Trending Now

പത്തനംതിട്ടയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത് 32 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയങ്ങള്‍

പത്തനംതിട്ടയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത് 32 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയങ്ങള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി സെപ്റ്റംബര്‍ ഒന്നോടെ പത്തനംതിട്ട ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്നത് 27 തദ്ദേശസ്ഥാപനങ്ങളിലായി 32 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയങ്ങള്‍.

പൂര്‍ത്തീകരണ ഘട്ടത്തിലേക്കെത്തിയ ഈ ടോയ്ലറ്റ് സമുച്ചയങ്ങളുടെ ഫീല്‍ഡ്തല പരിശോധന ബ്ലോക്ക് പഞ്ചായത്തിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. ആഗസ്റ്റ് 10 നകം ആദ്യഘട്ട ഫീല്‍ഡ്തല പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്നതിനും ആഗസ്റ്റ് 25 നകം സമ്പൂര്‍ണ്ണ പൂര്‍ത്തീകരണം ഉറപ്പുവരുത്തി രണ്ടാംഘട്ട ഫീല്‍ഡ്തല പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ ശുചിത്വമിഷനും തദ്ദേശസ്ഥാപനങ്ങള്‍ക്കും കൈമാറുന്നതിനുമാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

2020-21 വര്‍ഷം മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണു തദ്ദേശസ്ഥാപനങ്ങളില്‍ ഉന്നത നിലവാരത്തിലുള്ള ടോയ്ലറ്റ് സമുച്ചയങ്ങള്‍ അടിസ്ഥാനതലം, സ്റ്റാന്‍ഡേര്‍ഡ് തലം, പ്രീമിയം എന്നീ മൂന്നു തലങ്ങളിലായി പ്രോജക്ട് ഏറ്റെടുത്ത് നിര്‍വഹണം ആരംഭിച്ചത്. ഉന്നത നിലവാരത്തിലുള്ള ടോയ്ലറ്റ് പൂര്‍ത്തീകരണത്തോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വഴിയിടം ബോര്‍ഡ്, നാപ്കിന്‍ ഡിസ്ട്രോയര്‍ യൂണിറ്റ്, ആകര്‍ഷകമായ പെയ്ന്റിംഗ്, വാഷ് ബേസിന്‍, കണ്ണാടി തുടങ്ങിയവ സജ്ജീകരിച്ചു വഴിയോര യാത്രക്കാര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കത്തക്കവണ്ണമാണ് പ്രോജക്ട് വിഭാവനം ചെയ്തിട്ടുള്ളത്. പുതിയ ടോയ്ലറ്റ് നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ നിലവിലുള്ളവയെ നവീകരിച്ചും ടേക്ക് എ ബ്രേക്കിന്റെ ഭാഗമാക്കാം. പ്രീമിയം തലത്തില്‍ കോഫി ഷോപ്പും പ്രവര്‍ത്തിപ്പിക്കാം.

തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗത്തിനാണു നിര്‍മ്മാണ ചുമതല. പൂര്‍ത്തീകരിക്കുന്ന ടോയ്ലറ്റ് സമുച്ചയങ്ങളുടെ പരിപാലന ചുമതല തദ്ദേശസ്ഥാപനങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പേ ആന്റ് യൂസ് മാതൃകയില്‍ കുടുംബശ്രീ യൂണിറ്റുകളാണു നിര്‍വഹിക്കുക. ശുചിമുറിയുടെ പരിപാലനത്തിനായി ചുമതലപ്പെടുത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കു പ്രതിദിനം 300 രൂപ വരുമാനം ഉറപ്പാക്കേണ്ടതും വരുമാനം ഉറപ്പാക്കുവാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഇങ്ങനെ ആവശ്യമായി വരുന്ന അധിക തുക വയബിലിറ്റി ഗ്യാപ്പ് ഫണ്ട് എന്ന നിലയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കു നല്‍കണം.

ജില്ലയില്‍ ആകെ ആറു കോടി നാല്‍പ്പതു ലക്ഷം രൂപയ്ക്കുള്ള 87 പ്രോജക്ടുകള്‍ക്കാണു തദ്ദേശസ്ഥാപനങ്ങള്‍ രൂപം നല്‍കിയത്. ഇതില്‍ 68 പ്രോജക്ടുകളാണു നിര്‍വഹണ പുരോഗതിയിലുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ വികസനഫണ്ട്, ശുചിത്വമിഷന്‍ വിഹിതം എന്നിവ ഉപയോഗിച്ചാണ് പ്രോജക്ടുകള്‍ രൂപീകരിച്ചിട്ടുള്ളത്.

ജില്ലയില്‍ ആദ്യമായി ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയത് കൊടുമണ്‍ ഗ്രാമപഞ്ചായത്തിലാണ്. അടൂര്‍, പത്തനംതിട്ട നഗരസഭകള്‍, ആനിക്കാട്, കോട്ടാങ്ങല്‍, റാന്നി-പെരുനാട്, മല്ലപ്പള്ളി, ചിറ്റാര്‍, നാറാണംമൂഴി, വെച്ചൂച്ചിറ, കുളനട, പന്തളം-തെക്കേക്കര, മലയാലപ്പുഴ, വള്ളിക്കോട്, അരുവാപ്പുലം, പ്രമാടം, കോന്നി, സീതത്തോട്, റാന്നി-പഴവങ്ങാടി, ഓമല്ലൂര്‍, ഇരവിപേരൂര്‍, നെടുമ്പ്രം, കല്ലൂപ്പാറ, കുന്നന്താനം, കടമ്പനാട്, ഏനാദിമംഗലം, മെഴുവേലി, നിരണം ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. ഉദ്ഘാടനത്തിന് ഒരുങ്ങുന്നവയില്‍ 21 എണ്ണം അടിസ്ഥാനതലത്തിലുള്ളവയും 9 എണ്ണം സ്റ്റാന്‍ഡേര്‍ഡ് തലത്തിലും ഓമല്ലൂര്‍, ഇരവിപേരൂര്‍ എന്നിവിടങ്ങളിലേത് പ്രീമിയം തലത്തിലുള്ളവയുമാണ്.

പന്തളം നഗരസഭയില്‍ ഏറ്റെടുത്ത 5 പ്രോജക്ടുകളില്‍ 4 എണ്ണവും കരാറുകാരനെ ലഭിക്കാഞ്ഞതിനാല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. രജിസ്ട്രാര്‍ ഓഫീസിനോടനുബന്ധമായി ജില്ലാ കളക്ടര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയെങ്കിലും വകുപ്പിന്റെ എതിര്‍പ്പുമൂലം നിര്‍മ്മാണം തടസപ്പെട്ടു. ഇലന്തൂര്‍, കടപ്ര, വെച്ചൂച്ചിറ, വടശ്ശേരിക്കര എന്നിവിടങ്ങളിലും നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കോയിപ്രം, കുളനട, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നായി ജില്ലാ കളക്ടര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയെങ്കിലും നിര്‍മ്മാണം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.