Trending Now

എൻഎസ്‌എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു : അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു

എൻഎസ്‌എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു : അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു

 

konnivartha.com : പത്തനംതിട്ട എൻഎസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു. പിരിച്ചു വിട്ട കമ്മറ്റിയിലുണ്ടായിരുന്ന 11 പേരെ ചേര്‍ത്ത് ഒരു അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ടയെ അഡ്ഹോക്ക് കമ്മറ്റിയുടെ ചെയര്‍മാനായും നിയമിച്ചു. “കോന്നി വാര്‍ത്ത ഡോട്ട് കോം ” ഹരിദാസ് ഇടത്തിട്ടയെ ബന്ധപ്പെട്ടു എങ്കിലും ഒരു മീറ്റിങ്ങില്‍ ആയതിനാല്‍ പിന്നീട് തിരികെ വിളിക്കാം എന്ന് അറിയിച്ചു . ഹരിദാസ് ഇടത്തിട്ടയുടെ പ്രതികരണം ലഭിച്ചാല്‍ ഉടന്‍ ആ വാര്‍ത്ത പബ്ലിഷ് ചെയ്യും .

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 ന് തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്ക് കോറം നഷ്ടപ്പെട്ട് ഇല്ലാതായ സാഹചര്യത്തിലാണ് അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വന്നിരിക്കുന്നതെന്ന് യൂണിയന്‍ സെക്രട്ടറി കരയോഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

16 അംഗ കമ്മറ്റിയിൽ നിന്നും അഞ്ചു പേരെ ഒഴിവാക്കിയാണ് ഇപ്പോള്‍ അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വന്നിരിക്കുന്നത്. നിലവില്‍ അഡ്ഹോക്ക് കമ്മറ്റിയിലുള്ള 11 പേരും ഭരണ സമിതിയില്‍ നിന്ന് രാജി വച്ചവരാണ്. ഇവരുടെ രാജിയോടെയാണ് ഭരണ സമിതിക്ക് ഭൂരിപക്ഷം നഷ്ടമായത്. ഇങ്ങനെ മനഃപൂര്‍വം ഭൂരിപക്ഷം നഷ്ടമാക്കിയ ശേഷം തങ്ങളെ അനുകൂലിക്കുന്ന 11 പേരെ മാത്രം ഉള്‍ക്കൊള്ളിച്ച്‌ അഡ്ഹോക്ക് കമ്മറ്റി കൊണ്ടു വന്നിരിക്കുകയാണ് എന്നാണ് മറുപക്ഷ ആരോപണം

ഒരിക്കല്‍പ്പോലും ഭരണ സമിതിക്ക് കോറം തികയാതെ വന്നിട്ടില്ലെന്ന് മുന്‍ കമ്മറ്റിയിലെ അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ചേര്‍ന്ന കമ്മറ്റിയില്‍ 14 പേര്‍ പങ്കെടുത്തു. ജൂലൈ 14 ന് ചേര്‍ന്ന കമ്മറ്റിയില്‍ 13 പേര്‍ പങ്കെടുത്തു. 15 ന് നടന്ന എന്‍എസ്‌എസ് യൂണിയന്റെ തൂശനില മിനി കഫേ ഉദ്ഘാടന ചടങ്ങില്‍ 12 കമ്മറ്റി അംഗങ്ങള്‍ സംബന്ധിച്ചു. 21 ന് ചേര്‍ന്ന യൂണിയന്റെ അധീനതയിലുള്ള നരിയാപുരം ക്ഷേത്രം സബ്കമ്മറ്റി യോഗത്തിലും ഭരണ സമിതി അംഗങ്ങള്‍ പങ്കെടുത്തു. ഇത്രയധികം പങ്കാളിത്തം ഉണ്ടായ കമ്മറ്റിക്ക് കോറം തികയുന്നില്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുന്‍ ഭരണ സമിതി അംഗങ്ങള്‍ ചോദിക്കുന്നു. ഇവിടെയാണ് ഭരണ സമിതി പിരിച്ചു വിടാനുള്ള വ്യക്തമായ ഗൂഢാലോചന നടന്നത് എന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട് . എന്നാല്‍ എന്താണ് ഗൂഡാലോചന എന്നു മാത്രം മുന്‍ അംഗങ്ങളില്‍ ചിലര്‍ പറയുന്നില്ല .

error: Content is protected !!