Trending Now

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ …

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ …

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ഭാഗത്ത്‌ നിന്നും ഉള്ള അംഗഭംഗം വന്ന പട്ടാളക്കാര്‍ക്ക് അന്നത്തെ സര്‍ക്കാര്‍ ചില സ്ഥലങ്ങളില്‍ കൃഷിയ്ക്ക് യോഗ്യമായ ഭൂമി നല്‍കി .അതില്‍ ഒന്നായിരുന്നു കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ ഉണ്ടായിരുന്ന കൊക്കാത്തോട്‌ എന്ന വനാന്തര ഗ്രാമം .

കുന്നത്തൂര്‍ താലൂക്കില്‍ നിന്നും അരുവാപ്പുലത്തെ കൊക്കാത്തോട്‌ കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുകയും തുടര്‍ന്ന് കോന്നി താലൂക്കിലേക്ക് വന്നു ചേരുകയും ചെയ്തു .
അന്ന് ഭൂമി കിട്ടിയ ജവാന്മാര്‍ പുറമേ നിന്നുള്ള ആളുകള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭൂമി കൊടുത്തു . അവര്‍ അവിടെ വന്യ മൃഗത്തോട് പോരടിച്ച് കൃഷി ഇറക്കി പൊന്നു വിളയിച്ചു . തീര്‍ത്തും കാര്‍ഷിക ഗ്രാമമായ കൊക്കാത്തോട്ടിലെ പഴമുറക്കാര്‍ എല്ലാം മറ്റു സ്ഥലത്ത് നിന്നും കുടിയേറിയവര്‍ മാത്രം ആണ് .പുതു തലമുറ മാത്രം ആണ് ഇവിടെ ജനിച്ചതും വളര്‍ന്നതും . തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലമായിരുന്നു കൊക്കാത്തോട്‌ . കല്ലേലി പാലം വന്നതോട് കൂടി കോന്നിഎന്ന പുറം ലോകവുമായി നിരന്തരം ബന്ധപ്പെടാവുന്ന നിലയിലായി .അതും 20 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ .

പുതു തലമുറയുടെ അറിവിലേക്ക് മാത്രം ആണ് മുകളിലെ കാര്യങ്ങള്‍ വിവരിച്ചത് .
ഇനി കാര്യത്തിലേക്ക് കടക്കുന്നു . വികസനം വേണം എന്നുള്ളത് ഇവരുടെ മനസ്സിലെ സ്വപ്നം മാത്രം ആണ് . ഇറങ്ങി തിരിച്ചു വികസന കാര്യങ്ങള്‍ നേടിയെടുക്കാന്‍ മുന്നില്‍ ആരും ഇല്ല . പഠന ആവശ്യത്തിനു സ്കൂള്‍ ഉണ്ട് . ആരോഗ്യ കാര്യങ്ങള്‍ നോക്കാന്‍ പി എച്ച് സി ഉണ്ട് . അരുവാപ്പുലം സഹകരണ ബാങ്ക് ശാഖ ഉണ്ട് .റേഷന്‍ കട ഉണ്ട് . പോസ്റ്റ്‌ ഓഫീസ് ഉണ്ട് . വികസന കാര്യത്തില്‍ ഇതൊക്കെ കൊണ്ട് എല്ലാമായി എന്ന് മനസ്സില്‍ പറഞ്ഞാല്‍ അത് ഒന്ന് കൂടി ചിന്തിച്ചാല്‍ ഒന്നും ആയില്ല എന്ന് വീണ്ടും മനസ്സില്‍ പറയും . നാവു ഉയര്‍ത്തി ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തുക .

കൊക്കാത്തോട്‌   എന്ന്  പൊതുവേ അറിയപ്പെടുന്ന ഈ ഗ്രാമത്തില്‍ നീരാമ കുളം , കോട്ടാം പാറ . നെല്ലിക്കാപാറ , മുണ്ടപ്ലാവ് ,കാഞ്ഞിരപ്പാറ , അപ്പൂപ്പന്‍ തോട് , കൊച്ചപ്പൂപ്പന്‍ തോട് , ഒരേക്കര്‍ , കാട്ടാത്തി , കുറിച്ചി , മേടപ്പാറ ,ഉലക്കചാണ്ടി പാറ ,കൊതകുത്തി പാറ തുടങ്ങിയ ദേശങ്ങളും ഉണ്ട് .

അരുവാപ്പുലം പഞ്ചായത്തിലെ മൂന്നും   നാലും  വാർഡുകൾ ചേരുന്ന കൊക്കാതോട് ഗ്രാമത്തില്‍ വികസനം കടന്നു വരണം എങ്കില്‍ ഈ ദേശവാസികള്‍ ഒന്നായി ശ്രമിക്കണം .

 

ആദ്യം വേണ്ടത് എന്താണ് . പുതിയ തലമുറ പറയുന്നു ഒരു എ റ്റി എം .
ഇപ്പോള്‍ പണം എടുക്കാന്‍ കിലോമീറ്റര്‍ സഞ്ചരിച്ചു അരുവാപ്പുലം അക്കരക്കാല പടിയിലെ എസ് ബി ഐ യിലെ എ റ്റി എമ്മില്‍ പോകണം .അവിടെ പണം ഇല്ലെങ്കില്‍ കോന്നി പോകണം . ഇക്കണ്ട യാത്രകള്‍ ചെയ്തു പണം എടുത്തു തിരികെ മടങ്ങി ചെല്ലുമ്പോള്‍ നാല്പതു കിലോമീറ്റര്‍ സഞ്ചാരം . അതിനു പരിഹാരം എന്ന നിലയില്‍ കൊക്കാതോട്ടില്‍ ഉചിതമായ സ്ഥലത്ത് എസ് ബി ഐ അരുവാപ്പുലം ബ്രാഞ്ച് ഒരു എ റ്റി എം കൌണ്ടര്‍ തുടങ്ങണം എന്നാണു ആവശ്യം .

 

രണ്ടാമതായി ക്ഷീര കര്‍ഷകരുടെ ആവശ്യം ആണ് . മൃഗാശുപത്രിയുടെ ഒരു സബ്‌ സെന്റര്‍ വേണം . നൂറോളം കന്നുകാലി കര്‍ഷകര്‍ ഈ ഗ്രാമത്തില്‍ ഉണ്ട് . മൃഗങ്ങളെ ചികിത്സിക്കാന്‍ മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചു ഐരവൺ മൃഗാശുപത്രിയില്‍ ചെല്ലണം . ഈ ദുരിത യാത്രയ്ക്കും പരിഹരണം വേണം .

തുടക്കം എന്ന നിലയില്‍ ഈ ആവശ്യങ്ങള്‍ കോന്നി വാര്‍ത്തയിലൂടെ അധികാരികളിൽ എത്തിക്കാന്‍ കൊക്കാതോട്ടിലെ വികസനം ആഗ്രഹിക്കുന്ന ജനം ആഗ്രഹിക്കുന്നു . കോന്നി എന്ന പുറം ലോകത്തെ ആശ്രയിച്ചു കഴിഞ്ഞാല്‍ മതിയോ എന്ന് ചിന്തിക്കുക . കൊക്കാതോട്ടില്‍ വേണം വികസനം .അതിനു വേണ്ടി ഉള്ള പരമ്പരയുടെ തുടക്കം കുറിയ്ക്കുന്നു . അധികാരികള്‍ ശ്രദ്ധിക്കുക . ജനം പ്രതികരിക്കുക