കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴ, വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചില്‍ എന്നിവ മൂലം വ്യാപക കൃഷിനാശം സംഭവിച്ചു. മിക്കവാറും എല്ലാപ്രദേശങ്ങളിലേയും കൃഷി, വെള്ളം മൂടികിടക്കുന്ന അവസ്ഥയിലാണ്. കോഴഞ്ചേരി, മല്ലപ്പുഴശേരി, വള്ളിക്കോട്, കുളനട, പന്തളംതെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിലെ പത്ത് ദിവസമായി വിത കഴിഞ്ഞുകിടക്കുന്ന പാടശേഖരങ്ങള്‍ എല്ലാംതന്നെ വെള്ളംമൂടി കിടക്കുകയാണ്. മറ്റ് വിളകളായ വാഴ, മരച്ചീനി, കിഴങ്ങ്‌വര്‍ഗ വിളകളായ ചേന, ചേമ്പ,് കാച്ചില്‍, പച്ചക്കറിവിളകള്‍, വെറ്റിലകൃഷി, കുരുമുളക് എന്നീ കൃഷികളും വെള്ളത്തിനടിയില്‍പ്പെട്ട് കിടക്കുകയാണ്.
ജില്ലയിലെ പന്തളം, പുല്ലാട് കൃഷി ഫാമുകളിലും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. മല്ലപ്പള്ളി, കോട്ടാങ്ങല്‍, കുറ്റൂര്‍, നെടുമ്പ്രം, പെരിങ്ങര കൃഷിഭവനുകളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിലെ കൃഷിനാശം വിലയിരുത്തുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് ഉദ്യോഗസ്ഥരായ പ്രിന്‍സിപ്പല്‍ കൃഷി, ഓഫീസര്‍ എ.ഡി. ഷീല, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ ലൂയിസ്മാത്യു, എലിസബത്ത് തമ്പാന്‍, ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന സംഘം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കൃഷിനാശം വിലയിരുത്തുകയും കര്‍ഷകര്‍ക്ക്‌വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തു.
ജില്ലയില്‍ 22,500 കര്‍ഷകരുടെ 10,275 ഹെക്ടറിലായി ഏകദേശം 130 കോടിരൂപയുടെ നഷ്ടം തിട്ടപ്പെടുത്തി. ദുരിതാശ്വാസം ലഭിക്കുന്നതിനായി 10 ദിവസത്തിനകം കര്‍ഷകര്‍ എഐഎംഎസ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്നും, അപേക്ഷയോടൊപ്പം ആധാര്‍കാര്‍ഡ്, കരമടച്ച രസീത് അഥവാ പാട്ടച്ചീട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികള്‍ കൂടി ഹാജരാക്കണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ അവസരം
മല്ലപ്പളളി താലൂക്കില്‍ ശക്തമായ മഴയില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് ഒക്ടോബര്‍ 19 മുതല്‍ വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ 10 റവന്യൂ സംഘങ്ങള്‍ വീടുകള്‍ പരിശോധിക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന് അപേക്ഷ കൈമാറും. ജനങ്ങള്‍ക്ക് അവരുടെ വീടുകള്‍ക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ വില്ലേജ് ഓഫീസറെ ഒക്ടോബര്‍ 19 മുതല്‍ അറിയിക്കാന്‍ അവസരമുണ്ടെന്ന് തഹസില്‍ദാര്‍ എം.ടി. ജയിംസ് അറിയിച്ചു