കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കും.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംഎല്‍എ മാരുടെ ആസ്തിവികസന ഫ ണ്ട് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളം മുഴുവന്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഐസലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച ജില്ലയിലെ യോഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.എല്‍.എമാരായ മാത്യു ടി. തോമസ്, അഡ്വ.കെ.യു ജനീഷ്‌കുമാര്‍, അഡ്വ.പ്രമോദ് നാരായണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും ഐസലേഷന്‍ വാര്‍ഡുകള്‍, അവയ്ക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിക്കും. ആരോഗ്യമന്ത്രിയുടെ മണ്ഡലമായ ആറന്‍മുളയിലെ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ഇലന്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വല്ലന കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കും. ഇലന്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വല്ലന കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടങ്ങളാണ് ഇതിനായി നിര്‍മ്മിക്കുക. കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിലവിലുള്ള കെട്ടിടങ്ങളിലാണ് ഐസലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുന്നതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അടൂര്‍ ജനറല്‍ ആശുപത്രി, തുമ്പമണ്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് അടൂര്‍ നിയോജക മണ്ഡലത്തിലെ ഐസലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങുക. ഇതില്‍ തുമ്പമണ്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കും. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള കെട്ടിടത്തിലാകും ഐസലേഷന്‍ വാര്‍ഡ് ഒരുക്കുക.
തിരുവല്ല നിയോജക മണ്ഡലത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രി, കല്ലൂപ്പാറ, ചാത്തങ്കേരി, കുന്നന്താനം എന്നീ സി.എച്ച്.സി കളിലാണ് ഐസലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുക.
റാന്നി നിയോജക മണ്ഡലത്തില്‍ വെച്ചൂച്ചിറ, റാന്നി പെരുനാട്, ഐരൂര്‍ കാഞ്ഞീറ്റുകര എന്നീ സി.എച്ച്.സികളിലാണ് ഐസലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുക. വെച്ചൂച്ചിറ, റാന്നി പെരുനാട് എന്നീ സി.എച്ച്.സികളില്‍ പുതിയ കെട്ടിടം ഇതിനായി നിര്‍മ്മിക്കും.
കോന്നി നിയോജക മണ്ഡലത്തില്‍ കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സി.എച്ച്.സി, പ്രമാടം എഫ്.എച്ച്.സിയിലുമാണ് ഐസലേഷന്‍ വാര്‍ഡ് ഒരുക്കുക. ഇതില്‍ ഏനാദിമംഗലം സി.എച്ച്.സി, പ്രമാടം പി.എച്ച്.സി എന്നിവിടങ്ങളില്‍ പുതിയ കെട്ടിടത്തിലും കോന്നി താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള കെട്ടിടത്തിലുമാണ് ഐസലേഷന്‍ വാര്‍ഡ് ഒരുക്കുക.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷന്‍, അതത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.