Trending Now

വായനാദിനത്തില്‍ മാത്രമാകേണ്ടതല്ല വായന;അവ ജീവിതത്തില്‍ പകര്‍ത്തണം

വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ഭൗതികവും സാംസ്‌കാരികവുമായ ഉന്നമനത്തിന്
വായന അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

മനുഷ്യന്റെ ഭൗതികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു വായന അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വായനയെ വളര്‍ത്താന്‍ കഴിയുന്ന സവിശേഷ കാലഘട്ടമാണിപ്പോള്‍. കോവിഡ് കാലത്ത് ആളുകള്‍ അധിക സമയവും വീടുകള്‍ക്കുള്ളില്‍ കഴിയുന്ന സാഹചര്യത്തില്‍ വായനയ്ക്കായി സമയം കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. കാലം മാറി വരുമ്പോള്‍ ഇ-ബുക്ക് വായനയും പ്രിയങ്കരമായി മാറുന്നുണ്ട്. കോവിഡ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളുകളില്‍ എത്തി പുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കുന്നില്ല എന്ന സാഹചര്യം ഉണ്ടായപ്പോള്‍ പല സ്‌കൂളിലേയും അധ്യാപകര്‍ പുസ്തകങ്ങളള്‍ കുഞ്ഞുങ്ങളുടെ വീടുകളിലേക്ക് എത്തിച്ച് നല്‍കി മാതൃകയായി. എണ്ണമില്ലാത്ത ആസ്വാദന തലങ്ങളിലേക്കു വായന നമ്മെ കൊണ്ടെത്തിക്കുന്നു. വിറ്റഴിക്കപ്പെട്ടു പോകുന്ന പുസ്തകങ്ങളുടെ എണ്ണമെടുത്താല്‍ വായനാശീലം വളരെ ശക്തമായി തന്നെ മുന്നോട്ടു പോകുന്നുവെന്നു കാണാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഇതുവരെയുള്ള നാള്‍ വഴിയില്‍ വായനശാലകള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വായനയുടെ പ്രാധ്യാന്യം മനസിലാക്കി വായനയെ പ്രോത്സാഹിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി ജയന്‍ മുഖ്യ പ്രഭാഷണവും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍.തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് പി.ജി ആനന്ദന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ എസ്.ഹരിദാസ്, രാജന്‍ വര്‍ഗീസ്, എം.എസ് ജോണ്‍, കെ.പി രാധാകൃഷ്ണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം കോമളം അനിരുദ്ധന്‍, കോന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ജയകുമാര്‍, സെക്രട്ടറി അഡ്വ.സുനില്‍ പേരൂര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സംസാരിച്ചു.
ജൂണ്‍ 19 മുതല്‍ ജൂലൈ ഏഴുവരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം നടത്തുന്നത്. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വായനാനുഭവം തയാറാക്കല്‍, വായനാക്കുറിപ്പ് വീഡിയോ തയാറാക്കല്‍ എന്നിവയും എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഉപരിപഠന സാധ്യതകളെ സംബന്ധിച്ച് വിദഗ്ധരുടെ സഹായത്തോടെയുള്ള ഓണ്‍ലൈന്‍ മീറ്റിംഗുകളും സംഘടിപ്പിക്കും.

കഥാപ്രസംഗ കലയിലെ കുലപതിയായിരുന്ന വി.സാംബശിവന്റെ ജന്മദിനത്തില്‍ ലൈബ്രറി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കഥാപ്രസംഗകലയിലെ സവിശേഷതകള്‍, കുട്ടികളുടെ അവതരണം തുടങ്ങിയവയും നടത്തും. ജൂലൈ ഏഴിന് ഐ.വി ദാസ് ജന്മദിനാഘോഷത്തില്‍ വായന പക്ഷാചരണത്തിന്റെ സമാപന ചടങ്ങ് നടത്തും. ജില്ലയിലെ എല്ലാ താലൂക്കിലും അതത് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായനപക്ഷാചരണ സമാപനം നടത്തുകയും എല്ലാ ലൈബ്രറികളിലും ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിക്കുയും ചെയ്യും.

 

പി.എന്‍. പണിക്കര്‍ ദേശീയ വായനോത്സവം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു

വായനാദിനത്തില്‍ മാത്രമാകേണ്ടതല്ല വായന;അവ ജീവിതത്തില്‍ പകര്‍ത്തണം: ജില്ലാ കളക്ടര്‍

വായന എന്നത് വായനാദിനത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും അവ ജീവിതത്തില്‍ പകര്‍ത്തേണ്ടവയാണെന്നും ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. പി.എന്‍.പണിക്കര്‍ അനുസ്മരണ ദേശീയ വായന മഹോത്സവം 25-ാം വാര്‍ഷികത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വായനാ മാസമായി ഇത്തവണ നാം ഓരോരുത്തരും ആഘോഷിക്കേണ്ടതുണ്ട്. സ്ഥിരമായി വായിക്കുന്ന വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു വിഷയം തിരഞ്ഞെടുത്തു വായിക്കണമെന്നും അവ മനസിലാക്കമെന്നും കൂടുതല്‍ അറിവുകള്‍ നേടണമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വായനാദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
എല്ലാവരും വായിക്കുക, വായിച്ചു വളരുക എന്നതാണ് ഇത്തവണത്തെ സന്ദേശം. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, കാന്‍ഫെഡ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പി.എന്‍.പണിക്കര്‍ അനുസ്മരണ മാസാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

പി.എന്‍.പണിക്കര്‍ അനുസ്മരണ ദേശീയ വായന മഹോത്സവത്തിന്റെ 25-ാം വാര്‍ഷികം, കോവിഡ് 19 പശ്ചാത്തലത്തില്‍ ഇക്കൊല്ലവും എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികളുടെ വീടുകളിലിരുന്നു തന്നെ ആസ്വദിക്കുവാനും പങ്കെടുക്കുവാനും ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ചിട്ടുണ്ട്.
വായനദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ഒരു മാസക്കാലം കുട്ടികളിലെ വായനാശീലവും ക്രിയാത്മകതയും പരിപോഷിപ്പിക്കാനുള്ള പരിപാടികളാണ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ ക്രമീകരിച്ചിരിക്കുന്നത്.

പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ നസീര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്.അമീര്‍ജാന്‍, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍ സോമരാജന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് എസ്.മീരാസാഹിബ് പഴകുളം, ഡോ.അന്‍സുല നെസറിന്‍, എച്ച്.റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.