സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും
ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

 

സമൂഹത്തിന്റെ പങ്കാളിത്തംഎല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണെന്നും അവ തുടര്‍ന്നും ഉണ്ടാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കൊടുന്തറ ഗവ. എല്‍പി സ്‌കൂളില്‍ നടത്തിയ സ്‌കൂള്‍ ശുചീകരണ മാസാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

വ്യക്തിജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും രാഷ്ട്ര ജീവിതത്തിലെയും ശുചിത്വത്തെ കുറിച്ചും ശുദ്ധിയെ കുറിച്ചും എന്നും സംസാരിച്ച, ചിന്തകള്‍ പങ്കുവച്ച, ദര്‍ശനങ്ങള്‍ സമൂഹത്തിന് നല്‍കിയ രാഷ്ട്രപിതാവിന്റെ സ്മരണ ശക്തമായി പുതുക്കുന്ന ദിനമാണ് ഒക്ടോബര്‍ രണ്ട്. വര്‍ത്തമാന കാലത്തില്‍ ഗാന്ധിജി പഠിപ്പിച്ച പാഠങ്ങള്‍ ഏതൊക്കെ തലങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നു കൂടി പരിശോധിക്കണം. ഗാന്ധിജിയെ ഓര്‍ക്കുന്നതും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഹിഷ്ണുതയുടെ വലിയ ചിന്തകള്‍ നമ്മുടെ സാമൂഹിക, വ്യക്തി ജീവിതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തേണ്ടതും അനിവാര്യമാണ്.

ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളിലും എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ പോലീസ് വകുപ്പ് സജ്ജരായിരിക്കുകയാണ്. സംസ്ഥാനതലത്തില്‍ തന്നെ മാതൃകയാണ് ഇത്തരത്തിലൊരു പ്രവര്‍ത്തനം പോലീസ് വകുപ്പ് ഏറ്റെടുത്ത് ചെയ്യുന്നത്. 24 സ്‌കൂളുകളിലായി ആരംഭിച്ച പ്രവര്‍ത്തനം സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ച് പരിപാടി പൂര്‍ത്തീകരിക്കും.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ലോക്ക്ഡൗണിന്റെ സാഹചര്യമുണ്ടായി. ജനങ്ങളുടെ സംരക്ഷണത്തോടൊപ്പം ജീവനോപാധി കൂടി സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രതിരോധം വര്‍ധിപ്പിച്ച് ഇളവുകള്‍ അനുവദിക്കുന്നതിനായി വാക്സിനേഷന്‍ പൂത്തീകരിക്കണം.

92.4 ശതമാനമാണ് ഇപ്പോഴത്തെ വാക്സിനേഷന്‍ റേറ്റ്. അലര്‍ജിയുള്ളവര്‍, കോവിഡ് ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കാണ് ഇനി വാക്സിന്‍ നല്‍കാനുള്ളത്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ പഠനം സാധ്യമാണെങ്കിലും സാമൂഹിക ജീവിതം എന്നത് ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, ബൗദ്ധിക, വൈകാരിക വികാസത്തിന് വേണ്ടിയുള്ളതാണ്. സാമൂഹിക അന്തരീക്ഷത്തില്‍ എങ്ങനെ ഇടപെടണമെന്നത് കുട്ടികള്‍ പഠിക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നാണ്.

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പാണ് അവസാന തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് അവലോകനം നടക്കുന്നുണ്ട്. മറ്റ് രോഗങ്ങള്‍ ഉള്ള വ്യക്തികള്‍ ഉള്ള വീട്ടില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. ഇത്തരത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, കൗണ്‍സിലര്‍ സുമേഷ് ബാബു, ഡിവൈ.എസ്.പി. കെ. സജീവ്, എഇഒ സന്തോഷ് കുമാര്‍, കൊടുന്തറ ഗവ. എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്മിതാ കുമാരി, സിഐ ജി. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വെളിയിട വിസര്‍ജന വിമുക്ത പ്ലസ് പദവി കരസ്ഥമാക്കി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രത്യക കാംപെയ്ന്‍
നവംബറില്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക കാംപെയ്ന്‍ നവംബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയിലെയും ജീവിതശൈലീ രോഗങ്ങളെ കണ്ടെത്തി, രോഗം വരാനുള്ള സാധ്യതകളെ കണ്ടെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്റെ ഒഡിഎഫ് പ്ലസ് പദവിയുടെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജില്ലയിലെ വിസര്‍ജന വിമുക്ത പ്ലസ് പദവിയാണ് (ഓപ്പണ്‍ ഡഫിക്കേഷന്‍ ഫ്രീ-ഒഡിഎഫ്) തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയത്.

