കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തരായി കേന്ദ്ര സംഘം
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയ കേന്ദ്ര സംഘം പൂര്‍ണ തൃപ്തി അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ സംഘമാണ് ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ജില്ലയിലെ രോഗ വ്യാപനത്തില്‍ കൂടുതലും വീടുകളില്‍ നിന്നുള്ള രോഗബാധയാണ്. ഇവ തടയണമെങ്കില്‍ വീട്ടിലുള്ള ഏതെങ്കിലും ഒരംഗം പ്രൈമറി കോണ്ടാക്ട് ആയാല്‍ ഉടന്‍ റൂം ക്വാറന്റൈനില്‍ പോവുകയും പരിശോധന നടത്തുകയും ചെയ്യണം.
വീട്ടില്‍ ആരെങ്കിലും പോസിറ്റീവ് ആയാല്‍ വീട്ടിലെ എല്ലാവരും കര്‍ശനമായി ക്വാറന്റൈനില്‍ പ്രവേശിക്കണം. ക്വാറന്റൈന്‍ കാലാവധി തീരും വരെ പുറത്തിറങ്ങാന്‍ പാടില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യുന്നവര്‍ റിസള്‍ട്ട് വരും വരെ പുറത്തിറങ്ങാന്‍ പാടില്ലെന്നും കേന്ദ്ര സംഘം പറഞ്ഞു. രോഗവ്യാപനം ഉയര്‍ന്ന നിലയിലേക്ക് പോകാതിരിക്കുന്നതിന് ജനങ്ങള്‍ എസ്.എം.എസ്(സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക)നിര്‍ദേശം ജീവിത ശൈലിയുടെ ഭാഗമാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് ജില്ലയിലെത്തിയത്. കോവിഡ് നിയന്ത്രണത്തിനായി ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍, സജ്ജീകരണങ്ങള്‍, ആശുപത്രികളുടെ പ്രവര്‍ത്തനം, പരിശോധനാ രീതി, വാക്സിനേഷന്‍, കോണ്ടാക്ട് ട്രെയ്സിംഗ് തുടങ്ങിയവയും കേന്ദ്ര സംഘം വിലയിരുത്തി. പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയിലും സംഘം സന്ദര്‍ശനം നടത്തി. എന്‍സിഡിസി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രണയ് വര്‍മ്മ, എന്‍സിഡിസി അഡൈ്വസര്‍ ഡോ. എസ്.കെ. ജയിന്‍, പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഡോ. രുചി ജയിന്‍, ഡി.എച്ച്.സി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിനോയ്.എസ്.ബാബു എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരുമായി കേന്ദ്ര സംഘം കളക്ടറേറ്റിലെത്തി കൂടിക്കാഴ്ച നടത്തി. ജില്ലയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു. ജില്ലയില്‍ 86.3 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 51 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 99 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 76 ശതമാനം പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചുവെന്നും കളക്ടര്‍ പറഞ്ഞു. ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ഡെപ്യൂട്ടി ഡിഎംഒ സി.എസ്. നന്ദിനി, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.