Trending Now

കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട കടപ്ര പഞ്ചായത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. പോലീസിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആറന്മുള ഗ്രാമപഞ്ചായത്തിനെ സി കാറ്റഗറിയില്‍ ഉള്‍പെടുത്തിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലീസ് കാര്യക്ഷമമായി ഇടപെടും.

ടിപിആര്‍ 16 നും 24 നുമിടയില്‍ നില്‍ക്കുന്ന പ്രദേശങ്ങളാണ് സി കാറ്റഗറിയിലാണ് ഉള്‍പെടുന്നത്. നിലവില്‍ കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്നത് കുറ്റൂര്‍, നാറാണം മൂഴി, കവിയൂര്‍, ഏഴീകുളം, കലഞ്ഞൂര്‍, ചെന്നീര്‍ക്കര, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ഡി യില്‍ പെടുന്നത് കടപ്ര പഞ്ചായത്തുമാണ്.

മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കനത്ത ജാഗ്രത തുടരേണ്ടതുണ്ട്. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളിലും നിയന്ത്രണങ്ങള്‍ തുടരും. ടിപിആര്‍ 15 ല്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. ഇതിന്റെ ഭാഗമായി പോലീസ് പരിശോധനയും പട്രോളിങ്ങും കര്‍ശനമാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ബിരുദ ബിരുദാനന്തര പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം. അവരുടെ യാത്രയ്ക്ക് തടസമുണ്ടാകില്ല. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കും. വിദ്യാര്‍ഥികളും അധ്യാപകരും ഇരട്ട മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. പരീക്ഷാ കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം. എസ്എച്ച്ഒ മാര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 174 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 164 പേരെ അറസ്റ്റ് ചെയ്തു. അഞ്ച് കടകള്‍ക്കെതിരെ നടപടിയെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 695 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 391 പേര്‍ക്കെതിരെയും നടപടിയെടുത്തു. 316 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.