Trending Now

കോന്നി മണ്ഡലത്തിലെ 6000 ത്തിലധികം കർഷകർക്ക് പട്ടയം ലഭിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ മലയോര പട്ടയ വിതരണം വേഗത്തിലാക്കും.തീരുമാനം റവന്യൂ-വനം മന്ത്രിമാർ പങ്കെടുത്ത് നടന്ന ഉന്നതതല യോഗത്തിൽ .6000 ത്തിലധികം കർഷകർക്ക് പട്ടയം ലഭിക്കുമെന്ന് – അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ (www.konnivartha.com )

കോന്നി വാര്‍ത്ത ഡോട്ട് കോം :മലയോര മേഖലയിലെ ആറായിരത്തോളം കൈവശ കർഷകർക്ക് പട്ടയ വിതരണം നടത്താനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായതായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റവന്യൂ, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരമാണ് മന്ത്രിമാർ പ്രത്യേക യോഗം വിളിച്ച് മലയോര പട്ടയപ്രശ്നം അവലോകനം ചെയ്തത്.

ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, കലഞ്ഞൂർ, അരുവാപ്പുലം എന്നീ വില്ലേജുകളിലെ കൈവശകർഷകർക്കാണ് പട്ടയം ലഭിക്കാനുള്ളത്.
1980 മുതൽ മലയോര കർഷകർ പട്ടയത്തിനായി പ്രക്ഷോഭത്തിലാണ്. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ആയ ശേഷം നിയമാനുസരണമുള്ള ഉപാധിരഹിത പട്ടയം വിതരണം ചെയ്യുന്നമെന്ന ആവശ്യം നിയമസഭയിൽ നിരന്തരമായി ഉന്നയിച്ചിരുന്നു.
2016 ല്‍ അന്നത്തെ സര്‍ക്കാര്‍ ചിറ്റാറില്‍ വെച്ചു വനം വകുപ്പിന്‍റെ അനുമതിയില്ലാതെ വിതരണം ചെയ്ത 40 പട്ടയം നിയമ വിരുദ്ധമായതിനാല്‍ പിന്നീട് റദ്ദാക്കിയിരുന്നു
തുടര്‍ന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഉപാധിരഹിത പട്ടയവിതരണത്തിനായി നടപടി ആരംഭിക്കുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായി സമീപിക്കുകയും ചെയ്തു.

 

സീതത്തോട് പഞ്ചായത്തിന്‍റെ  പഴയ കെട്ടിടത്തിൽ എം.എൽ.എ മുൻ കൈ എടുത്ത് സ്പെഷ്യൽ റവന്യൂ പട്ടയം ഓഫീസും പ്രവർത്തനം ആരംഭിച്ച് പട്ടയം നല്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി.വനം റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തികരിക്കുകയും ചെയ്തു.പത്തനംതിട്ട ജില്ലാ കളക്ടർ,റാന്നി കോന്നി വനം ഡിവിഷൻ ഓഫീസർമാർ എന്നിവർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചതിനെ തുടർന്ന് സംസ്ഥാന മന്ത്രിസഭയുടെ അംഗികരത്തോടെ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി നൽകുകയും ചെയ്തു.

ഫുഡ് പ്രൊഡക്ഷൻ ഏരിയായിലെ കൈവശക്കാർക്ക് 1964ലെ ഭൂമി പതിവു ചട്ടപ്രകാരവും, 1977 ജനുവരി ഒന്നിനു മുൻപ് വനഭൂമി കൈവശപ്പെടുത്തിയവർക്ക് 1993 ലെ സ്പെഷ്യൽ റൂൾ പ്രകാരവുമാണ് പട്ടയം നല്കേണ്ടത്.പട്ടയം നല്കുമ്പോൾ പരിഹാരവനവല്ക്കരണം നടത്തേണ്ടതുണ്ട്.

കോന്നിയുടെ മലയോര മേഖലയിൽ പട്ടയം നല്കുന്നതിന് പരിഹാര വനവത്കരണത്തിനായി ഇടുക്കി ജില്ലയിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. കമ്പക്കല്ലിലെ നീലക്കുറിഞ്ഞി സാങ്ങ്ചറിയ്ക്കായി മാറ്റി വച്ചിട്ടുള്ള 8000 ഏക്കർ ഭൂമിയിലാണ് പരിഹാര വനവത്കരണം നടപ്പിലാക്കുക.

ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ റീജിയണൽ ഓഫീസ് അധികാരികൾ പരിഹാരവനവൽക്കരണ ഭൂമിയിലുൾപ്പടെ സന്ദർശനം നടത്തേണ്ടതുണ്ട്.ഇതടക്കം പട്ടയ വിതരണം നടത്താൻ ഇനിയും പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങൾക്കായി റവന്യൂ, വനം വകുപ്പ് മന്ത്രിമാർ നിയമസഭാ സമ്മേളന ശേഷം ഡൽഹിയിൽ സന്ദർശനം നടത്തും.

പത്തനംതിട്ട ജില്ലാ കളക്ടർ, ഫോറസ്റ്റ് കൺസർവേറ്ററും, നോഡൽ ഓഫീസറുമായ അരുൺ എന്നിവർ തുടർ പ്രവർത്തനത്തിന് നേതൃത്വം നല്കണമെന്നും യോഗത്തിൽ തീരുമാനമായി.
റവന്യു വകുപ്പ് മന്ത്രി കെ.രാജൻ, വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ
ഡോ:ദിവ്യ.എസ്.അയ്യർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ,ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്.അരുൺ,ഡി.എഫ്.ഒമാരായ പി.കെ.ജയകുമാർ ശർമ്മ, കെ.എൻ.ശ്യാം മോഹൻ ലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.