Trending Now

പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കം പൂര്‍ത്തിയായി

പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കം പൂര്‍ത്തിയായി

ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും.

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായുള്ള വിവിധ സേനകളുടെ പരിശീലനത്തിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പരേഡ് ഗ്രൗണ്ട് സന്ദര്‍ശിച്ചു. പോലീസ്, പോലീസ് വനിത, ഫോറസ്റ്റ്, എക്‌സൈസ്, റിസര്‍വ് പോലീസ് എന്നി വിഭാഗം പ്ലാറ്റൂണുകളുടെ പരിശീലനമാണ് നടന്നത്. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ മേല്‍നോട്ടത്തില്‍ അസി.കമാന്‍ഡന്റ് പി.പി സന്തോഷ്‌കുമാറാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും പൂര്‍ണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അഭ്യര്‍ഥിച്ചു.

ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയിരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേഡിയം കവാടത്തില്‍ ക്രമീകരിച്ചിരിക്കുന്ന തെര്‍മല്‍ സ്‌കാനിംഗിനു വിധേയകമാകുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യണം. ആളുകള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരിക്കില്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം;
ജില്ലയില്‍ ഫ്രീഡം റണ്‍ സംഘടിപ്പിക്കും
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആസാദി കാ അമൃത മഹോത്സവ് പരിപാടിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട നെഹ്റു യുവകേന്ദ്രയുടെ  നേതൃത്വത്തില്‍ ജില്ലയില്‍ ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍’ നടത്തും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഈ മാസം 13 മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെ പരിപാടികള്‍ നടത്തും.  നാഷണല്‍ സര്‍വീസ് സ്‌കീം, യൂത്ത് ക്ലബുകള്‍, മറ്റ് യുവജന സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന പരിപാടി സെപ്റ്റംബര്‍ നാലിന് നടത്തുമെന്ന്  നെഹ്റു യുവകേന്ദ്ര  അറിയിച്ചു.
error: Content is protected !!