പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങി കോന്നി കെ എസ് ആർ ടി സി ഡിപ്പോ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിൽ വികസനത്തിൻ്റെ പെരുമഴ പെയ്യിക്കുന്നുവെന്ന് കോന്നിയിലെ ജനപ്രതിനിധി പറയുമ്പോഴും കാടുകയറി എങ്ങുമെത്താതെ കിടക്കുകയാണ് കോന്നി കെ എസ് ആർ ടി സി ഡിപ്പോ.

മൂന്ന് വർഷമായി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്.കഴിഞ്ഞ വർഷം ഡിപ്പോയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ യു ജനീഷ് കുമാർ എം എൽ എ യുടെ നേതൃത്ത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും കെ എസ് ആർ ടി സി അധികൃതരും നിർദിഷ്ട സ്ഥലം സന്ദർശിച്ച് നടപടികൾ വേഗത്തിലാക്കാൻ തീരുമാനമെടുത്തെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല.

വസ്തു സംബന്ധിച്ച് 2018 മുതൽ സ്വകാര്യ വ്യക്തിയുമായി ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് സംബന്ധിച്ച് വസ്തു ഉടമയുമായി ചർച്ച നടത്തി പരിഹാരം കാണുന്നതിനും കോന്നിയിലെ ജനപ്രതിനിധി തീരുമാനിച്ചിരുന്നു. എന്നാൽ ഇതൊന്നും യാതൊരു നടപടിയും കൂടാതെ വെറും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി പോവുകയാണ് ചെയ്തത്.

നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്തതിനാൽ മുൻപ് നിർമ്മിച്ച കെട്ടിടങ്ങൾ കാടുകയറി നാശാവസ്ഥയിലാണിപ്പോൾ.പ്രധാന വഴിയുടെ സമീപത്ത് നിന്നും കാട് വളർന്ന് നിൽക്കുന്നതിനാൽ ഈ ഭൂമിയിലേക്ക് എത്തിച്ചേരാൻ പോലും കഴിയാത്ത അവസ്ഥയാണ്.പഴയ സ്വകാര്യ ബസ്റ്റാൻ്റാണ് ഇപ്പോൾ കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്നത്. ഇതിനാൽ സ്വകാര്യ ബസുകൾ റോഡിലാണ് പാർക്ക് ചെയ്യുന്നത്.പുതിയ ഡിപ്പോ പ്രവർത്തന സജ്ജമായാലേ ഇവയ്ക്കെല്ലാം പരിഹാരമാകു.പുതിയ ഡിപ്പോ നിർമ്മാണം വൈകുന്നതിൽ ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്.

മനോജ് പുളിവേലില്‍ ,ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത

error: Content is protected !!