Trending Now

സാധാരണ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുവാൻ കേരളത്തിൽ നിയമ നിർമ്മാണം നടത്തണം

സാധാരണ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുവാൻ കേരളത്തിൽ നിയമ നിർമ്മാണം നടത്തണം: കോന്നി അട്ടച്ചാക്കല്‍ നിവാസി ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം : സാധാരണ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുവാൻ കേരളത്തിൽ നിയമ നിർമ്മാണം നടത്തണം എന്നാവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്‍റണി രാജുവിന് കോന്നി അട്ടച്ചാക്കല്‍ നിവാസി നിവേദനം നല്‍കി . അട്ടച്ചാക്കല്‍ തലപ്പള്ളില്‍ വീട്ടില്‍ ജേക്കബ് ഫിലിപ്പാണ് നിവേദനം നല്‍കിയത് .

 

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ച കണ്‍വേര്‍ഷന്‍
കിറ്റുകൾ ഉപയോഗിച്ച് പെട്രോൾ – ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമായി മാറ്റുന്നത് സംബന്ധിച്ചാണ് നിവേദനം നല്‍കിയത് എന്നു ജേക്കബ് ഫിലിപ്പ് “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു .

പ്രകൃതിദത്ത ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും ദിനപ്രതി ഉണ്ടാകുന്ന വില വർദ്ധനവ് മൂലം സാധാരണക്കാരുടെ ജീവിതം നിലവിൽ ദുസഹമാക്കുകയാണ്. കൂടാതെ പുതുതലമുറ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും വളരെ അധികമാണ്. നിലവിൽ പെട്രോൾ – ഡീസൽ വാഹനങ്ങൾ ഗ്യാസ് ഇന്ധനമാക്കി പ്രവർത്തിക്കുന്നതിന് നിയമപരമായ അനുമതി സംസ്ഥാനത്ത് പ്രാബല്യത്തിൽ ഉണ്ട്.

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ച കണ്‍വേര്‍ഷന്‍ കിറ്റുകൾ ഉപയോഗിച്ച് പെട്രോൾ – ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമായി മാറ്റുന്നതിന് കേരളത്തിൽമോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്‍റെ അനുമതി കേരളത്തിലെ വാഹന ഉടമകൾക്ക് കൊടുക്കണമെന്നും, ആവശ്യമായപക്ഷം ഈ വിഷയത്തിൽ നിയമ നിർമ്മാണം നടത്തണമെന്നും ആണ് നിവേദനനത്തില്‍ ഉള്ളത് .

വൻ ബാധ്യതയില്ലാതെ സാധാരണ വാഹനങ്ങൾ പൊതുജനങ്ങൾക്ക് സാമ്പത്തിക ക്ലേശം കൂടാതെ ഇലക്ട്രിക്ക് വാഹനങ്ങളാക്കി മാറ്റുവാൻ സാധിക്കും.

കൂടാതെ പരിസ്ഥിതി സൗഹാർദ്ധപരമായ ഈ പദ്ധതി സമൂഹത്തിൽ ചെലുത്തപ്പെടാൻ സാധ്യതകളായ സാമ്പത്തിക – തൊഴിൽ – സാമൂഹിക സ്വാധീനത്തെയും, സംജാതമാക്കുന്ന ഇതര ഫലപ്രാപ്തികളെകുറിച്ചും വിശദമായി പഠിക്കുന്നതിനും ഈ വിഷയം ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ഒരു വിദഗ്ധ സമതിയെ നിയോഗിക്കണമെന്നും ജേക്കബ് ഫിലിപ്പ് നിവേദനത്തിലൂടെ ആവശ്യം ഉന്നയിച്ചു .

വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി ജേക്കബ് ഫിലിപ്പിനോട് ആവശ്യം ഉന്നയിച്ചു .