Trending Now

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക പഞ്ചായത്തുകള്‍ നല്‍കണം

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക പഞ്ചായത്തുകള്‍ നല്‍കണം

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത വാര്‍ഡുകളിലെ മേഖലകളും തയ്യാറാക്കണം

സമ്പൂര്‍ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ജില്ലയാക്കി പത്തനംതിട്ടയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ പരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക, ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത വാര്‍ഡുകളിലെ മേഖലകള്‍ എന്നിവ തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനും, ജില്ലാ കളക്ടര്‍ക്കും നല്‍കണം. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കുട്ടികളുടെ പട്ടിക പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് തയ്യാറാക്കണം. പട്ടികയുടെ സുതാര്യത ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വാര്‍ഡ്തല സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കണം.
കോവിഡ് പ്രതിസന്ധിമൂലം ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസപ്പെട്ട ജില്ലയിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ജില്ലാ ഭരണകേന്ദ്രം ആരംഭിച്ച ‘അക്ഷരപാത്രം’ പദ്ധതിയില്‍ സഹായം ചെയ്യാന്‍ താല്‍പ്പര്യമുള്ള ജനങ്ങള്‍ സഹകരിക്കണം.

പദ്ധതിയിലൂടെ ലഭ്യമാകുന്ന തുക മുഴുവനും വിദ്യാര്‍ത്ഥികള്‍ക്കു പഠനോപകരണങ്ങള്‍ വാങ്ങി നല്‍കും. നെറ്റ്വര്‍ക്ക് പ്രശ്നങ്ങളുമായി സംബന്ധിച്ച് ഇന്റര്‍നെറ്റ് ദാതാക്കളുമായി പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പഠനോപകരണങ്ങള്‍ ലഭിക്കുവാനുള്ള ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ പട്ടിക ഈ മാസം 15നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. അക്ഷരപാത്രം പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടത്താനാണു ലക്ഷ്യമിടുന്നത്. അതിനായി എല്ലാ ജനങ്ങളുടേയും സഹകരണം ആവശ്യമാണ്. ഉദ്യോഗസ്ഥ സംഘടനകളും ഉദ്യോഗസ്ഥരും ഇതിനായി മുന്നിട്ടിറങ്ങണം.

എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, സ്വകാര്യ വ്യക്തികള്‍ തുടങ്ങിയവര്‍ എല്ലാവരും ചേര്‍ന്ന് ജില്ലയില്‍ ഇതുവരെ 1700 വിദ്യാര്‍ത്ഥികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇനിയും പഠനോപകരണങ്ങള്‍ ലഭ്യമാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവ വിതരണം ചെയ്യുകയാണു ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അക്ഷരപാത്രം പദ്ധതിയിലൂടെ പത്തനംതിട്ടയെ സമ്പൂര്‍ണ ഡിജിറ്റല്‍ പഠന ജില്ലയാക്കി മാറ്റും: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

അക്ഷരപാത്രം പദ്ധതിക്ക് തുടക്കം; സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം

അക്ഷരപാത്രം പദ്ധതിയിലൂടെ പത്തനംതിട്ടയെ സമ്പൂര്‍ണ ഡിജിറ്റല്‍ പഠന ജില്ലയാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസപ്പെട്ട ജില്ലയിലെ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ആരംഭിച്ച ‘അക്ഷരപാത്രം’ പദ്ധതി കളക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ മൂവായിരത്തിലധികം കുട്ടികളായിരുന്നു പഠന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. എന്നാല്‍ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ കുറച്ച് കുട്ടികള്‍ക്കു സഹായങ്ങള്‍ എത്തിച്ചു നല്‍കി. ഇനിയും പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാക്കുകയാണ് അക്ഷരപാത്രം പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ മറ്റൊരു ലക്ഷ്യം ഇന്റെര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുക എന്നതാണ്. പഠനസൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇന്റെര്‍നെറ്റ് ലഭ്യത ഇല്ലാത്തതുമൂലം പഠനം മുടങ്ങുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതിനൊരു പരിഹാരമെന്നോണം ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പടെ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ യോഗം ചേര്‍ന്നിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഠന സൗകര്യം ലഭ്യമല്ലാതിരുന്ന പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് ഫോണ്‍ കൈമാറിക്കൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പത്തനംതിട്ട ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു ഡിജിറ്റല്‍ വിഭജനം ഉണ്ടാകാതിരിക്കാനാണ് ഗ്രാമപഞ്ചായത്തുകള്‍, രക്ഷകര്‍ത്തൃ അസോസിയേഷനുകള്‍, ജില്ലാ ആസൂത്രണസമിതി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അക്ഷരപാത്രം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുകാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജനകീയ ക്യാമ്പയിനായി എല്ലാവരും പദ്ധതിയെ ഏറ്റെടുക്കണം. നെറ്റ്‌വര്‍ക്ക് സൗകര്യം ഇല്ലാത്ത മലയോര ട്രൈബല്‍ മേഖലകളില്‍ ഫൈബര്‍ കണക്ഷന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയിലൂടെ ലഭ്യമാകുന്ന സ്മാര്‍ട്ട് ഫോണുകള്‍ ജില്ലയിലെ അര്‍ഹരായ കുട്ടികളില്‍ എത്തിക്കും. ഈ പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.അക്ഷരപാത്രം പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും ‘നമ്മുടെ കേരളം’ ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ സന്ദിപ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ നിജു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

അക്ഷരപാത്രം പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പദ്ധതിക്ക് വേണ്ടി ജില്ലാ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ പ്രത്യേകമായി തയ്യാറാക്കിയ ‘നമ്മുടെ കേരളം’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ രജിസ്റ്റര്‍ ചെയ്ത് ഡൊണേറ്റ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ഫോണ്‍ സംഭാവന ചെയ്യാവുന്നതാണ്. നമ്മുടെ കേരളം ആപ്പിന്റെ ലിങ്ക്: https://play.google.com/store/apps/details?id=in.nic.mmadekoyikode.
ഇതിനു പുറമെ, ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിക്കുകയോ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായോ ജില്ലാ കളക്ടറേറ്റിലെ വോളണ്ടിയര്‍മാരുമായോ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍: 9446114723.
ഗൂഗിള്‍ ഫോം ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdP-iQQhmouAD_pf2O-9yGzqtEMT3HJ_O-6yreszg7t7LLxLA/viewform?usp=sf_link

error: Content is protected !!