Trending Now

കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യം : എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും നാളെ (ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും

കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യം : എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും നാളെ (ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിൽ പ്രളയ സമാന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പേമാരിയെ തുടർന്നുള്ള സാഹചര്യം നേരിടാൻ അടിയന്തിരമായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോന്നിയിൽ 97 മില്ലീമീറ്റർ മഴയാണ് ഒരു ദിവസം പെയ്തത്.മഴ തുടരുകയുമാണ്.മഴക്കെടുതി നേരിടാൻ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി.
നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. പഞ്ചായത്ത് തലത്തിലും, താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ അടിയന്തിരമായി പ്രവർത്തനം ആരംഭിക്കാന്നും തീരുമാനമായി.

എല്ലാ വില്ലേജിലെയും സ്കൂളുകളുടെ താക്കോൽ വില്ലേജ് ഓഫീസർമാർ വാങ്ങി സൂക്ഷിക്കും. ഒരു പഞ്ചായത്തിൽ 2 ക്യാമ്പുകൾ വീതം അടിയന്തിരമായി ആരംഭിക്കും, കോവിഡ് ബാധിതർക്ക് പ്രത്യേകമായി ക്യാമ്പ് തയ്യാറാക്കും. പഞ്ചായത്ത് ചുമതലയിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം മഴക്കെടുതി നേരിടാൻ രംഗത്തിറങ്ങും. എല്ലാ പഞ്ചായത്തിലും ആംബുലൻസുകളും, ജെ.സി.ബികളും സജ്ജമാക്കി വയ്ക്കും.പോലീസ്-വനം-ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻ്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രംഗത്തിറങ്ങണമെന്നും യോഗം തീരുമാനിച്ചു.

വകയാർ ഭാഗത്ത് തോട് കരകവിഞ്ഞ് പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്. യാത്ര സുഗമമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തണമെന്ന് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. ഗതാഗത ക്രമീകരണങ്ങൾക്ക് പോലീസ്, ആർ.ടി.ഒ വിഭാഗങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.

നിലവിൽ സംഭവിച്ചിട്ടുള്ള വെള്ളപ്പൊക്ക കെടുതികൾ യോഗം പരിശോധിച്ചു.വെള്ളം കയറിയതിനെ തുടർന്ന് കലഞ്ഞൂരിൽ 4 ഉം, കോന്നിയിൽ ഒന്നും കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചിറ്റാറിൽ ശ്രീകൃഷ്ണപുരത്ത് 4 വീടുകളിൽ വെള്ളം കയറി.മലയാലപ്പുഴ പഞ്ചായത്തിൽ കല്ലാറിൻ്റെ തീരത്തുള്ള 15 വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് വില്ലേജ് ഓഫീസർ യോഗത്തെ അറിയിച്ചു

.സീതത്തോട് പഞ്ചായത്തിലും അടിയന്തിരമായി ക്യാമ്പ് ആരംഭിക്കുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.
മണ്ഡലത്തിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.പല വീടുകളും സംരക്ഷണഭിത്തി തകർത്ത് അപകടാവസ്ഥയിലായിട്ടുണ്ട്. കോന്നി പഞ്ചായത്തിലെ കൊന്നപ്പാറ, ചെമ്മാനി,ചിറ്റൂർമുക്ക് വാർഡുകളിൽ വീടുകളുടെ സംരക്ഷണഭിത്തികൾ ഇടിഞ്ഞതായും, വെള്ളപ്പൊക്ക സാധ്യത വളരെ ഉയർന്നതായും പ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി നായർ യോഗത്തെ അറിയിച്ചു.പൊന്തനാംകുഴി കോളനി നിവാസികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടൽ നടത്തണമെന്ന് എം.എൽ.എ നിർദ്ദേശം തല്കി.

കലഞ്ഞൂർ പഞ്ചായത്തിലും നിരവധി വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പവല്ലി ടീച്ചർ യോഗത്തെ അറിയിച്ചു. പതിനൊന്നാം വാർഡിലെ കുപ്പുമൺ, പതിനഞ്ചാം വാർഡിലെ മണ്ണിൽ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. റോഡുകൾക്കും നാശനഷ്ടമുണ്ടായതായി പ്രസിഡൻ്റ് പറഞ്ഞു.

മൈലപ്ര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. വീടുകളുടെ സംരക്ഷണഭിത്തികളും ഇടിഞ്ഞു. റോഡുകൾ തകർന്നതുമൂലം യാത്ര ദുസ്സഹമായിട്ടുള്ളതായും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
യോഗത്തിൽ എം.എൽ.എയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ,തഹസീൽദാർ, വില്ലേജ് ഓഫീസർമാർ, പോലീസ്, പൊതുമരാമത്ത് ,ആർ.ടി.ഒ പ്രതിനിധികൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
താലൂക്ക്തല കൺട്രോൾ റൂം നമ്പർ: 0468-2240087

error: Content is protected !!