തിരുവല്ല: പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്
പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു.
നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്.
സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.
ഭാര്യ: പരേതയായ ഷീബ നൗഷാദ്.മകൾ: നഷ്വ.
ചലച്ചിത്ര നിര്‍മാതാവ് നൗഷാദിന്റെ സംസ്കാരം:
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ ഉത്തരവ്
ചലച്ചിത്ര നിര്‍മാതാവ് നൗഷാദിന്റെ സംസ്കാര ചടങ്ങില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി ഉറപ്പുവരുത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
കോവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി ഉറപ്പാക്കുന്നതിന് ഇന്‍സിഡന്റ് കമാന്‍ഡറും തിരുവല്ല തഹസിദാരും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയി പ്രവര്‍ത്തിക്കും. പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പാസ് നല്കി ഓരോരുത്തരെ വീതം നിയന്ത്രിച്ച് പരമാവധി 40 പേരെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
നൗഷാദിന്റെ സംസ്കാര ചടങ്ങില്‍ ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കണമെന്ന് ചലച്ചിത്ര സംവിധായകന് ബ്ലെസി അഭ്യര്‍ഥിച്ചത് പരിഗണിച്ചാണ് ഉത്തരവ്.