Trending Now

ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള പാലത്തിന്‍റെ നിര്‍മാണത്തിനുള്ള നടപടി വേഗത്തിലാക്കണം

ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള പാലത്തിന്‍റെ നിര്‍മാണത്തിനുള്ള നടപടി വേഗത്തിലാക്കണം : ജില്ലാ വികസന സമിതി യോഗത്തില്‍ കോന്നി എം എല്‍ എ ആവശ്യം ഉന്നയിച്ചു

 

ഓണ്‍ലൈന്‍ പഠന സൗകര്യത്തിലും വാക്‌സിനേഷനിലും
സമ്പൂര്‍ണത കൈവരിക്കാന്‍ പരിശ്രമിക്കണം: മന്ത്രി വീണാ ജോര്‍ജ്

കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യം എല്ലാവര്‍ക്കുമുള്ള സമ്പൂര്‍ണ ജില്ലയായി പത്തനംതിട്ടയെ മാറ്റുന്നതിനും സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുന്നതിനും എല്ലാവരും പരിശ്രമിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണം. ഓണക്കാലം വരുന്ന പശ്ചാത്തലത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തണം. വാക്‌സനേഷന്‍ സെന്ററില്‍ തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലെ കാര്യങ്ങള്‍ കളക്ടറുടെ ടാസ്‌ക്‌ഫോഴ്‌സിന് തീരുമാനിക്കാം.

 

മേയ്, ജൂണ്‍ മാസങ്ങളില്‍ വാക്‌സിന്‍ എടുത്ത പ്രവാസികള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കേഷന്‍ സംസ്ഥാനത്തിന്റെതു മാത്രമായതു കൊണ്ട് മടങ്ങി പോകാന്‍ കഴിയുന്നില്ലെന്ന പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പരിഹാരം കാണുന്നതിന് ശ്രമിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസും പ്രമോദ് നാരായണനുമാണ് ഈ വിഷയം അവതരിപ്പിച്ചത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ രണ്ടു പേരെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിഎംഒ (ആരോഗ്യം) പറഞ്ഞു.

 

സംസ്ഥാനത്ത് വാക്‌സിനേഷന് 9.50 ലക്ഷം ഡോസ് ലഭിച്ചതില്‍ അഞ്ചുലക്ഷത്തില്‍ അധികം ഡോസ് വിതരണം ചെയ്തു. ബാക്കി അടുത്ത ദിവസം വിതരണം ചെയ്യും. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ നടത്തുമ്പോള്‍ അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് പ്രത്യേകമായി വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതു ലഭിച്ചാല്‍ പ്രത്യേക ഡ്രൈവ് നടത്തി അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യും. ബ്ലോക്ക്, നഗരസഭ തലങ്ങളിലേക്ക് വാക്‌സിന്‍ ഡോസ് വിതരണത്തിനായി നല്‍കുമ്പോള്‍ ജനസംഖ്യകൂടി പരിഗണിക്കണം.

കോഴഞ്ചേരി പൊങ്ങണാംതോട് ശുചീകരണത്തിന് ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടര്‍ വിളിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അയിരൂര്‍, എഴുമറ്റൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റില്‍ സംഭവിച്ച നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റ് ഓഗസ്റ്റ് 15ന് മുന്‍പ് സ്ഥാപിക്കുന്നത് ഉറപ്പാക്കണം. അടൂര്‍ ജനറല്‍ ആശുപത്രിയിലും തിരുവല്ല താലൂക്ക് ആശുപത്രിയിലും ഓക്‌സിജന്‍ പ്ലാന്റ് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കണം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയു നിര്‍മാണം പൂര്‍ത്തിയാകുകയാണ്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നിരീക്ഷണ കാമറ സ്ഥാപിക്കുന്നത് റോഡ് സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്താമോയെന്ന് കളക്ടര്‍ പരിശോധിക്കണം. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട റോഡ് പുനരുദ്ധാരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പോളച്ചിറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് റവന്യു ഭൂമി പഞ്ചായത്തിന് നല്‍കുന്നതിന് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് കത്ത് നല്‍കണം. വലഞ്ചുഴി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയുമായി ചര്‍ച്ച നടത്തും.

