Trending Now

ജീവകാരുണ്യത്തില്‍ വേറിട്ട മാതൃകയായി” സോള്‍ജിയേഴ്‌സ് ( തപസ്)”

 

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമേകി പോലീസ്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വേറിട്ട മാതൃകയായി മാറുകയാണ് പത്തനംതിട്ടയിലെ സൈനികരുടെ കൂട്ടായ്മ പത്തനംതിട്ട സോള്‍ജിയേഴ്‌സ് ( തപസ്) എന്ന സന്നദ്ധസംഘടന. തപസ്വാന്തനം എന്ന് പേരിട്ട പരിപാടിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ പോലീസ് ഓഫീസ് വളപ്പില്‍ തുടക്കമിട്ടു .

അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഒരുമാസത്തേക്കുള്ള പലചരക്ക്, പച്ചക്കറി സാധനങ്ങളും കൂടാതെ വസ്ത്രങ്ങളും എത്തിച്ചു നല്‍കുകയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍. ഇവരുടെ സല്‍പ്രവൃത്തിക്ക് ആവേശമേകാന്‍ പോലീസും മുന്നോട്ടുവന്നു. ജില്ലയിലെ 11 അഗതിമന്ദിരങ്ങളിലേക്ക് സംഘടനയുടെ പ്രവര്‍ത്തനഫലമായി സ്വരൂപിച്ച പലവ്യഞ്ജനങ്ങളും പച്ചക്കറികളും വിതരണം ചെയ്യുന്നതിന്റെ ഫ്ളാഗ് ഓഫ് ജില്ലാ പോലീസ് ആസ്ഥാനത്ത് അഡിഷണല്‍ എസ്പി എന്‍. രാജന്‍ നിര്‍വഹിച്ചു.

അടൂര്‍, പറന്തല്‍, മിത്രപുരം, കോന്നി, അങ്ങാടിക്കല്‍, കിടങ്ങന്നൂര്‍, റാന്നി, പുല്ലാട്, കോഴഞ്ചേരി, ഓമല്ലൂര്‍ എന്നിവടങ്ങളിലെ അഗതിമന്ദിരങ്ങളിലാണ് മൂന്നു വാഹനങ്ങളിലായി സാധനങ്ങള്‍ എത്തിച്ചത്. കൂടാതെ, അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ 11 കുട്ടികള്‍ക്ക് പഠനാവശ്യത്തിന് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഓണക്കാലത്തെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനശേഖരത്തിനുള്ള ലക്കി ഡ്രോ ടിക്കറ്റ് പ്രകാശനവും അഡിഷണല്‍ എസ്പി നടത്തി.രക്തത്തിന്റെ ക്ഷാമം മനസിലാക്കി കഴിഞ്ഞദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സംഘടനയിലെ അംഗങ്ങളായ 25 ഓളം സൈനികര്‍ രക്തദാനം നടത്തിയിരുന്നു.

പ്രസിഡന്‍റ് ശ്രീമണി കെ, സെക്രട്ടറി നിതിൻ രാജ്, വൈസ് പ്രസിഡന്‍റ് സനൂപ് നായർ, ജോ : സെക്രട്ടറി സരിൻ , ട്രഷറർ ശ്യംലാൽ, സബ് ട്രഷറർ രാജ്‌മോഹൻ എന്നിവർ നേതൃത്വം നൽകി

———————————————————————-

 

പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നട്ട് പോലീസ്

കോന്നി വാര്‍ത്ത ഡോട്ട് കോം : മനുഷ്യര്‍ മാത്രമായാല്‍ പ്രകൃതിയാകില്ലെന്നും മണ്ണും സര്‍വ ജീവജാലങ്ങളും ഒപ്പമുണ്ടാകേണ്ടത് പരിസ്ഥിതിയുടെ ആരോഗ്യപൂര്‍ണമായ നിലനില്‍പ്പിന് അനിവാര്യമാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷത്തെകള്‍ നട്ടശേഷം സംസാരിക്കുകയായിരുന്നു ജില്ലാപോലീസ് മേധാവി.

പ്രകൃതിയെയും മണ്ണിനേയും സംരക്ഷിക്കാനും, പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും പോലീസ് പ്രതിജ്ഞാബന്ധമാണെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലാ പോലീസ് കാര്യാലയം, വിവിധ യൂണിറ്റുകള്‍, എ ആര്‍ ക്യാമ്പ്, ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ വിവിധയിനം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്തിന്റെ പരിസരത്ത് ജില്ലാ പോലീസ് മേധാവിയെ കൂടാതെ ജില്ലാ അഡിഷണല്‍ എസ്പി എന്‍. രാജന്‍, സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. പ്രതാപന്‍ നായര്‍, നാര്‍കോട്ടിക് സെല്‍ ഡി വൈഎസ്പി ആര്‍. പ്രദീപ്കുമാര്‍ (എസ്പിസി പ്രൊജക്റ്റ് ജില്ലാ നോഡല്‍ ഓഫീസര്‍), എന്നിവരും തൈകള്‍ വച്ചുപിടിപ്പിച്ചു.

ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കര്‍, ഡിസിആര്‍ബി ഡിവൈ എസ്പി എ. സന്തോഷ് കുമാര്‍, ക്യാമ്പ് അസിസ്റ്റന്റ് കമ്മാന്‍ഡന്റ് സന്തോഷ് കുമാര്‍, എസ്പിസി പ്രൊജക്റ്റ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജി. സുരേഷ് കുമാര്‍, ജനമൈത്രി പദ്ധതി ജില്ലാ അസിസ്റ്റന്‍ഡ് നോഡല്‍ ഓഫീസര്‍ എ. ബിനു, എസ്പി കേഡറ്റുകള്‍, അധ്യാപകര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ചടങ്ങ്.
എസ്പിസി നോഡല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 27 സ്‌കൂളുകളിലും ഫലവൃക്ഷത്തെകള്‍ നട്ട് പിടിപ്പിച്ചു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ വളപ്പുകളില്‍ എസ്എച്ച്ഒമാര്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. നടുന്ന മരതൈകള്‍ തുടര്‍ന്ന് പരിപാലിക്കുകയും, പരിസരം വൃത്തിയായി സൂക്ഷിക്കുകയും, മറ്റ് ചെടികളും കാര്‍ഷിക വിളകളും നട്ട് ആകര്‍ഷകമാക്കുകയും ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.