കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട എക്സൈസും ഇലവുംതിട്ട പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മെഴുവേലി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആലക്കോട് കുറുമുട്ടത്തെ കണ്ടത്തിലും ഒഴിഞ്ഞ പറമ്പുകളിലും കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്. ഒരാഴ്ചയായി പോലീസും എക്സൈസും സ്റ്റേഷൻ പരിധിയിൽ റെയ്ഡ് നടത്തിവരികയാണ്.
കഴിഞ്ഞ ദിവസങ്ങളിലും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് വ്യാജ ചാരായമുണ്ടാക്കി സാമൂഹ്യാന്തരീക്ഷം തകർക്കാൻ സാമൂഹ്യവിരുദ്ധർ തയാറെടുക്കുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു.
എസ് എച്ച് ഒ എം രാജേഷിന്റെ നിർദ്ദേശപ്രകാരം എഎസ്ഐമാരായ ബിനോജ് ജെ, രാജശേഖരൻ നായർ, പോലീസുദ്യോഗസ്ഥരായ കെ എസ് സജു, സന്തോഷ് കുമാർ, എസ് അൻവർഷ, താജുദീൻ, എസ് ശ്രീജിത്ത്, അസി.എക്സൈസ് ഇൻസ്പെക്ടർ പി ജി രാജേഷ്, പി കെ അനിൽകുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ അജിത്, അനീഷ് , ജയശങ്കർ, ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.