റാന്നിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജീവിതശൈലി രോഗം, ഹൃദ്രോഗം എന്നിവയ്ക്കുമുള്ള മരുന്നുകള്‍ സബ് സെന്റര്‍ മുഖേനയും പട്ടിക വര്‍ഗ വികസന വകുപ്പിന്റെ മൊബൈല്‍ വാഹനത്തിലൂടെയും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പട്ടികജാതി വികസന ഓഫീസറും ഇതിനാവശ്യമായ ക്രമീകരണം ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കെഐപി കനാല്‍ കടന്നു പോകുന്ന സ്ഥലങ്ങളിലെ പാലങ്ങള്‍ അപകടാവസ്ഥയിലാണെന്നും സമയബന്ധിതമായി പരിഹാരം കാണണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ വലിയ തോട് ചെളി നീക്കി വശങ്ങള്‍ കെട്ടി സംരക്ഷിക്കണം. അടൂര്‍ പോത്രാട് ചിറയുടെ നവീകരണം പൂര്‍ത്തീകരിക്കണം. കെപി റോഡില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം നിലം വാഹനം താഴാത്ത വിധം ഉറപ്പിക്കണം. അടൂരിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം വാട്ടര്‍ അതോറിറ്റി പരിഹരിക്കണം. അടൂര്‍ ജനറല്‍ ആശുപത്രി ട്രോമാ കെയര്‍ യൂണിറ്റിലെ എസി അറ്റകുറ്റപ്പണി ചെയ്യണം. ചൂരക്കോട് ആയുര്‍വേദ ആശുപത്രി, അന്തിച്ചിറ പിഎച്ച്‌സി, മണ്ണടി മുല്ലവേലി അംഗന്‍വാടി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കണം. പറക്കോട്-കൊടുമണ്‍ റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം.

പൊതുമരാമത്ത് റോഡില്‍ വാഹനാപകടത്തിന് വഴിവയ്ക്കുന്ന കാടുകള്‍ നീക്കണം. കെഐപിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ കാടുകളും മാലിന്യവും നീക്കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
അയിരൂര്‍- വാലാങ്കര റോഡ് നിര്‍മാണം വേഗമാക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു.

വെണ്ണിക്കുളം-തടിയൂര്‍ റോഡില്‍ തകര്‍ന്ന ഭാഗം അറ്റകുറ്റപ്പണി നടത്തണം. തിരുവല്ല ബഥനി റോഡ് റീ ടാര്‍ ചെയ്യണം. പെരിങ്ങര പഞ്ചായത്തിലെ വെള്ളക്കെട്ടിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണം. മുത്തൂര്‍ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ആര്‍ഡിഒ യോഗം വിളിക്കണം. പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക യോഗം വിളിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയോട് എംഎല്‍എ അഭ്യര്‍ഥിച്ചു

കൂടല്‍, കലഞ്ഞൂര്‍, കോന്നി താഴം വില്ലേജ് ഓഫീസുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മണ്ഡലത്തിലെ പട്ടയങ്ങളുടെ വിതരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടത്തണം.
പട്ടയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വനം, റവന്യു വകുപ്പ് മന്ത്രിമാരുടെ യോഗം ഓഗസ്റ്റ് ആറിന് ചേരും. കോന്നി മെഡിക്കല്‍ കോളജ് റോഡുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗമാക്കണം. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ യോഗം വിളിക്കണം. പത്തനംതിട്ട-പൂങ്കാവ് റോഡ്, മുറിഞ്ഞകല്‍-അതിരുങ്കല്‍ റോഡ്, കലഞ്ഞൂര്‍-പാടം റോഡ് എന്നിവയുടെ നിര്‍മാണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. എംഎല്‍എ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പ്രവൃത്തികള്‍ വേഗമാക്കണം. ഞക്കാട്ട് പാലത്തിന് പുതിയ എസ്റ്റിമേറ്റ് നല്‍കണം. കലഞ്ഞൂര്‍ സ്റ്റേഡിയം കുടിവെള്ള പദ്ധതി നടപടികള്‍ വേഗമാക്കണം. കഞ്ചോട് കുടിവെള്ള പദ്ധതി ഉടന്‍ ടെന്‍ഡര്‍ ചെയ്യണം. ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മാണത്തിനുള്ള നടപടി വേഗമാക്കണം. തെറ്റിദ്ധരിപ്പിക്കുന്ന മറുപടി ഉദ്യോഗസ്ഥര്‍ നല്‍കരുതെന്നും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

