കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി
കോന്നി വാര്‍ത്ത ഡോട്ട് കോം (konnivartha.com )കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൃഷിയിടങ്ങളിൽ വിള നശിപ്പിക്കാൻ എത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അഭിഭാഷകരായ അലക്സ് എം സ്‌കറിയ, അമൽ ദർശൻ എന്നിവർ മുഖാന്തിരം കർഷകർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പിബി സുരേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വന്യജീവി നിയമപ്രകാരം കാട്ടിൽ നിന്നും ഇറങ്ങുന്ന പന്നികളെ കൊല്ലാൻ അനുമതിയില്ല. എന്നാൽ കാട്ടുപന്നി കർഷകരുടെ കൃഷി മുഴുവൻ നശിപ്പിക്കുകയാണ്. ഇത് തലവേദനയായി മാറിയതോടെയാണ് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 62 പ്രകാരം കാട്ടുപന്നികളെ കീടങ്ങളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് കർഷകർ കോടതിയെ സമീപിച്ചത്.
നിലവിൽ കാട്ടുപന്നി വന്യമൃഗമായതിനാൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം അതിനെ കൊല്ലുന്നത് ശിക്ഷാർഹമാണ്. ഈ നിയമം മൂലം അവ വലിയ തോതിൽ പെറ്റു പെരുകുകയും അവയുടെ എണ്ണം നിയന്ത്രിക്കാൻ പ്രയാസമാവുകയും ചെയ്യുന്നു. ഇതുമൂലം കൃഷിക്കാർക്ക് തങ്ങളുടെ വിളകളെ സംരക്ഷിക്കാൻ മാർഗമില്ലാതാകുന്നു. അതിനാൽ കാട്ടുപന്നികളെ കീടങ്ങൾ ആയി പ്രഖ്യാപിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
തുടർന്നാണ് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11(1)(b) പ്രകാരം കർഷകർക്ക് പന്നികളെ കൊല്ലാനുള്ള അനുമതി നൽകാൻ ഉത്തരവായത്. കാട്ടുപന്നി ശല്യത്തെ തടയുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.