പത്തനംതിട്ട ജില്ലയ്ക്ക് ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍കൂടി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ആറ് ഗവ. ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ജില്ലാ ഹരിതകേരളം മിഷനും ചേര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിച്ചു.

ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ആയുഷ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.സുനിത, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്.

പന്തളം നഗരസഭ, കുളനട ഗ്രാമപഞ്ചായത്ത്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആയൂര്‍വേദ ഡിസ്‌പെന്‍സറികളിലും ഹോമിയോ ഡിസ്‌പെന്‍സറികളിലുമാണ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നത്.

കൊടങ്ങല്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്‌മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ തുടങ്ങി 15 തൈകള്‍ വീതമാണ് ഓരോ പച്ചത്തുരുത്തുകളിലും ഉളളത്. ഗവ. ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന് ഔഷധസസ്യ ഉദ്യാനം ഒരു പ്രധാന ഘടകമാണ്. ഔഷധ സസ്യങ്ങളുട ഉപയോഗത്തെക്കുറിച്ചും അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വരും തലമുറയ്ക്ക് അറിയാന്‍ തൈകള്‍ക്ക് കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

പന്തളം നഗരസഭയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് ഔഷധ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. കുളനട, പന്തളം തെക്കേക്കര, കുറ്റൂര്‍, അരുവാപ്പുലം എന്നിവിടങ്ങളില്‍ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍ തൈ നട്ട് ഔഷധ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുനടത്തിയ പരിപാടിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഗവ. ഹോമിയോ,ആയുര്‍വേദ ഡിസ്‌പെന്‍സറി ജീവനക്കാര്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!