Trending Now

താൽക്കാലിക തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ പത്തനംതിട്ട നഗരസഭ വർധിപ്പിച്ചു

താൽക്കാലിക തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ പത്തനംതിട്ട നഗരസഭ വർധിപ്പിച്ചു

 

ശുചീകരണ യജ്ഞത്തിന് മുന്നൊരുക്കവുമായി നഗരസഭ

കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂൺ മാസം 4, 5, 6 തീയതികളിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ യജ്ഞം വിജയിപ്പിക്കുവാൻ നഗരസഭ കൗൺസിലിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മെയ് മാസം 29 ന് നഗരത്തിൽ തുടക്കമായി. നഗരസഭ ചെയർമാൻ പ്രഖ്യാപിച്ച ക്ലീനിംഗ് ചലഞ്ചോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വീട് വൃത്തിയായാൽ നാടും വൃത്തിയാകും എന്ന സന്ദേശമാണ് നഗരസഭ ക്ലീനിങ് ചലഞ്ചിലൂടെ പ്രചരിപ്പിക്കുന്നത്.

ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വാർഡിലും കുറഞ്ഞത് 20 പൊതു ഇടങ്ങൾ ശുചീകരിക്കുന്നതിനായി തെരഞ്ഞെടുക്കും. ഇതിനായി നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ സമിതികൾക്ക് രൂപം നൽകും. കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, യുവജന വിദ്യാർത്ഥി സംഘടന പ്രതിനിധികൾ എല്ലാവരും ഈ സമിതിയിൽ അംഗങ്ങളാണ്. അഞ്ചുപേരിൽ കൂടാത്ത ചെറിയ സംഘങ്ങളായി ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കും.വിവിധ വകുപ്പുകളുടെ യോഗങ്ങൾ ഇതിനകംതന്നെ വിളിച്ചുചേർത്തിട്ടുണ്ട്. പൊതുമരാമത്ത് ചെറുകിട ജലസേചന വകുപ്പുകൾ ജില്ലാ ആസ്ഥാനത്ത് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ യോഗത്തിൽ തീരുമാനിച്ചു. സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തനം മുപ്പതാം തീയതി ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് ജൂൺ രണ്ടു മുതൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നഗരസഭാ പ്രദേശത്തെ എല്ലാ സ്കൂളുകളിലും പ്രവേശന ഉത്സവത്തോടനുബന്ധിച്ച് നഗരസഭാ ചെയർമാന്റെ ക്ലീനിംഗ് ചലഞ്ച് ഏറ്റെടുക്കാനുള്ള ഹ്രസ്വ വീഡിയോ പ്രദർശിപ്പിക്കും. ജൂൺ നാലാം തീയതി സ്ഥാപനങ്ങളും, സർക്കാർ ഓഫീസുകളും ശുചീകരിക്കും. അഞ്ചാം തീയതി പൊതുഇടങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തും. ആറാംതീയതി വീടും പരിസരവും ശുചിയാക്കി ശുചീകരണ യജ്ഞ പരിപാടികൾക്ക് സമാപനമാകും.

താൽക്കാലിക ശുചീകരണ തൊഴിലാളികളുടെ തൊഴിൽദിനം വർധിപ്പിച്ചു.

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട നഗരസഭയിലെ ശുചീകരണ വിഭാഗം ദിവസ വേതന തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ദിവസവേതനക്കാരായ 19 തൊഴിലാളികളാണ് നഗരസഭാ ശുചീകരണ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. എന്നാൽ നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം ഒരു ദിവസം 10 തൊഴിലാളികൾക്ക് മാത്രമാണ് തൊഴിൽ അനുവദിക്കാൻ കഴിയുന്നത്. ശുചീകരണ വിഭാഗത്തിൽ സ്ഥിരം തൊഴിലാളികളുടെ 24 പോസ്റ്റുകൾ ആണ് ഉള്ളത്. എന്നാൽ നിലവിൽ 15 പേർ മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. സ്ഥിരം തൊഴിലാളികളിൽ നിരവധിപേർ അസുഖബാധിതരുമാണ്. നഗരസഭ രൂപീകരണ വേളയിൽ നഗരത്തിന് അനുവദിച്ച ശുചീകരണ സ്ഥിരം തൊഴിലാളികളുടെ എണ്ണത്തിൽ നാളിതുവരെ സർക്കാർ വർദ്ധനവ് വരുത്തിയിട്ടില്ല.

തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചു നൽകണമെന്ന് വർഷങ്ങളായി താല്കാലിക തൊഴിലാളികൾ ആവശ്യപ്പെട്ടു വരികയാണ്. ഇതിനായി നിരവധി നിവേദനങ്ങൾ താൽക്കാലിക തൊഴിലാളികൾ നൽകിയിരുന്നു. സൂചനാ സമരങ്ങളും ഐഎൻടിയുസി ,സിഐടിയു യൂണിയനുകൾ നഗരസഭയിൽ മുമ്പ് സംഘടിപ്പിച്ചിരുന്നു. നിലവിൽ 18 തൊഴിൽ ദിനങ്ങൾ ആണ് താൽക്കാലിക തൊഴിലാളികൾക്ക് നൽകി വരുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് താൽക്കാലിക തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ 28 ആയി വർധിപ്പിക്കുന്നത്. താൽക്കാലിക തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു നല്കാനുള്ള നഗരസഭാ കൗൺസിലിന്റെ തീരുമാനത്തോടെ ദീർഘനാളായുള്ള ദിവസ വേതന തൊഴിലാളികളുടെ ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്.

error: Content is protected !!