യസുരക്ഷാ ആക്ട് 2006 റൂൾസ് & റഗുലേഷൻസ് 2011 പ്രകാരം കാറ്ററിങ് സർവീസുകൾക്ക് എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധമാണ്.

ചില കാറ്ററിങ് സ്ഥാപനങ്ങൾ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല. കാറ്ററിങ് സ്ഥാപനങ്ങൾ ലൈസൻസ് എടുത്തിരിക്കണം.

ഭക്ഷണവസ്തുക്കൾ ശരിയായ ഊഷ്മാവിൽ സൂക്ഷിക്കണം. ശീതീകരിച്ച ഭക്ഷണം 5 ഡിഗ്രി സെൽഷ്യസിനു താഴെയും ചൂടുള്ള ഭക്ഷണം 60 ഡിഗ്രി സെൽഷ്യസിനു മുകളിലും സൂക്ഷിക്കണം.
കാറ്ററിങ് സ്ഥാപനങ്ങളിൽ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സാമ്പിളുകൾ നിർബന്ധമായും രണ്ട് ദിവസം കേടുവരാത്ത രീതിയിൽ സൂക്ഷിക്കുകയും പരിശോധനയ്ക്ക് ആവശ്യമെങ്കിൽ ഹാജരാക്കുകയും വേണം.

കാറ്ററിങ് സർവീസ് സ്ഥാപനത്തിലെ ഒരു സൂപ്പർവൈസർ എങ്കിലും എഫ്.എസ്.എസ്.എ.ഐയുടെ FoSTaC പരിശീലനം നേടിയിരിക്കണം. പരിശീലനം നേടിയ വ്യക്തി സ്ഥാപനത്തിലെ മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകണം. പരിശീലനം സംബന്ധിച്ച സംശയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാർ, ഭക്ഷ്യസുരക്ഷാ ഓഫീസർമാർ എന്നിവരുമായി ബന്ധപ്പെടണം.

കാറ്ററിങ് സർവീസിനായി ഓർഡർ നൽകുന്ന ഉപഭോക്താക്കൾ സ്ഥാപനങ്ങൾ (കാറ്ററിങ് ഏജൻസികൾ, ഹോട്ടലുകൾ, റെസ്റ്റാറന്റ്) ഭക്ഷ്യസുരക്ഷാ ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണം.
കാറ്ററിങ് സ്ഥാപനങ്ങളെ സംബന്ധിച്ചും ഹോട്ടലുകളെ സംബന്ധിച്ചും പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധകൾ ശക്തമാക്കുകയും നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കമ്മീഷണർ അറിയിച്ചു.