konnivartha.com : സംസ്ഥാനതലത്തില്‍ കോവിഡ് വാക്സിനേഷനില്‍ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്താണെങ്കിലും ഗര്‍ഭിണികള്‍ക്കായുളള വാക്സിനേഷനില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഒഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. വാക്സിനെടുത്താല്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ അപകടമോ ഉണ്ടാകുമോയെന്ന് പേടിച്ച് ഗര്‍ഭിണികള്‍ വാക്സിനെടുക്കാന്‍ മടിക്കുന്നതായി കാണുന്നു. ജില്ലയില്‍ 7035 ഗര്‍ഭിണികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ രണ്ടു ഡോസും എടുത്തവര്‍ 1751 പേര്‍ മാത്രമാണ്. 3286 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് വാക്സിന്‍ ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും സുരക്ഷിതമാണ്. ഇതുമൂലം ഒരുതരത്തിലുമുളള പാര്‍ശ്വഫലങ്ങളും അമ്മയ്‌ക്കോ, കുഞ്ഞിനോ ഉണ്ടാകുന്നില്ല. കോവിഡ് രോഗബാധ സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹചര്യത്തില്‍ വാക്സിനെടുക്കുന്നത് മൂലം രോഗം ഗുരുതരമാകുന്നതും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പോകുന്നതും തടയുന്നു. അതിനാല്‍ ഇനിയും വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. വാക്സിന്‍ എടുത്താലും മാസ്‌ക് ധരിക്കുക, കൈകള്‍ ഇടക്കിടെ കഴുകുക, ശാരീരിക അകലം പാലിക്കുക, തിരക്കുളള സ്ഥലങ്ങള്‍ ഒഴിവാക്കുക, തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.