Trending Now

ആറന്മുള പഞ്ചായത്തിനെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും

ആറന്മുള പഞ്ചായത്തിനെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും

konnivartha.com : വര്‍ധിച്ച കോവിഡ് വ്യാപനവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കണക്കിലെടുത്ത് ആറന്മുള ഗ്രാമപഞ്ചായത്തിനെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ആറന്മുള ഗ്രാമപഞ്ചായത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിലവില്‍ 16.3 ശതമാനമാണ്.

മൂന്നാം തരംഗം ഉണ്ടാകുന്നതിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നതിന് യോഗം തീരുമാനിച്ചു.
ടിപിആര്‍ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാല് കാറ്റഗറിയായിട്ടാണ് തിരിച്ചിരിക്കുന്നത്. എട്ട് ശതമാനം വരെ ടിപിആര്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എ കാറ്റഗറിയിലും, എട്ട് മുതല്‍ 16 വരെ ബി കാറ്റഗറിയും, 16 മുതല്‍ 24 വരെ സി കാറ്റഗറിയും, 24 മുതല്‍ മുകളിലേക്ക് ടിപിആര്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡി കാറ്റഗറിയിലുമാണ് പെടുന്നത്. ക്രിട്ടിക്കല്‍ കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയില്‍പ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ പത്തനംതിട്ട ജില്ലയില്‍ കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്നത് കുറ്റൂര്‍, നാറാണംമൂഴി, കവിയൂര്‍, ഏഴംകുളം, കലഞ്ഞൂര്‍, ചെന്നീര്‍ക്കര, കൊറ്റനാട് എന്നീ പഞ്ചായത്തുകളാണ്. കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്നത് കടപ്ര പഞ്ചായത്താണ്. ആറന്മുള, പ്രമാടം, റാന്നി പഴവങ്ങാടി എന്നീ പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
യോഗത്തില്‍ മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ഡിഡിപി കെ.ആര്‍. സുമേഷ്, ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.