Trending Now

കലഞ്ഞൂര്‍ പാടത്തെ സ്ഫോടനത്തിന് പിന്നിൽ സാമ്പത്തിക തര്‍ക്കം

കോന്നി വാര്‍ത്ത ഡോട്ട് കോം : സ്ഫോടക ശേഖരം കണ്ടെത്തിയതിന് പിന്നാലെ കലഞ്ഞൂർ പാടത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണത്തിന് പിന്നിൽ വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക തർക്കമാണെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.പാടം – പോത്തുപാറ റോഡിൽ വണ്ടണി ഭാഗത്ത് വെച്ച് കാറിലെത്തിയ സംഘം സ്ഫോടക വസ്തു എറിഞ്ഞ് പാടം കല്ലോല പറമ്പിൽ സുൾഫിക്കർ , പാടം വണ്ടണി വടക്കേക്കര പുത്തൻവീട്ടിൽ നൈസാം എന്നിവർക്ക് നേരേ ആക്രമണത്തിന് ശ്രമിക്കുകയായിരുന്നു.ഇവരുമായി സാമ്പത്തിക ഇടപാടുള്ള പാടം പുന്നകുടി പുത്തൻവീട്ടിൽ ഫൈസൽ രാജിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കാറിലെത്തി ഇവരെ ആക്രമിക്കുവാൻ ശ്രമിച്ചതെന്ന് കൂടൽ സി ഐ സജീഷ് പറയുന്നു.

അക്രമണം നടന്ന ദിവസം രാവിലെ സുൽഫിക്കറും ഫൈസൽ രാജുമായി പാടം പുന്നക്കുടിയിൽ വെച്ച് സംഘർഷമുണ്ടായിരുന്നു.ഇതിൻ്റെ ബാക്കിയായാണ് അതേ ദിവസം രാത്രിയിൽ പാടം പോത്തുപാറ റോഡിൽ വനമേഖലയിലെ വിജനമായ സ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സുൾഫിക്കർ,നൈസാം എന്നിവരുടെ അടുത്തേക്ക് കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്.സംഘം അടുത്ത് എത്തിയപ്പോഴേക്കും ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സ്ഫോടക വസ്തു ഇവർക്ക് നേരേ എറിഞ്ഞു.പിന്നീട് ഇവരുടെ ബൈക്കും സംഘം തകർത്തു.

പത്തനംതിട്ട എസ് പി നിഷാന്തിനി,കോന്നി ഡി വൈ എസ് പി കെ ബൈജുകുമാർ,കൂടൽ
സി ഐ സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ് ,വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത ചീഫ് റിപ്പോര്‍ട്ടര്‍

error: Content is protected !!