ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
കോവിഡ് മരണങ്ങളില്‍ ഏറെയും അനുബന്ധ രോഗമുള്ളവര്‍
സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഈ അഞ്ചു വര്‍ഷക്കാലവും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തന്നെ ഗുണനിലവാരമുള്ള മികച്ച ചികിത്സ, മികച്ച സേവനം എന്നിവ ആശുപത്രികളില്‍ ലഭ്യമാക്കുക എന്നതും ഉത്തരവാദിത്തമാണ്.
ആര്‍ദ്രമെന്ന വാക്ക് ലക്ഷ്യമിടുന്നത് പോലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് വരുന്ന ഓരോ വ്യക്തിക്കും ആര്‍ദ്രതയോടെയുള്ള സേവനം ലഭിക്കുന്നു എന്നുകൂടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡിനോടൊപ്പം തന്നെ പകര്‍ച്ച വ്യാധികളും ഒരു വെല്ലുവിളിയാണ്. ജീവിതശൈലി രോഗങ്ങളും അനുബന്ധ രോഗങ്ങളും ഉള്ളവര്‍ക്കിടയില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നതായി കാണുന്നു. ഇത്തരത്തിലുള്ള മരണങ്ങള്‍ 60 ശതമാനത്തിന് മുകളില്‍ വരും. ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരിക എന്നത് വളരെ പ്രധാനമാണ്. ഇത് കൃത്യമായി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യമാണ്. അതിനായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ച് കൊണ്ടുള്ള വലിയ ക്യാമ്പയിനായി പ്രവര്‍ത്തിക്കണം. യുവാക്കള്‍ക്കിടയിലെ ജീവിതശൈലീ രോഗങ്ങളും ശ്രദ്ധിക്കണം.
ലബോറട്ടറി നെറ്റുവര്‍ക്ക് ശാക്തീകരിച്ചുകൊണ്ട് സര്‍വയന്‍സിന്റെ ഭാഗമായി ഡേറ്റ ശേഖരിക്കും. വ്യായാമവും നല്ല ഭക്ഷണവും ഉറപ്പാക്കണം. ക്ഷയരോഗം മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ 2025 ഓടുകൂടി കേരളത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്.
ഈ 100 ദിവസങ്ങള്‍ ആരോഗ്യ മേഖലയെ സംബന്ധിച്ച് വളരെയേറെ വെല്ലുവിളികളൂടെ കടന്നുപോയ ഘട്ടമാണ്. ആ വെല്ലുവിളികള്‍ അതിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണമായി അതിജീവിക്കുന്നതിന് വേണ്ടിയിട്ടുള്ള കൂട്ടായ പരിശ്രമത്തിലാണ് ഓരോരുത്തരുമുള്ളത്. കോവിഡ്, സിക്ക വൈറസ് ഏറ്റവുമൊടുവില്‍ നിപയുടെ ഒരു കേസും സംസ്ഥാനത്ത് റിപ്പോട്ട് ചെയിതിരുന്നു. പകര്‍ച്ച വ്യാധികളെ അതിജീവിക്കുന്നതിനുള്ള ഏറ്റവും മാതൃകാ പരമായിട്ടുള്ള ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ സര്‍ക്കാര്‍ ചുമതലയേറ്റിട്ട് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോകുമ്പോഴും അതിന് സമാന്തരമായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മുടങ്ങാതെ മുന്നോട്ട് കൊണ്ടു പോകുന്നതിനായുള്ള പരിശ്രമങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് പോയിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് ഈ പദ്ധതികള്‍ സാക്ഷാത്ക്കരിക്കാനായത്.
സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ കുറഞ്ഞ കാലത്തിനുള്ളില്‍ കഴിഞ്ഞിട്ടുണ്ട്. ഇതൊരു ടീം വര്‍ക്കാണ്. ഈ സാഹചര്യത്തില്‍ പോലും ആശുപത്രി വികസനങ്ങള്‍ക്ക് ഒട്ടും കോട്ടം തട്ടാതെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജൂലൈ മാസത്തില്‍ സബ് സെന്റര്‍ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ പദ്ധതികളുടെ ഉദ്ഘാടനവും.
കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തില്‍ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനത്താണ്. ഈ 5 വര്‍ഷം വളരെ കൃത്യമായ ലക്ഷ്യങ്ങള്‍ മുന്നില്‍ നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള കര്‍മ്മ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
126 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ച് ജില്ലാ ആശുപത്രികള്‍, രണ്ട് ജനറല്‍ ആശുപത്രികള്‍, രണ്ട് കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് സെന്റര്‍, ഒരു റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. അതത് സ്ഥലങ്ങളിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ആര്‍ദ്രം മിഷന്‍: നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
നാറാണംമൂഴി സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാശ്ചാദനം ചെയ്തു. 16 ലക്ഷം രൂപ ചിലവഴിച്ചാണ് നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം പണികഴിപ്പിച്ചത്.
ആര്‍ദ്രം എന്‍.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
വെയിറ്റിംഗ് ഏരിയ, ഇരിപ്പിടം, രോഗികള്‍ക്കായുള്ള ശുദ്ധജലം, പബ്ലിക്ക് അഡ്രസ് സിസ്റ്റം, ഒപി മുറിയിലെ സജീകരണങ്ങള്‍, മുലയൂട്ടല്‍ മുറി എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മുന്‍പ് പ്രാഥമികാരോഗ്യകേന്ദ്രമായി പ്രവര്‍ത്തിച്ച വന്നിരുന്ന കെട്ടിടത്തില്‍ ആകെ 13 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഈ കെട്ടിടത്തില്‍ ഒപി മുറി, ലാബ്, ഫാര്‍മസി സ്റ്റോര്‍റൂം, പാലിയേറ്റീവ് മുറി, ഓഫീസ്, പൊതുജനാരോഗ്യം, ജീവനക്കാര്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി ക്രമീകരിച്ച ഒപി കെട്ടിടം പ്രവര്‍ത്തന സജ്ജമായതോടെ പൊതുജനങ്ങള്‍ക്ക് ആശുപത്രി സേവനം മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാകും.
കേരള സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായ ആര്‍ദ്രം മിഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 19 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. 2018-19 വര്‍ഷത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെടുന്നതിനു തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ് നാറാണംമൂഴിയിലെ കുടുംബാരോഗ്യ കേന്ദ്രം.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് നീറംപ്ലാക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനിയമ്മ അച്ചന്‍കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി തോമസ്, മാത്യു കാനാട്ട്, സതീഷ് പണിക്കര്‍, വാര്‍ഡ് മെമ്പര്‍ റോസമ്മ വര്‍ഗീസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന പ്രസന്നന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ഡൊമിനിക്, സോണിയ മനോജ്, പി.സി. അനിയന്‍, റെനി വര്‍ഗീസ്, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. രചനാ ചിതംബരം, ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സി.ജി. ശ്രീരാജ്, സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് എം.എസ്. സുജ തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്‍ദ്രം മിഷന്‍: വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാശ്ചാദനം ചെയ്തു. 18.5 ലക്ഷം രൂപ ചിലവഴിച്ചാണ് വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രം പണികഴിപ്പിച്ചത്.
ആര്‍ദ്രം എന്‍.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. വെയിറ്റിംഗ് ഏരിയ, പുതിയ ഒബ്സര്‍വേഷന്‍ മുറി, ഒപി കെട്ടിടത്തില്‍ പുതിയ നവീകരണം, ഒപി മുറി വിപുലീകരണം, ഇരിപ്പിടം, രോഗികള്‍ക്കായുള്ള ശുദ്ധജലം, പബ്ലിക്ക് അഡ്രസ് സിസ്റ്റം, ഒപി സജീകരണങ്ങള്‍, മുലയൂട്ടല്‍ മുറി എന്നിവയാണ് പുതിയതായി ഒരുക്കിയത്. മുന്‍പുണ്ടായിരുന്ന കെട്ടിടത്തില്‍ ഒപി മുറി, ലാബ്, ഫാര്‍മസി സ്റ്റോര്‍റൂം, ഡ്രസിംഗ് മുറി, ശുചിമുറി എന്നിവയാണ് ഉണ്ടായിരുന്നത്.
കേരള സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായ ആര്‍ദ്രം മിഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 19 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. 2018-19 വര്‍ഷത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെടുന്നതിനു തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ് വെച്ചൂച്ചിറയിലെ കുടുംബാരോഗ്യ കേന്ദ്രം.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സ്റ്റീഫന്‍ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സതീഷ് പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. മാത്യു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി ചെറിയാന്‍, പി.എച്ച്. നഹാസ്, പ്രസകുമാരി, ടി.കെ. രാജന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. രചനാ ചിതംബരം, ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സി.ജി ശ്രീരാജ്, വെച്ചൂച്ചിറ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശിഷ് പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.