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ് സമ്പൂര്‍ണ ശുചീകരണം നടപ്പിലാക്കി ശുചിത്വ പദവി നേടുക എന്നത്. വീടുകളിലും സ്ഥാപനങ്ങളിലും എത്തപ്പെടുന്ന അസംസ്‌കൃത വസ്തുക്കളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. ഇടുങ്ങിയ ചുറ്റുപാടില്‍ മാലിന്യ സംസ്‌ക്കരണത്തിന് സാധ്യതയില്ലാതായി. നമ്മുടേത് നഗര സംസ്ഥാനമാണ്. നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വ്യത്യാസമില്ലാതാകുകയാണ്. റോഡിന്റെ വശങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് കാണാന്‍ സാധിക്കുമായിരുന്നു. അതോടൊപ്പം കോവിഡിനെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ഒപ്പം സിക്ക, ഡെങ്കി തുടങ്ങി നിരവധി വൈറസുകള്‍ വന്നുകൊണ്ടിരിക്കുന്നു. കൊതുകുകളിലൂടെയാണ് ഇവ പകരുന്നത്.

വീടുകളില്‍ ഉള്‍പ്പെടെ കൊതുകുകളുടെ പെറ്റുപെരുകല്‍ വര്‍ധിക്കുകയാണ്. സിക്കയുമായി ബന്ധപ്പെട്ട് പഠനം നടത്തിയപ്പോള്‍ പ്രധാന രോഗകാരി കൊതുകുകള്‍ ആണെന്ന് കണ്ടെത്തി.
വളരെ വേഗം നേടിയെടുക്കാന്‍ സാധിക്കുന്നതല്ല ഒഡിഎഫ് പ്ലസ് പദവി. ഏറെ മാനദണ്ഡങ്ങള്‍ പാലിച്ച് കൃത്യമായി മുന്നോട്ട് പോകുന്നതിനാലാണ് ഇത് സാധ്യമായത്.

എല്ലാ വീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, പൊതു ഇടങ്ങള്‍ വൃത്തിയുള്ളതും മലിനജലം കെട്ടിനില്‍ക്കാതെയും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങള്‍ ഇല്ലാതെയും സംരക്ഷിക്കുക, എല്ലാ വീടുകളിലും, സ്‌കൂളുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ പൊതുസ്ഥാപനങ്ങളിലും അജൈവ, ജൈവമാലിന്യങ്ങളും, ദ്രവമാലിന്യങ്ങളും സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, കമ്മ്യൂണിറ്റി തല ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ ഒരുക്കുക, പ്ലാസ്റ്റിക്ക് തരംതിരിക്കുന്നതിനും അത് ശേഖരിക്കുന്നതിനുമുള്ള എംസിഎഫ് സംവിധാനം ഒരുക്കുക, ഹരിതകര്‍മസേനയുടെ സേവനം ലഭ്യമാക്കുക, ഒഡിഎഫ് പ്ലസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറ് വിവര വിജ്ഞാന വ്യാപന ബോര്‍ഡുകളും പ്രാമുഖ്യത്തോടെ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍.

ദേശീയ തലത്തില്‍ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നാം മുന്‍പന്തിയിലാണ്. ഒഡിഎഫ് പ്ലസ് പദവിയില്‍ ഏതെങ്കിലും പ്രവര്‍ത്തനം വിട്ടുപോയിട്ടുണ്ടെങ്കില്‍ അവ 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം. പ്രവൃത്തി വിദഗ്ധ സമിതി പരിശോധിക്കും. പ്രാദേശിക ഭരണകൂടമെന്ന നിലയില്‍ വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവ പ്രധാനമാണ്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കും.

സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഹരിത കര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം മികച്ചതാണ്. ഇതേ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മിഷനുകളെ നിലനിര്‍ത്തി അവയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി നവകേരളം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിതകര്‍മ്മസേനാംഗങ്ങളെ മൊമെന്റോ നല്‍കി മന്ത്രി ആദരിച്ചു.

 

തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനാ വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ടി. വര്‍ഗീസ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാറാവു, വാര്‍ഡ് മെമ്പര്‍മാരായ എസ്. ജയന്‍, ഗിരീഷ്‌കുമാര്‍, മോനി ബാബു, മറിയാമ്മ ബിജു, കെ.കെ. അമ്പിളി, ഷിനുമോള്‍ എബ്രഹാം, ഡി. ചിഞ്ചു, കെ.സി. പവിത്രന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷൈനി രാജ് മോഹന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉമ്മന്‍ ചക്കാലയില്‍, കെ.പി. മോഹനന്‍, എ. പുരുഷോത്തമന്‍, പി.എസ്. റെജി, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, വി.ഇ.ഒ. ബിജു പിള്ള, ക്ലീന്‍ കേരള പ്രതിനിധി ദിലീപ്, ഹരിത കേരള മിഷന്‍ ആര്‍പി വിശ്വനാഥന്‍ ആചാരി, സെക്രട്ടറി പി.എ. ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!