തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം

തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ജൂലൈ 10 ന് മുന്‍പായി റോഡ് സുരക്ഷാ സമിതികള്‍ ചേരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന റോഡ് സുരക്ഷാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

റോഡ് സുരക്ഷയ്ക്ക് തടസമായി നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍, പോസ്റ്റുകള്‍, സ്ലാബുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്യാന്‍ വേണ്ട നടപടികളെ കുറിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണം. പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി റോഡ് പ്രവര്‍ത്തികളില്‍ ഏകോപനം ഉണ്ടാകണം. പി.ഡബ്ല്യു.ഡി ജോലികള്‍ നടക്കാത്ത റോഡുകളില്‍ സുരക്ഷയ്ക്കു ഭീഷണിയായി നില്‍ക്കുന്ന പോസ്റ്റുകള്‍ അടിയന്തര പ്രാധാന്യമുള്ളതായി കണക്കിലെടുത്ത് അവ ഉടന്‍ നീക്കം ചെയ്യാന്‍ കെഎസ്ഇബി നടപടി സ്വീകരിക്കണം.

പി.ഡബ്ല്യു.ഡി പാലങ്ങളുടെ വശങ്ങളിലെ അനധികൃതമായ കൃഷിയിടങ്ങളും, പി.ഡബ്ല്യു.ഡി റോഡുകളിലെ അപകടകരമായി സ്ഥിതിചെയ്യുന്ന സ്ലാബുകളും പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യണം. റോഡ് സുരക്ഷയ്ക്കു ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യണം.

റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ്, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം. മോട്ടോര്‍ വെഹിക്കിള്‍, പോലീസ്, റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന താലൂക്ക്തല ടാസ്‌ക് ഫോഴ്‌സ് ഉടന്‍ രൂപീകരിക്കണം. ബ്ലാക്ക് സ്‌പോട്ട് റെക്ടിഫിക്കേഷന്‍ വേഗത്തിലാക്കണമെന്നും അതിനായി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെങ്കില്‍ അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, എഡിഎം അലക്‌സ് പി തോമസ്, ആര്‍.ടി.ഒ ജിജി ജോര്‍ജ്, ഡിഡിപി കെ.ആര്‍.സുമേഷ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍, പത്തനംതിട്ട പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.