Trending Now

പത്തനംതിട്ട ജില്ലയിലെ സാംസ്‌കാരിക സമുച്ചയത്തിന് ഏനാദിമംഗലം പഞ്ചായത്തില്‍ സ്ഥലം കണ്ടെത്തി

സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം: തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായി ഇടപെടണം- ജില്ലാ വികസന സമിതി

സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉറപ്പാക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ഉറപ്പാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍ദേശിച്ചു. ജില്ലയിലെ എത്ര വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഇനിയും ലഭ്യമാകാനുണ്ടെന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സമിതി വിലയിരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

കെഐപിയുമായി ബന്ധപ്പെട്ട കനാലിലെയും ബന്ധപ്പെട്ട സ്ഥലങ്ങളിലെയും കാട് തെളിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എയും നിര്‍ദേശിച്ചു. തിരുവല്ല-പൊടിയാടി റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഈ റോഡ് നിര്‍മാണം മൂലം ഉണ്ടായിട്ടുള്ള ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചു. വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ച് വേട്ടയാടാന്‍ അനുവദിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ ആവശ്യപ്പെട്ടു.

വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകള്‍ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വസ്തുതാപരമായ വിവരം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പന്തളം മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം: ഡെപ്യുട്ടി സ്പീക്കര്‍

കടയ്ക്കാട്, മുടിയൂര്‍ക്കോണം, ആമപ്പുറം ഉള്‍പ്പെടെ പന്തളം മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂരില്‍ കെ.പി റോഡില്‍ പൈപ്പ് മാറ്റി സ്ഥാപിച്ച സ്ഥലങ്ങളിലെ മണ്ണ് ഉറപ്പിച്ച ശേഷം ടാര്‍ ചെയ്യുകയോ, കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യണം. മണ്ണിട്ട് ശരിയായി ഉറപ്പിക്കാത്തതിനാല്‍ വാഹനങ്ങള്‍ താഴുന്ന സ്ഥിതിയുണ്ട്. ഇതിനു പരിഹാരം കാണണം. റോഡുകളുടെ വശങ്ങളിലെ കാടുകള്‍ തെളിക്കണം. പറക്കോട്-കൊടുമണ്‍ റോഡ് അടിയന്തരമായി ടാര്‍ ചെയ്യണം. ആനയടി റോഡില്‍, പള്ളിക്കല്‍ പഞ്ചായത്ത് ഓഫീസ് മുതല്‍ കുരമ്പാല തെക്കു വരെ ടാര്‍ ചെയ്യാവുന്ന സ്ഥിതിയിലാണ്. ഇത് ഉടന്‍ പൂര്‍ത്തീകരിക്കണം. മെറ്റല്‍ ഇളകി കിടക്കുന്നതു മൂലം ജനങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ്. ഇതിനു പരിഹാരം കാണണം.

കുടിവെള്ള പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണം:അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

തിരുവല്ല തിരുമൂലപുരം തോലശേരി മേഖല, മേപ്രാല്‍, ചാത്തങ്കേരി എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് വാട്ടര്‍ അതോറിറ്റി അടിയന്തരമായി പരിഹാരം കാണണമെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുളിക്കീഴ് ജംഗ്ഷനിലെ കൈയേറ്റം ഒഴിപ്പിക്കണം. മുത്തൂര്‍ ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. തിരുവല്ല രാമഞ്ചിറ ബൈപ്പാസിലെ ഓട നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി കൈക്കൊള്ളണം. ചുമത്രപാലം നിര്‍മാണം വേഗം തുടങ്ങണം. ബഥേല്‍പടി- ചുമത്ര റോഡ് നിര്‍മാണം ഉടന്‍ തുടങ്ങണം. എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനം മണ്ഡല അടിസ്ഥാനത്തില്‍ നടത്തണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.

മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ പ്രവൃത്തികള്‍ സെപ്റ്റംബര്‍ മാസം പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വള്ളിക്കോട്, പ്രമാടം, ചിറ്റാര്‍ എന്നിവിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തി നടത്തണം. കാഷ്വാലിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കോന്നി മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് ആരംഭിക്കണം. നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് റോഡില്‍ സ്ഥാപിക്കുന്ന പ്രവൃത്തി സെപ്റ്റംബര്‍ 10ന് തീരുന്നെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. തണ്ണിത്തോട് പ്ലാന്റേഷന്‍ റോഡ്, കോട്ടമണ്‍പാറ റോഡ് ഉള്‍പ്പെടെ റീബില്‍ഡ് കേരള പദ്ധതിയിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് സാംസ്‌കാരിക വകുപ്പ് നിര്‍മിക്കുന്ന ജില്ലയിലെ സാംസ്‌കാരിക സമുച്ചയത്തിന് ഏനാദിമംഗലം പഞ്ചായത്തിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ 10ന് മന്ത്രി സ്ഥലം സന്ദര്‍ശിക്കും. കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മൂലമുള്ള മരണം എന്നിവയുമായി ബന്ധപ്പെട്ട പരാതികളില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് പരിഹാരം കാണണമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണം. ഈ റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണം. പന്തളം നഗരസഭ സിഎഫ്എല്‍ടിസിയില്‍ ഭക്ഷണം, വാഹനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണം. കൈതപ്പറമ്പ് പിഎച്ച്സിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണം. പന്തളം മുട്ടാര്‍ നീര്‍ച്ചാലിന്റെ സര്‍വേ നടത്തുന്നതിന് ടീമിനെ നിയോഗിക്കണം. അടൂര്‍ ടൗണിലെ അഴുക്കുചാല്‍ നവീകരണം കൃത്യമായി നടത്തണം. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രം റോഡ് ടാര്‍ ചെയ്യണം. പന്തളം റവന്യു ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വേഗമാക്കണം. നെടുങ്കുന്നുമല ടൂറിസം പദ്ധതിക്കുള്ള നടപടി വേഗമാക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

ശബരിമല തീര്‍ഥാടന മുന്നൊരുക്കം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കണം-അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം വിളിക്കണം. റാന്നി ടൗണില്‍ അടിക്കടി വൈദ്യുതി മുടങ്ങുന്നതിന് കെഎസ്ഇബി പരിഹാരം കാണണം. കനത്തമഴയില്‍ സംരക്ഷണ ഭിത്തി ഇടിയുന്നതു മൂലം റാന്നി മണ്ഡലത്തില്‍ വീടുകള്‍ ഉള്‍പ്പെടെ അപകടാവസ്ഥയില്‍ ആയിട്ടുണ്ട്. ഇതിന്റെ കണക്കെടുത്ത് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണം. റാന്നി പാലം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗമാക്കണം. ഡിടിപിസിയുടെ വടശേരിക്കരയിലെ കെട്ടിടം മോശം സ്ഥിതിയിലാണ്. ഇതു പുനരുദ്ധരിക്കണം. കുമ്പളാംപൊയ്ക ഉതിമൂട് റോഡില്‍ കുമ്പളാംപൊയ്ക പാലം അപകടാവസ്ഥയിലാണ്. ഇതിനു പരിഹാരം കാണണമെന്നും അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍ദേശിച്ചു.

വെള്ളപ്പൊക്ക സാധ്യത: ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം തുടങ്ങണം- അഡ്വ. കെ. ജയവര്‍മ്മ

വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം തുടങ്ങണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡുമായി ബന്ധപ്പെട്ട് വാര്‍ഡ് നിരീക്ഷണ സമിതികള്‍ സജീവമാക്കണം.
കോവിഡുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. വടശേരിക്കര ചൊവ്വൂര്‍ കടവിലെ കടത്ത് പുനരാരംഭിക്കണം. എഴുമറ്റൂര്‍ പടുതോട് ബാസ്റ്റോ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം.

റിന്യൂവല്‍ ലൈസന്‍സുകള്‍ കാലതാമസമില്ലാതെ പുതുക്കി നല്‍കാന്‍ വിവിധ വകുപ്പുകള്‍ നടപടിയെടുക്കണം. കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പരാതിയില്‍ സര്‍ക്കാര്‍ ഇടപെടണം. കടമ്പനാട് പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയിലെ കരാര്‍ സ്വകാര്യ സ്ഥാപനത്തിന് മാറ്റി നല്‍കിയതിനെ കുറിച്ച് കൃഷിവകുപ്പ് പരിശോധിക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

റീസര്‍വേ പൂര്‍ത്തീകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട, കോഴഞ്ചേരി ഉള്‍പ്പെടെ ജില്ലയിലെ അവശേഷിക്കുന്ന വില്ലേജുകളിലെ റീസര്‍വേ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ സര്‍വേ നടപ്പില്‍ വരുന്നതു വരെ കാത്തിരിക്കാതെ റീസര്‍വേ ടീമിനെ നിയോഗിച്ച് ജില്ലയിലെ അവശേഷിക്കുന്ന 11 വില്ലേജുകളിലെ സര്‍വേ കൂടി പൂര്‍ത്തീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

error: Content is protected !!