കോന്നി വാർത്ത ഡോട്ട് കോം :പാലക്കാട് തത്തമംഗലത്ത് ജനിച്ച ജാക്ക് എന്ന കുതിര വളരുന്നത് കുളത്തുമണ്ണിൽ ആണെങ്കിലും ടൂറിസം വികസിക്കുമ്പോൾ കുളമ്പടി കോന്നിയുടെ വീഥികളിൽ കേൾക്കും.
അരുവാപ്പുലം കുളത്തുമണ്ണിൽ രക്നഗിരിയിൽ ഷാൻ,ഷൈൻ എന്നീ സഹോദരങ്ങൾ ചേർന്ന് നടത്തുന്ന മണ്ണുശേരി ഫാമിലാണ് ജാക്ക് ഇപ്പോൾ ഉള്ളത്.5 മാസം മുന്നേ പാലക്കാട് നിന്നുമാണ് ഇവനെ കുളത്തുമണ്ണിൽ കൊണ്ട് വന്നത്. ഇപ്പോൾ 11 മാസത്തെ വളർച്ച ഉണ്ട്.
പൂർണ്ണമായും സവാരിക്ക് ഉദ്ദേശിച്ചാണ് കൊണ്ട് വന്നത്. സവാരി നടത്തണം എങ്കിൽ രണ്ടു വയസ്സ് കഴിയണം. അപ്പോൾ കുതിര വണ്ടിയും സജീകരിച്ചു ഒരു കുതിരയെ കൂടി എത്തിച്ചു മണ്ണുശേരി ബ്രദേഴ്സ് എന്ന പേരിൽ ടൂറിസം വികസനത്തിൽ പങ്കാളികളാകാനാണ് പ്രവാസികളായ ഷാന്റെയും ഷൈനിന്റെയും തീരുമാനം. ഷാൻ ഇപ്പോൾ പൂർണ്ണമായും ഫാമുമായി നാട്ടിലും ഷൈൻ സൗദിയിലുമാണ്.
11 മാസം പ്രായമുള്ള ജാക്കിന് പരിശീലനം നൽകുന്നുണ്ട്. രാവിലെയും വൈകിട്ടും പറമ്പിൽ അരമണിക്കൂർ പരിശീലനം ഉണ്ട്.പരിശീലനം കഴിഞ്ഞു രാവിലെയും വൈകിട്ടും ഗോതമ്പ്, തവിട്, മുതിര, വേവിച്ച കടല എന്നിവയാണ് ആഹാര ക്രമത്തിൽ ഉള്ളത്. ഉച്ചയ്ക്ക് വളർത്ത് പുല്ലും കച്ചിയും കൊടുക്കും.ജാക്ക് ചെറുപ്രായമായതിനാൽ ലാടം പിന്നീട് മാത്രമേ ഉറപ്പിക്കൂ. കിളച്ചിട്ട പറമ്പിൽ ആണ് നടത്തം.
ഷാനും, ഷൈനും ചേർന്ന് 50 സെന്റിലെ ഫാമിൽ വാഴ, കപ്പ, ചേന, കാച്ചിൽ എന്നീ കൃഷിയുണ്ട്. കൂടാതെ ബാക്കി റബർ കൃഷിയുണ്ട്. നാടൻ കോഴി, മുയൽ, കാട എന്നിവയും ഈ ഫാമിൽ ഉണ്ട്. ഫാമിന്റെ പേരിൽ അടുത്ത ദിവസം തന്നെ കോഴിക്കട തുടങ്ങും.
ഫാമിന്റെ ചുമതല ഇപ്പോൾ ഷാനാണ്. സിസിടിവി സ്ഥാപിക്കുന്ന ജോലിയും ചെയ്തു വരുന്നു.
ഫാമിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നു സഹോദരങ്ങൾ “കോന്നി വാർത്തയോട് പറഞ്ഞു.