Trending Now

പ്രവാസികളുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും: ജില്ലാ കളക്ടര്‍

 

പത്തനംതിട്ട ജില്ലയില്‍ പ്രവാസികളുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.

പ്രവാസികള്‍ക്കായുള്ള ജില്ലയിലെ 16 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായാകും പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരമാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നത്. പത്തനംതിട്ടയില്‍ പ്രവാസികളുടെ എണ്ണം കൂടുതലായതിനാല്‍ ഈ മാസം 16 നകം ഇവ പൂര്‍ത്തിയാക്കാനാണു തീരുമാനം.

വാക്‌സിന്‍ സ്വീകരിച്ച അതത് സെന്ററുകളിലാകും ഇതിനായി സജീകരണം ഒരുക്കുക. ഡാറ്റ എന്‍ട്രിക്കായി പഞ്ചായത്തുകളില്‍ നിന്നും ഉദ്യോഗസ്ഥരെയും ആവശ്യമായ വോളന്റിയര്‍മാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിയോഗിക്കണം.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓണത്തിനു മുന്നോടിയായി കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്, രോഗികളെ ചികിത്സയ്‌ക്കെത്തിക്കുന്നതിനായുള്ള ആംബുലന്‍സ് സൗകര്യം എന്നിവ ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.സി.എസ് നന്ദിനി, ഡി.ഡി.പി കെ.ആര്‍ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.