Trending Now

റവന്യു വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു;    സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(9) 

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി
 
റവന്യു വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു;   
സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(9)  
റവന്യു വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്കുന്ന വിവിധ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(സെപ്റ്റംബര്‍ 9 വ്യാഴം) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പകല്‍ 11.30ന് തിരുവന്തപുരം അയ്യങ്കാളി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, ജി.ആര്‍ അനില്‍, വി. ശിവന്‍കുട്ടി എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്തെ റവന്യു വകുപ്പ് ജീവനക്കാരും ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തിലൂടെ യോഗത്തില്‍ പങ്കാളികളാകും.
റവന്യു വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യവും ജനോപകാരപ്രദവുമായി വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള താഴെപറയുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
എല്ലാ വില്ലേജുകള്‍ക്കും ഔദ്യോഗിക വെബ് സൈറ്റ്
സംസ്ഥാനത്തെ 1666 വില്ലേജ് ഓഫീസുകള്‍ക്കും പ്രത്യേക വെബ് സൈറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. www.village.kerala.gov.in എന്ന വിലാസത്തില്‍ വെബ്‌സൈറ്റ് ലഭ്യമാണ്. പത്തനംതിട്ട ജില്ലയിലെ 70 വില്ലേജ് ഓഫീസുകളുടെയും വെബ്‌സൈറ്റ് ഈ വിലാസത്തില്‍ ലഭ്യമാണ്. വെബ് സൈറ്റിലൂടെ ഓരോ വില്ലേജിന്റെയും അടിസ്ഥാന വിവരങ്ങള്‍, ലഭിക്കുന്ന സേവനങ്ങള്‍, ഭൂമിയുടെ വിവരങ്ങള്‍, ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭിക്കും.
ഭൂനികുതി ഓണ്‍ലൈനായി അടക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍. സര്‍വെ സ്‌കെച്ച് (എഫ്.എം.ബി), തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ ഓണ്‍ലൈനായി നല്കുന്ന മോഡ്യൂള്‍.
ഭൂമിയുടെ തരം മാറ്റത്തിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍. ഭൂമിയുടെ തരം മാറ്റത്തിനുള്ള അപേക്ഷകളില്‍ സുതാര്യമായി നടപടി സ്വീകരിക്കുന്നതിനും ഭൂരേഖകളിലെ കൃത്രിമം തടയുന്നതിനും ഈ പോര്‍ട്ടല്‍ സഹായകമാകും.
റവന്യു വകുപ്പിലൂടെ നല്കി വരുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഓണ്‍ലൈനാകും. അര്‍ബുദം, ക്ഷയം, കുഷ്ഠരോഗം എന്നിവമൂലം ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്ക് റവന്യു, വകുപ്പിലൂടെ നല്കി വരുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നിലവില്‍ വരും.