ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജം: കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ
കോന്നി വാര്‍ത്ത : (konnivartha.com )ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം സജ്ജമാണെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. പേമാരിയും, വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതങ്ങള്‍ വിലയിരുത്താന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗവും ചേര്‍ന്നു. 2018 ന്റെ അവസ്ഥയ്ക്ക് സമാനമായ നിലയിലാണ് അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയരുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും എം.എല്‍.എ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. കലഞ്ഞൂര്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ വെള്ളം കയറി. കമ്പ്യൂട്ടറുകള്‍ക്കും ഫയലുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും രംഗത്തിറങ്ങി പ്രവര്‍ത്തനങ്ങള്‍ നടത്തി. കലഞ്ഞൂര്‍ ഇടത്തറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍ വെള്ളം കയറി നാശ നഷ്ടമുണ്ടായി. കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. ഏനാദിമംഗലം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കായംകുളം -പത്തനാപുരം റോഡില്‍ ഗതാഗതം തടസപ്പെട്ടു.
പുനലൂര്‍-മൂവാറ്റുപുഴ റോഡിലും വെള്ളം കയറിയതിനാല്‍ കോന്നി വഴിയുള്ള ഗതാഗതം നിശ്ചലമായി.മാരൂര്‍പാലം, വകയാര്‍ ഭഗങ്ങളിലും റോഡില്‍ വെള്ളം കയറി. കോന്നി – അട്ടച്ചാക്കല്‍ -വെട്ടൂര്‍ റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മുരിങ്ങമംഗലം കല്ലറേത്ത് പടി മുതല്‍ അട്ടച്ചാക്കല്‍ വരെ റോഡ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. കൊക്കാത്തോട് ഒറ്റപ്പെട്ടു. അപ്പൂപ്പന്‍തോട് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മണ്ണീറ വനത്തിലൂടെ കൊക്കാത്തോട് ഭാഗത്തേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.
പാടം വണ്ടണി ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 80 ആളുകളെ മാറ്റിപാര്‍പ്പിച്ചു.ഇതില്‍ 32 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. തണ്ണിത്തോട്ടിലും വെള്ളം കയറി നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഇവിടം സന്ദര്‍ശിച്ചു.
കോന്നി മമ്മൂട് കരവേലി മഠം ഭാഗത്ത് മരങ്ങള്‍ കടപുഴകി വീണു.ഈ പ്രദേശത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എം.എല്‍.എയും ജില്ലാ കളക്ടറും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്ഥലം സന്ദര്‍ശിച്ചു. വെള്ളം കയറിയ വീടുകളില്‍ വലിയ നാശ നഷ്ടം ഉണ്ടായതായി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.ഗ്രഹോപകരണങ്ങള്‍ക്കുള്‍പ്പടെ വലിയ നാശ നഷ്ടം സംഭവിച്ചതായി ജനപ്രതിനിധികളും യോഗത്തില്‍ പറഞ്ഞു. പല വീടുകളുടെയും സംരക്ഷണഭിത്തിയും ഇടിഞ്ഞു. ഇതു മൂലം വീടുകളും തകര്‍ച്ചയിലായി.
ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്കി.ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ഒന്നാം പരിഗണന നല്കണമെന്ന് എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം. എന്തു പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടാലും മിനിറ്റുകള്‍ക്കകം അവിടെ എത്തിച്ചേരാന്‍ കഴിയണം. കുട്ട വഞ്ചിയുടെ സഹായം ഏതു ഭാഗത്തും വനം വകുപ്പ് ഉറപ്പാക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശം നല്കി. ആശുപത്രികളും ഏത് അടിയന്തര സാഹചര്യം നേരിടാനും സജ്ജമായിരിക്കണം. ആംബുലന്‍സുകള്‍, മണ്ണുമാന്തിയന്ത്രങ്ങള്‍, മരം മുറിച്ചു മാറ്റുന്നതിനുള്ള വാളുകള്‍, ലൈറ്റുകള്‍ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും വില്ലജ് അടിസ്ഥാനത്തില്‍ തയ്യാറാക്കി വയ്ക്കണമെന്നും യോഗം തീരുമാനിച്ചു.
എം.എല്‍.എയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,കോന്നിയുടെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ ജ്യോതി ലക്ഷ്മി, തഹസീല്‍ദാര്‍ കെ.ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചാങ്കൂര്‍ പാലത്തിനു സമീപം റോഡിന്റെ സംരക്ഷണഭിത്തി
തകര്‍ന്നത് കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചു
കോന്നി – അട്ടച്ചാക്കല്‍ -വെട്ടൂര്‍ റോഡില്‍ ചാങ്കൂര്‍ പാലത്തിനു സമീപം റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചു.കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്നാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്. കോന്നി – കുമ്പഴ റോഡില്‍ കെ.എസ്.ടി.പി നിര്‍മ്മാണം മൂലം ഗതാഗതം തിരിച്ചുവിട്ടതിനാല്‍ ഇപ്പോള്‍ വെട്ടൂര്‍ റോഡിനെയാണ് പ്രധാനമായി അശ്രയിക്കുന്നത്. ദീര്‍ഘദൂര ബസ് സര്‍വ്വീസ് ഉള്‍പ്പടെ ഇതുവഴിയാണ് കടന്നു പോകുന്നത്. റോഡ് അപകടാവസ്ഥയിലായാല്‍ ജനങ്ങളുടെ യാത്ര വളരെ ബുദ്ധിമുട്ടാകും.
ശബരിമല തീര്‍ത്ഥാടകരും ഉപയോഗിക്കുന്ന റോഡാണിത്. തങ്കയങ്കി ഘോഷയാത്രയും ഇതുവഴിയാണ് കടന്നു പോകുന്നത്. വെള്ളപ്പൊക്ക ശേഷം അടിയന്തരമായി സംരക്ഷണഭിത്തി ബലപ്പെടുത്തി നിര്‍മ്മാണം നടത്തണമെന്ന് എം.എല്‍.എ പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. ഗതാഗത തടസമുണ്ടാകാത്ത നിലയില്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും എം.എല്‍.എ പറഞ്ഞു.
എം.എല്‍.എ യോടൊപ്പം ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്തംഗം തുളസീ മോഹന്‍, കെ.പി.ശിവദാസ്, മിഥുന്‍ മോഹന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.