പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായ “ലംബു” വിനെ സുരക്ഷാ സേന വധിച്ചു
2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ ഭീകരന്‍ അബു സെയ്ഫുള്ളയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ കമാന്‍ഡറെ വധിച്ചത്.
ലംബു എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാളെ കുറച്ചുനാളുകളായി സൈന്യം നിരീക്ഷിച്ചുവരികയായിരുന്നു. കിഴക്കന്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവായ ഇയാള്‍ വിവിധ ആക്രമണങ്ങളിലെ സൂത്രധാരനാണ്.
2019 ഫെബ്രുവരി 14ന് ഉച്ച കഴിഞ്ഞ് 3.15നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത്. 78 വാഹനങ്ങളിലായി 2547 സിആര്‍പിഎഫ് ജവാന്മാര്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുമ്പോള്‍, ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദ് എന്ന ചാവേര്‍ ഓടിച്ച കാറില്‍ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു.
പിന്നാലെയെത്തിയ ബസുകള്‍ക്കും സ്ഫോടനത്തില്‍ കേടുപറ്റി. പൂര്‍ണമായി തകര്‍ന്ന 76 ാം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിന് നേരെ വെടിവയ്പുമുണ്ടായി. വസന്തകുമാര്‍ 82ാം ബറ്റാലിയനിലെ ജവാനായിരുന്നു. പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പന്ത്രണ്ടാം ദിനമാണ് തിരിച്ചടിയായി പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തത്.