Trending Now

അച്ചന്‍ കോവില്‍ മേഖലയിലും കോന്നിയിലും മഴയ്ക്ക് കുറവ് : വെട്ടിയാര്‍ നിവാസികള്‍ ശ്രദ്ധിയ്ക്കണം

അച്ചന്‍ കോവില്‍ മേഖലയിലും കോന്നിയിലും മഴയ്ക്ക് കുറവ് : വെട്ടിയാര്‍ നിവാസികള്‍ ശ്രദ്ധിയ്ക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ ,കല്ലാര്‍ വൃഷ്ടി പ്രദേശത്ത് മഴ നന്നായി കുറഞ്ഞു .ഇടയ്ക്കു ഇടയ്ക്കു മഴ പെയ്യുന്നു .ഇത് ആശങ്കപ്പെടാനില്ല . കല്ലേലി ,കോന്നി മേഖലയില്‍ വൈകിട്ട് മുതല്‍ മഴ കുറഞ്ഞു . കല്ലേലി ,അരുവാപ്പുലം , മേഖലയില്‍ നിന്നും പെയ്ത്തുനീര്‍ ഇറങ്ങി തുടങ്ങി . കോന്നി മേഖലയില്‍ നിന്നും വെള്ളം ഇറങ്ങിയതിനാല്‍ കോന്നിയ്ക്കു താഴെ ഉള്ള സ്ഥലവാസികള്‍ ശ്രദ്ധിയ്ക്കണം . ഈ വെള്ളം അവിടേയ്ക്ക് തികച്ചു കയറും . പന്തളം ,വെട്ടിയാര്‍ ഭാഗത്ത് ഉള്ള നദീ തീര വാസികള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണം .

പന്തളം പുഞ്ചയില്‍ എല്ലാം വെള്ളം നിറഞ്ഞു .ഇത് തികച്ചു കയറാന്‍ സാധ്യത ഉണ്ട് . വെട്ടിയാര്‍ മേഖലയില്‍ ആറിന് സമീപം താമസിക്കുന്നവരും ശ്രദ്ധിയ്ക്കണം കോന്നി വന മേഖലയില്‍ മഴ കുറഞ്ഞു . അച്ചന്‍ കോവില്‍ നദിയിലൂടെ ഇപ്പോള്‍ ഒഴുകി എത്തുന്നത് പെയ്ത്തുനീര്‍ ആണ് . വന മേഖലയില്‍ ഉരുള്‍ പൊട്ടുവാന്‍ ഉള്ള സാധ്യത ഇപ്പോള്‍ ഇല്ല .

തിരുവല്ല, അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ 
ശ്രദ്ധപുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്
റാന്നി, കോന്നി പ്രദേശങ്ങളില്‍ നിന്ന് വെള്ളം താഴുന്നതിന് അനുസരിച്ച് വെള്ളമെത്തുന്ന തിരുവല്ല, അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ മഴയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.  ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ജില്ലയില്‍ ഇതുവരെ 63 ക്യാമ്പുകളിലായി 515 കുടുംബങ്ങളിലെ 1840 പേര്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി താലൂക്കില്‍ ഒമ്പതു ക്യാമ്പുകളിലായി 180 പേരും അടൂരില്‍ രണ്ടു ക്യാമ്പുകളിലായി 16 പേരും തിരുവല്ലയില്‍ 30 ക്യാമ്പുകളിലായി 1004 പേരും മല്ലപ്പള്ളിയില്‍ 15 ക്യാമ്പുകളിലായി 345 പേരും കോന്നിയില്‍ ഏഴു ക്യാമ്പുകളിലായി 295 പേരുമാണുള്ളത്. രണ്ടു ദിവസത്തിനിടെ 21 വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തിരുവല്ല, അപ്പര്‍കുട്ടനാട് പ്രദേശങ്ങളില്‍ അടിയന്തരമായി റസ്‌ക്യു ഓപ്പറേഷന്‍ നടത്തണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കന്നുകാലി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ദുരന്തനിവാരണ സമയത്ത് കൃത്യമായി ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡ്വ.കെ.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ക്യാമ്പിലെത്താന്‍ കഴിയാതെ വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് സഹായങ്ങള്‍ എന്നിവ ലഭ്യമാക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ അടിയന്തരമായി ലഭ്യമാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ഡാം സേഫ്റ്റി പരിശോധിച്ച് ആവശ്യമെങ്കില്‍ മാത്രം കക്കി ആനത്തോട് ഡാം (ഒക്‌ടോബര്‍ 18 തിങ്കള്‍) പകല്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഭക്ഷണം ആവശ്യമായ അതിഥി തൊഴിലാളികള്‍ക്ക് അവ എത്തിച്ചുനല്‍കാന്‍ ലേബര്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ വൈദ്യുതി, ടോയ്‌ലറ്റുകളില്‍ ജലലഭ്യത എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലീസിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.