റാന്നി നിയോജക മണ്ഡലത്തിലെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം വിതരണം ചെയ്യണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. പെരുമ്പെട്ടിയില്‍ മിനി സര്‍വേ ടീമിനെ ജില്ലാ ഭരണകേന്ദ്രം നിയോഗിക്കണം. കര്‍ഷകര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുന്നതും അതുവഴി സേവനങ്ങളും ആനുകൂല്യങ്ങളും നഷ്ടപരിഹാരവും കൃത്യമായി ലഭിക്കുന്നതും ഉറപ്പുവരുത്തണം. മഠത്തുംചാല്‍-മുക്കൂട്ടുതറ റോഡ്, കുമ്പളാംപൊയ്ക-പേരൂച്ചാല്‍ റോഡ് എന്നിവിടങ്ങളിലെ കെഎസ്ഇബിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. പെരുന്തേനരുവി ടൂറിസം കോംപ്ലക്‌സ് പൂര്‍ണ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കണം. വടശേരിക്കരയിലെ ഡിടിപിസിയുടെ കെട്ടിടം സിവില്‍ സപ്ലൈസ് വകുപ്പ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി കൈമാറണം. ശബരിമല പാതയുടെ പുനരുദ്ധാരണം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിക്കണം. ദിശാ ബോര്‍ഡുകള്‍ കാഴ്ച മറയ്ക്കുന്നതു മൂലം അപകടമുണ്ടാകുന്നതിന് പരിഹാരം കാണണം. റാന്നി കെഎസ്ആര്‍ടിസി അമിനിറ്റി സെന്റര്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്നത് തുറക്കുന്നതിന് നടപടിയെടുക്കണം. പഴവങ്ങാടി ജണ്ടായിക്കല്‍ ശ്മശാനം നിര്‍മാണം നീണ്ടു പോകുന്നതിന് പരിഹാരം കാണണം. പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വികസിപ്പിക്കുകയും ചെയ്യണം. മേനാംതോട്ടം സിഎഫ്എല്‍ടിസി നടത്തിപ്പിലുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കണം. എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയതിന്റെ നിര്‍മാണം ആരംഭിക്കണം. വെച്ചൂച്ചിറ, പെരുനാട് ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ചില വീടുകള്‍ അപകടാവസ്ഥയിലാണ്. ഇതിനു പരിഹാരം കാണണം. റാന്നി വലിയ പാലം നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ വേഗമാക്കണം. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൈപ്പ് സ്ഥാപിച്ച് റാന്നി മേഖലയിലെ കുടിവെള്ള വിതരണം ഉറപ്പാക്കണം. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള പഠന സൗകര്യം ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ യോഗം വിളിക്കും. അയിരൂര്‍, എഴുമറ്റൂര്‍ പഞ്ചായത്തുകളില്‍ ചുഴലിക്കാറ്റില്‍ കനത്തനാശം നേരിട്ടപ്പോള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വിവിധ വകുപ്പുകളും ജനപ്രതിനിധികളും നടത്തിയതെന്നും അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട കോടതി സമുച്ചയത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് സഹകരണബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ എത്രയും വേഗം നടപടി സ്വീകരിക്കണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി കമ്മിറ്റികള്‍ കൃത്യമായി ചേരണം. റോഡിലെ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുന്നതിന് സ്പീഡ് ബ്രേയ്ക്കര്‍ സംവിധാനം ഒരുക്കണം. നിയമവിരുദ്ധമായ വാഹന പാര്‍ക്കിംഗ് പോലീസ് ശ്രദ്ധിച്ച് നടപടിയെടുക്കണം. മല്ലപ്പുഴശേരി-ഇലന്തൂര്‍ കുടിവെള്ള പദ്ധതിയിലെ മല്ലപ്പുഴശേരി പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ള പൈപ്പുകള്‍ അടിക്കടി പൊട്ടി കുടിവെള്ളം മുടങ്ങുന്നതിന് പരിഹാരം കാണണം. ഓമല്ലൂര്‍- ഇലന്തൂര്‍ റോഡിലെ കൈയേറ്റം ഒഴിപ്പിച്ച് മതിയായ വീതി ഉറപ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സെപ്റ്റംബര്‍ മാസം കോവിഡ് മൂന്നാംതരംഗത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഐഐടി കാണ്‍പൂരിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു.

നവോഥാനനായകനായ ചട്ടമ്പി സ്വാമികളുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റി രൂപീകരിക്കണം. റിസര്‍വ് വന മേഖലയില്‍ നിന്ന് മരംവെട്ടി മാറ്റിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം.

മല്ലപ്പള്ളി വായ്പൂര് ക്വാറിയില്‍ ഉഗ്ര സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. പ്ലസ്ടു പരീക്ഷാ വിജയ ശതമാനം മികച്ചതാക്കുന്നതിന് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ സൗകര്യം ലഭ്യമാക്കണം. വിദ്യാഭ്യാസ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ വിമുഖത കാട്ടരുത്. റാന്നി വലിയ തോട് നവീകരണം പൂര്‍ത്തീകരിക്കണം. റാന്നി ഉപാസന കടവിലെ പാലം നിര്‍മാണം ത്വരിതപ്പെടുത്തണം. കിറ്റിലെ അരിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നടപടി വേണമെന്നും എംപിയുടെ പ്രതിനിധി പറഞ്ഞു.

ജില്ലയില്‍ 100 പട്ടയങ്ങള്‍ വിതരണത്തിന് തയാറായതായി അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ട്രൈബല്‍ സെറ്റില്‍മെന്റ് പട്ടയങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ജില്ലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതിന് ജില്ലാ വികസന സമിതി യോഗത്തെ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!