സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി : മദ്യ വിൽപന കുറഞ്ഞു

 

സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുകയും മദ്യ വിൽപന കുറയുകയും ചെയ്തതായി എക്സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു. ലഹരി കേസുകളുടെ എണ്ണം വർധിച്ചു. ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവിൽപന കുറഞ്ഞു. മദ്യത്തിൽ വരുമാനം വർധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ലഹരി കേസുകളുടെ എണ്ണം വർധിച്ചു. തൊണ്ടിയായി പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ അളവും കൂടി. ഇത് വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി എന്നാണെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യവും 150.13 ലക്ഷം കെയ്സ് ബിയറുമായിരുന്നു. എന്നാൽ 2020 – 21 ൽ ഇത് 187.22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞെന്നും എക്സൈസ് മന്ത്രി അറിയിച്ചു. പുതിയ മദ്യ വിൽപന ശാലകൾക്ക് സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. ഡോ. എം.കെ. മുനീറിന്റെ ചോദ്യത്തിന് എക്സൈസ് മന്ത്രി രേഖാമൂലമാണ് മറുപടി നൽകിയത്.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ എക്സസിന് അധികാരം നൽകാനും ഭേദഗതിക്കായി ശുപാർശ ചെയ്തതായും മന്ത്രി അറിയിച്ചു.