കോന്നി ടൗണിലും പരിസരങ്ങളിലും കടകളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി
ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ കേസും പിഴയും
konnivartha.com : സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും സംയുക്ത സ്‌ക്വാഡ് കോന്നി ടൗണിലും സമീപ പ്രദേശങ്ങളിലെയും പലചരക്ക്, പച്ചക്കറി, വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. മൃണാള്‍സെന്നിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
14 വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ മുദ്ര പതിക്കാത്ത ത്രാസ് ഉപയോഗിച്ചതിന് കോന്നി കേരള സ്റ്റോര്‍, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ അളവ് തൂക്ക ഉപകരണങ്ങള്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ചതിന് കോന്നി അലങ്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്നിവടങ്ങളില്‍ നിന്നും പിഴ ഈടാക്കി. പൂങ്കാവ് ജോയല്‍ മിനിമാര്‍ട്ട്, ശശാങ്കന്‍ സ്റ്റോഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്നതിനും കേസെടുത്തു.
ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എ.അബ്ദുള്‍ ഖാദര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് മാത്യു, എ. ഹരികുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് ടി.സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.