Trending Now

കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയും, മണ്ണിടിച്ചിലും, മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ജില്ലാ പോലീസ് മേധാവി, റാന്നിയുടെയും കോന്നിയുടെയും ഡിഎഫ്ഒ, അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, റീജയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍, തഹസില്‍ദാര്‍മാര്‍, പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായത്. ഒഴിപ്പിക്കല്‍ പൂര്‍ത്തീകരിക്കുന്നതിന് വ്യാപകമായ പ്രചാരണം നല്‍കുകയും, മൈക്ക് അന്നൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്യുന്നതിനും ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം.

കോന്നി താലൂക്കില്‍ സീതത്തോട് വില്ലേജില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള 13 പ്രദേശങ്ങളാണുള്ളത്. പ്രദേശങ്ങള്‍ ചുവടെ:- സീതത്തോട് വില്ലേജ്: മൂന്നുകല്ല്, 86 ബ്ലോക്ക്, തേക്കുംമൂട്, കൊച്ചുകോയിക്കല്‍, 22 ബ്ലോക്ക്, ഫോര്‍ത്ത് ബ്ലോക്ക്, മുണ്ടന്‍പാറ ഒന്ന്, മുണ്ടന്‍പാറ ഒന്ന് രണ്ടാംഭാഗം, മുണ്ടന്‍പാറ രണ്ട്, മുണ്ടന്‍പാ
റ മൂന്ന്, മുണ്ടന്‍പാറ രണ്ട് രണ്ടാം ഭാഗം, മുണ്ടന്‍പാറ നാല്, മുണ്ടന്‍പാറ അഞ്ച്, മുട്ടക്കുഴി.
കോന്നി താലൂക്കിലെ അരുവാപുലം വില്ലേജിലെ മുറ്റാക്കുഴി, കോന്നി താലൂക്കിലെ ചിറ്റാര്‍ വില്ലേജില്‍ ആറ് പ്രദേശങ്ങളാണ് ഈ പട്ടികയിലുള്ളത്. ചിറ്റാര്‍ വില്ലേജ് – വലിയകുളങ്ങര വാലി ഒന്ന്, വലിയകുളങ്ങര വാലി രണ്ട്, വലിയകുളങ്ങര വാലി മൂന്ന്, മീന്‍കുഴിതടം, മീന്‍കുഴിതടം രണ്ടാം ഭാഗം, ട്രാന്‍സ്‌ഫോര്‍മര്‍പടി. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ മൂന്ന് മേഖലയാണ് മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടല്‍ ബാധിക്കാന്‍ സാധ്യതയുള്ള ഇടമായി കണ്ടെത്തിയിരിക്കുന്നത്. തണ്ണിത്തോട് വില്ലേജ് – മേലേപൂച്ചക്കുളം, മേലേപൂച്ചക്കുളം രണ്ടാം ഭാഗം, മേലേപൂച്ചക്കുളം മൂന്നാം ഭാഗം,
റാന്നി താലൂക്കില്‍ ഒന്‍പത് സ്ഥലങ്ങളാണ് ഇത്തരത്തിലുള്ളത്. റാന്നി താലൂക്കിലെ പെരുന്നാട് വില്ലേജില്‍ ഇത്തരത്തിലുള്ള അഞ്ച് സ്ഥലങ്ങളാണുള്ളത്. പെരുന്നാട് വില്ലേജ് – ബിമരം കോളനി ഒന്ന്, ബിമരം കോളനി രണ്ട്, ബിമരം കോളനി മൂന്ന്, ഹാരിസന്‍ പ്ലാന്റേഷന്‍, അട്ടത്തോട്. റാന്നി താലൂക്കിലെ കൊല്ലമുള വില്ലേജില്‍ ഇത്തരത്തിലുള്ള നാല് പ്രദേശങ്ങളാണുള്ളത്. കൊല്ലമുള വില്ലേജ് – കൊല്ലമുള ഒന്ന്, കൊല്ലമുള രണ്ട്, കൊല്ലമുള മൂന്ന്, അയ്യന്‍മല. കോഴഞ്ചേരി താലൂക്കില്‍ നാരങ്ങാനം വില്ലേജിലും പത്തനംതിട്ട വില്ലേജിലും ഓരോ സ്ഥലങ്ങളാണുള്ളത്. നാരങ്ങാനം – പുന്നശേരി കോളനി. പത്തനംതിട്ട വില്ലേജ് – കളീയിക്കപ്പടി. അടൂര്‍ താലൂക്കില്‍ ഏറത്ത് വില്ലേജില്‍ മൂന്ന് പ്രദേശങ്ങളാണുള്ളത്. കന്നിമല, പുലിമല, കിളിവയല്‍. ഏനാദിമംഗലം വില്ലേജ് – അഞ്ചുമല (ആയിരംതോന്നിമല), കുറുമ്പുകര (ക്വാറി ഒന്ന്), കുറുമ്പുകര ക്വാറി രണ്ട്, തേപ്പുപാറ. അടൂര്‍ താലൂക്കില്‍ കുരംപാല വില്ലേജ് – അതിരമല.

മണിമലയാറിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കാന്‍
യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചു: ജില്ലാ കളക്ടര്‍

കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ
മരങ്ങളും ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യല്‍ ആരംഭിച്ചു

മണിമലയാറിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കുന്ന നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യുന്ന പ്രവര്‍ത്തി വിലയിരുത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍.
പാലത്തിന്റെ അടിഭാഗത്തായി ശക്തമായ മഴയെത്തുടര്‍ന്ന് മണിമലയാറില്‍ നിന്ന് ക്രമാതീതമായി ഒഴുകിയെത്തിയ മരങ്ങളും, മണലും പാറയും മറ്റ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിനാല്‍ നീരൊഴുക്കിനെ ബാധിച്ചിരുന്നു. ഇത് അടിയന്തരമായി നീക്കം ചെയ്യാന്‍ ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ നിര്‍ദേശം നല്‍കിയിരുന്നു. ഫയര്‍ഫോഴ്സ്, മൈനര്‍ ഇറിഗേഷന്‍, പി.ഡബ്ല്യൂ.ഡി എന്നിവയുടെ നേതൃത്വത്തിലാണ് തടസങ്ങള്‍ നീക്കം ചെയ്യുന്നത്.

മഴക്കെടുതിയില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് എല്ലാ വകുപ്പുകളും ജില്ലയില്‍ നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആളപായമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മഴമുന്നറിപ്പ് തുടരുന്ന സാഹചര്യത്തില്‍ നദികളുടെ നീരൊഴുക്ക് തടസമില്ലാതെ സുഗമമാക്കേണ്ടതുണ്ട്. ആ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കല്ലൂപ്പാറ- പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമളം പാലത്തിന്റെ തുരുത്തിക്കാട് ഭാഗത്തേക്കുള്ള കരയില്‍ 60 മീറ്ററോളം വരുന്ന അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള ഭാഗമാണ് ഒഴുക്കില്‍പ്പെട്ടുപോയത്.

കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ തോംസണ്‍, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി ജെയിംസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷിബു തോമസ്, വര്‍ഗീസ് മാത്യു, ഡി.അജയന്‍, കല്ലൂപ്പാറ വില്ലേജ് ഓഫീസര്‍ ദിവ്യ കോശി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.