Trending Now

കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്തെ റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി – ചന്ദനപള്ളി റോഡില്‍ കോന്നി മുതല്‍ ആനക്കൂട് വരെയുള്ള ഭാഗത്ത് റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കോന്നി ടൗണിന്റെ ഭാഗം കൂടിയായ ആനക്കൂട് റോഡ് വെള്ളക്കെട്ടുമൂലം വലിയ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലമാണ്. മഴ പെയ്താല്‍ റോഡിലെ താഴ്ചയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് നിത്യസംഭവമാണ്. ഗതാഗത യോഗ്യമാക്കിയാലും വെള്ളക്കെട്ട് മൂലം റോഡ് ഉടന്‍ തന്നെ തകര്‍ന്നു പോകുകയാണ്.

ഇതിനു പരിഹാരമായാണ് കോന്നി ടൗണ്‍ മുതല്‍ നിലവിലുള്ള റോഡ് പൊളിച്ച് ഉയര്‍ത്തി ഒരേ ലെവലില്‍ നിര്‍മിക്കാനും ആവശ്യമായ ഓട നിര്‍മിക്കാനും തീരുമാനിച്ചത്. അടിയന്തരമായി നിര്‍മാണം നടത്താന്‍ എംഎല്‍എ നിര്‍ദേശം നല്കി.

മണ്ഡലത്തിലെ ഇതര റോഡുകളുടെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. പ്ലാപ്പള്ളി – കക്കി-ഗവി റോഡ് നിര്‍മാണം പൂര്‍ത്തിയായി വരുന്നു. റോഡില്‍ ലൈന്‍ വരയ്ക്കുന്ന ജോലി കൂടിയുണ്ട്. ലോക്ഡൗണ്‍ ആണ് ജോലി തടസപ്പെടാന്‍ കാരണം.
കലഞ്ഞൂര്‍-പട്ടാഴി റോഡില്‍ കുടുത്ത മുതല്‍ കോട്ടമുക്ക് വരെയുള്ള ഭാഗത്തിന് ആറു കോടി രൂപ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണം ആരംഭിച്ചു. കോന്നി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണത്തിന് 14 കോടിയുടെ പദ്ധതി സാങ്കേതിക അനുമതിക്കായി നല്കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കും.
കലഞ്ഞൂര്‍-പാടം, ആനയടി -കൂടല്‍ റോഡ് നിര്‍മാണങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി. മറ്റു പ്രധാന റോഡ് നിര്‍മാണങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്കി. കോന്നി -ആനക്കൂട് റോഡ് എംഎല്‍എയും ഉദ്യോഗസ്ഥരും നേരിട്ട് പരിശോധിച്ചു.
യോഗത്തില്‍ പൊതുമരാമത്ത് നിരത്തു വിഭാഗം എക്സി. എന്‍ജിനീയര്‍ ബി.വിനു, അസി.എക്സി.എന്‍ജിനീയര്‍മാരായ ആര്‍.ശ്രീലത, ബി.ബിനു, എസ്.റസീന, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ എസ്.അന്‍ജു, ഷാജി ജോണ്‍, എസ്.അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!