Trending Now

സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും ‘എന്റെ ജില്ല’ മൊബൈല്‍ ആപ്

സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക്
വിളിക്കാനും ‘എന്റെ ജില്ല’ മൊബൈല്‍ ആപ്
കോന്നി വാര്‍ത്ത : പുതിയ കാലത്ത് നമ്മളില്‍ പലരും റസ്റ്ററന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിര്‍ദേശങ്ങളും റേറ്റിങ്ങും ആര്‍ക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നു. സമാന രീതിയില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിക്കുകയാണ്. അതിനാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ എന്റെ ജില്ല ആപ്പ് ആരംഭിച്ചത്.
എന്റെ ജില്ല ആപ്പിലൂടെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിനുശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും. രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ നല്ല പ്രകടനം നടത്തുന്നവര്‍ക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കും. പത്തനംതിട്ട ജില്ലയിലെ അഞ്ഞൂറോളം സര്‍ക്കാര്‍ ഓഫീസുകളാണ് നിലവില്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓഫീസുകളെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അവലോകനങ്ങള്‍ ജില്ലാ കളക്ടര്‍ നിരീക്ഷിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘എന്റെ ജില്ല'(Ente Jilla) ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും ആരംഭിക്കുക. മൊബൈല്‍ നമ്പര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് വെളിപ്പെടുത്തൂ. https://play.google.com/store/apps/details?id=org.nic.entejilla എന്ന ലിങ്കില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.