Trending Now

പൊതുമേഖലയെ മത്സര സജ്ജമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി. രാജീവ്

 

ട്രാക്കോ കേബിള്‍ കമ്പനി തിരുവല്ല യൂണിറ്റിലെ ആധുനിക
മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

പൊതുമേഖലയെ മത്സര സജ്ജമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല യൂണിറ്റില്‍ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലയെ ഇന്നത്തെ സാഹചര്യത്തിനനുസരിച്ചുള്ള ആധുനികവത്കരണവും വൈവിധ്യവത്കരണവും സര്‍ക്കാര്‍ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ഒറ്റത്തവണയായി നല്‍കുവാന്‍ ശ്രമിക്കും. പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുമേഖലയെ ശക്തിപ്പെടുത്തും. ജീവനക്കാരേയും തൊഴിലാളികളേയും സുതാര്യമായി തിരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പി.എസ്.സി നിയമനം നടത്താത്ത എല്ലാ ഒഴിവുകളും റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി ഏര്‍പ്പെടുത്തും. എല്ലാ നിയമവും അനുസരിക്കുന്നവയ്ക്കു പഞ്ചനക്ഷത്ര പദവി നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കുകയാണ്. ഇതിനനുസരിച്ചാകും ഭാവിയില്‍ സര്‍ക്കാര്‍ പദ്ധതി വിഹിതം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല യൂണിറ്റില്‍ എക്സ്എല്‍പിഇ കേബിളുകളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും വെതര്‍ പ്രൂഫ് കേബിളുകളുടെ ഉത്പാദനത്തിനും സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളായ 19 ബോബിന്‍ സ്ട്രാഡര്‍, വയര്‍ ഇന്‍സുലേഷന്‍ ലൈന്‍, കേബിള്‍ ഷീത്തിംഗ് ലൈന്‍, ഓട്ടോമാറ്റിക് കോയിലിംഗ് മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനമാണ് നടന്നത്.

കേബിള്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡിന്റെ തിരുവല്ലാ യൂണിറ്റില്‍ നൂതന സാങ്കേതിക വിദ്യയിലൂടെയുള്ള പുതിയ യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് നവീകരിച്ചിട്ടുള്ളത്. 2018-19ല്‍ ആധുനികവല്‍ക്കരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയില്‍ നിന്നും 74.281 ലക്ഷം രൂപയുടെ 19 ബോബിന്‍ സ്ട്രാന്‍ഡര്‍ മെഷീന്‍, 29.2876 ലക്ഷം രൂപ ചെലവില്‍ ഹെവി ഡ്യൂട്ടി മള്‍ട്ടീകോര്‍ സിങ്കിള്‍ ഹെഡ് കോയിലിംഗ് മെഷീന്‍, സംസ്ഥാന സര്‍ക്കാര്‍ 2017-2018ല്‍ അനുവദിച്ച തുകയില്‍ നിന്നും 103.36 ലക്ഷം രൂപ വിനിയോഗിച്ച് വെതര്‍ പ്രൂഫ് ഇന്‍സുലേഷന്‍, ഷീത്തിംഗ് മെഷീന്റെ വൈവിധ്യവല്‍ക്കരണവും ഇന്‍സ്റ്റലേഷനും നടത്തി. ഈ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതുവഴി വെതര്‍ പ്രൂഫ് കേബിളുകളും കണ്‍ട്രോള്‍ കേബിളുകളും എസിഎസ്ആര്‍ കണ്ടക്ടറുകളുടെ ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ കഴിയും. അതുവഴി തിരുവല്ലാ യൂണിറ്റില്‍ അലുമിനിയം കണ്‍വെര്‍ഷന്‍ ക്ഷമതയായ 3000 മെട്രിക്ക് ടണ്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ സാധിച്ചു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്കോ കേബിള്‍ കമ്പനി നിര്‍മിച്ച എച്ച്റ്റിഎക്സ്എല്‍പിഇ ഇന്‍സുലേറ്റഡ് എസിഎസ്ആര്‍ കവേഡ് കണ്ടക്ടര്‍ ‘ട്രാക്കോ സിസിഎക്സ്’ എന്ന ബാന്‍ഡില്‍ തിരുവല്ലാ യൂണിറ്റില്‍ നിന്ന് വിജയകരമായി ഉത്പാദിപ്പിച്ചു വരുന്നുണ്ട്.

കമ്പനി ഉത്പന്നങ്ങളുടെ പ്രധാന ഉപഭോതാവ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ആണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ നിന്ന് 2011-22 സാമ്പത്തിക വര്‍ഷം 98.8 കോടി രൂപയുടെ എസിഎസ്ആര്‍ കണ്ടക്ടറുകളുടെ പുതിയ ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചു. കമ്പനിക്ക് ആകെ 180 കോടി രൂപയുടെ ഓര്‍ഡറുകള്‍ നിലവിലുണ്ട്.

തിരുവല്ല യൂണിറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭാ അധ്യക്ഷ ബിന്ദു ജയകുമാര്‍, ട്രാക്കോ കേബിള്‍ കമ്പനി ചെയര്‍മാന്‍ അഡ്വ.എ.ജെ. ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ മറിയാമ്മ മത്തായി, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, യൂണിയന്‍ നേതാക്കളായ അഡ്വ. ആര്‍. സനല്‍കുമാര്‍, അഡ്വ.കെ. ശിവദാസന്‍ നായര്‍ എക്സ് എംഎല്‍എ, അലക്സ് കണ്ണമല, എം.എം. ബഷീര്‍ കുട്ടി, ട്രാക്കോ കേബിള്‍ കമ്പനി യൂണിറ്റ് മേധാവി ബിജു കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.