Trending Now

വിരലടയാളം തെളിവായി 17 വര്‍ഷം മുമ്പ് നടന്ന മോഷണ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍

 

കോന്നി വാര്‍ത്ത  ഡോട്ട് കോം : പതിനേഴു വര്‍ഷം മുമ്പ് നടന്ന മോഷണക്കേസില്‍ രണ്ടു പ്രതികളെ വിരലടയാളം സാമ്യമായതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. 2004 സെപ്റ്റംബറില്‍ പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ ഒരു വീട്ടില്‍ നിന്നും ഇരുപത്തിരണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണവും വജ്ര നെക്ലേസും ഒരു ലക്ഷത്തി അയ്യായിരം രൂപയും കവര്‍ന്ന കേസിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഷ്ടാക്കള്‍ കുടുങ്ങിയത്.

കിടങ്ങന്നൂര്‍ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പര്‍ 27 ല്‍ എഴിക്കാട് രാജന്‍ എന്ന് വിളിക്കുന്ന രാജന്‍ (56), കൊടുമണ്‍ ഐക്കാട് വളക്കട ജംഗ്ഷനില്‍ താഴെ മുണ്ടക്കല്‍ വീട്ടില്‍ സുരേഷ് (52) എന്നിവരെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ ജി സുനിലും സംഘവും അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വി ബിജുലാലിന്റെയും സംഘത്തിന്റെയും ശാസ്ത്രീയ വിരലടയാള പരിശോധനാഫലം പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സഹായകമായി. ജില്ലയിലെ നിരവധി മോഷണ കേസുകളില്‍ ജില്ലാ ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെ വിരലടയാള പരിശോധനയിലൂടെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

വിവിധ ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയും സ്ഥിരം മോഷ്ടാവുമായ എഴിക്കാട് രാജന്‍ ഇപ്പോള്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണലയം മുളവുകാട് വീട്ടിലാണ് താമസിച്ചുവരുന്നത്. സുരേഷും നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ഇരുവരും പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

രാത്രി വീടിന്റെ ഗ്രില്ലും പൂട്ടും തകര്‍ത്ത് അകത്തുകടന്ന പ്രതികള്‍, കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ വജ്ര ആഭരണങ്ങളും പണവും കവരുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പ്രതികളെ കിട്ടാതെ വന്നപ്പോള്‍ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ച കേസില്‍ വിരലടയാളങ്ങള്‍ നിര്‍ണായകമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഈയിടെ തിരുവനന്തപുരത്ത് നടന്ന ഒരു മോഷണ കേസില്‍ അറസ്റ്റിലായ രാജന്റെയും കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ കേസില്‍ പിടിക്കപ്പെട്ട സുരേഷിന്റെയും വിരലടയാളങ്ങള്‍, പത്തനംതിട്ടയിലെ മോഷണം നടന്ന വീട്ടില്‍ നിന്നും ശേഖരിച്ച വിരലടയാളങ്ങളുമായി സാമ്യമുണ്ടെന്നു കണ്ടെത്തിയതോടെയാണ് പ്രതികളിലേക്കുള്ള വഴി തെളിഞ്ഞത്.

ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വി ബിജുലാല്‍, വിരലടയാള പരിശോധനാ വിദഗ്ധരായ ശൈലജകുമാരി, ശ്രീജ, രവികുമാര്‍, എഎസ്‌ഐ സുനിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം കണ്ടെത്തിയ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിയെ അറിയിക്കുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ കേസ് പുനരന്വേഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

വര്‍ഷങ്ങള്‍ പഴക്കമുള്ളതും, പ്രതികളെ കിട്ടാതെ വന്നപ്പോള്‍ താത്കാലികമായി അവസാനിപ്പിച്ചതുമായ കേസില്‍ വിരലടയാള പരിശോധനയിലൂടെ തുമ്പുണ്ടാക്കിയ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ വിദഗ്ധരെയും സമയോചിതമായ നീക്കങ്ങളിലൂടെ പ്രതികളെ കുടുക്കിയ അന്വേഷണ സംഘത്തെയും ജില്ലാ പോലീസ് മേധാവി പ്രത്യേകം പ്രശംസിച്ചു.