മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കും – അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയില്‍ മഴ ഞായറാഴ്ചയും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും കൂടുതല്‍ ശക്തമായി തുടരണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പേമാരിയും, പ്രളയവും നേരിടുന്നതിനായി നടത്തുന്ന പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ വലഞ്ചുഴി എന്‍എസ്എസ് കരയോഗ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയത്.

കോന്നി നിയോജക മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ഏഴ് ക്യാമ്പുകളിലായി 99 കുടുംബങ്ങളാണ് കഴിയുന്നത്. കൂടുതല്‍ ക്യാമ്പുകള്‍ ആവശ്യമായി വന്നാല്‍ അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രമാടം പഞ്ചായത്തില്‍ മൂന്നു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കിഴവള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, വലഞ്ചുഴി എന്‍എസ്എസ് കരയോഗം, തെങ്ങുക്കാവ് ഗവ. എല്‍പിഎസ് എന്നിവിടങ്ങളിലാണ് പ്രമാടം പഞ്ചായത്തിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 46 കുടുംബങ്ങളാണ് മൂന്നു ക്യാമ്പുകളിലായി ഉള്ളത്.
മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂര്‍ സ്‌പെഷ്യല്‍ എല്‍പി സ്‌കൂളില്‍ 23 കുടുംബവും, വള്ളിക്കോട് പഞ്ചായത്തിലെ നാഷണല്‍ യുപി സ്‌കൂളില്‍ ആറു കുടുംബവും, സീതത്തോട് പഞ്ചായത്തിലെ കെആര്‍പിഎം ഹൈസ്‌കൂളില്‍ അഞ്ചു കുടുംബവും, കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 19 കുടുംബവും കഴിയുന്നുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്കുന്നുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തുകള്‍ ക്യാമ്പുകള്‍ക്കാവശ്യമായ എല്ലാ സഹായവുമായി രംഗത്തുണ്ട്.

മണ്ണിടിച്ചിലുണ്ടായാല്‍ നേരിടുന്നതിനായി ആവശ്യത്തിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തക്ക നിലയില്‍ ജെസിബി, ടിപ്പര്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രി ഉള്‍പ്പടെയുള്ള ആശുപത്രികളിലും എത് അടിയന്തിര സാഹചര്യം നേരിടുന്നതിനുമുള്ള ക്രമീകരണങ്ങള്‍ തയാറായിട്ടുണ്ട്.

വെള്ളം കയറിയും, റോഡുകള്‍ തകര്‍ന്നും ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ ഭക്ഷണവും, മരുന്നും എത്തിച്ചു നല്കും. എലിപ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനും മരുന്നുവിതരണം നടത്തും. മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസമുണ്ടായാല്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് ഇടപെട്ട് ഗതാഗതം പുനസ്ഥാപിക്കും. പ്രതിസന്ധിയുടെ മറവില്‍ വില വര്‍ധനവും, കരിഞ്ചന്തയും ഉണ്ടാകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണം.

റവന്യൂ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും കാര്യക്ഷമമായി രംഗത്തുണ്ടാകണം. മറ്റ് വകുപ്പുകള്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായി തന്നെ പരിഹരിക്കണം. പ്രതിസന്ധിയെ ഗൗരവം കുറച്ചു കാണാന്‍ പാടില്ല. ഏതു പ്രതിസന്ധിയിലും ജനങ്ങളുടെ സംരക്ഷകരായി സര്‍ക്കാര്‍ സംവിധാനമുണ്ടാകണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

യോഗത്തില്‍ എംഎല്‍എയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, താലൂക്കിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, തഹസീല്‍ദാര്‍ ശ്രീകുമാര്‍, ഡപ്യൂട്ടി തഹസീല്‍ദാര്‍ സി.കെ.സജീവ് കുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പേമാരിയും, വെള്ളപ്പൊക്കവും സൃഷ്ടിച്ചത് വലിയ ദുരിതം

പേമാരിയും, വെള്ളപ്പൊക്കവും വലിയ ദുരിതമാണ് കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സൃഷ്ടിച്ചിരിക്കുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഞായറാഴച രാവിലെ മഴയ്ക്ക് ശമനമുണ്ടായി എങ്കിലും ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കൊപ്പമാണ് എംഎല്‍എ വിവിധ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തിയത്. ഊട്ടുപാറ ശ്രീനിലയം വീട്ടില്‍ എല്‍. രവീന്ദ്രന്റെ വീട് മുറ്റത്തേക്ക് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വീണു. ഊട്ടുപാറ – കല്ലേലി റോഡിന്റെ വശമാണ് ഇടിഞ്ഞത്. ഇത് കെട്ടി സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്കി.

ഇളകൊള്ളൂര്‍ ഏലായില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നുള്ള കൃഷിനാശവും എംഎല്‍എ സന്ദര്‍ശിച്ചു. മഠത്തില്‍കാവ് ഏലായില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ട നിലയിലാണ്. മഠത്തില്‍കാവ് ക്ഷേത്രത്തിലേക്കുള്ള വഴിയും തടസപ്പെട്ടു. ഈ പ്രദേശത്തും എംഎല്‍എ സന്ദര്‍ശനം നടത്തി.

ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലും, വലഞ്ചുഴി എല്‍എസ്എസ് കരയോഗ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലും സന്ദര്‍ശനം നടത്തി. ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ എംഎല്‍എ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശവും നല്കി.

വിവിധ പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനിടയില്‍ ജനങ്ങള്‍ ഉന്നയിച്ച പരാതികള്‍ക്ക് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഉടനടി പരിഹാരവും ഉണ്ടാക്കി നല്കി. ജനപ്രതിനിധികള്‍ എല്ലാ പ്രദേശത്തും സജീവമായി രംഗത്തുണ്ടാകണമെന്നും, ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും എംഎല്‍എ പറഞ്ഞു.

എംഎല്‍എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രേഷ്മ മറിയം റോയി, എന്‍.നവനിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

error: Content is protected !!