കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ശക്തമായ മഴക്കുള്ള (യേല്ലോ അലര്‍ട്ട് ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍ 2021 സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 976.91 മീറ്റര്‍ ആണ്.
കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 974.91 മീറ്റര്‍, 975.91 മീറ്റര്‍, 976.41 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (28.09.2021 ചൊവ്വ) രാവിലെ ഏഴിന് റിസര്‍വോയറിന്റെ ജലനിരപ്പ് 975.91 മീറ്ററില്‍ എത്തിയിട്ടുള്ളതാണ്.
പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍, റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, കാലാവസ്ഥ പ്രവചനം പ്രകാരം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുമെന്നതിനാലും, കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് അറിയിക്കുന്നു.
റിസര്‍വോയറിലെ ജലനിരപ്പ് 976.41 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും, ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുന്നതുമായിരിക്കും. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.