Trending Now

ഹരിതകര്‍മ്മ സേനയുടെ കോട്ടണ്‍ മാസ്‌ക് ശ്രദ്ധേയമാകുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഉപ്പുതറ ഗ്രാമപ്പഞ്ചായത്തിന്റെ വൃത്തിയ്‌ക്കൊപ്പം സുരക്ഷയും ഇനി ഹരിതകര്‍മ്മസേനയുടെ ‘ചുമതല’ യിലാണ്. പാഴ്വസ്തുക്കളുടെ ശേഖരണം ഉള്‍പ്പടെയുള്ള മാലിന്യ പരിപാലനം നിര്‍വ്വഹി ക്കുന്നതിനൊപ്പം ഗ്രാമവാസികളുടെ സുരക്ഷയ്ക്കായി കഴുകി ഉപയോഗിക്കാവുന്ന നല്ല കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം കൂടി തുടങ്ങിയിരിക്കുകയാണ് ഇവിടുത്തെ ഹരിതകര്‍മ്മ സേന.

യാദൃശ്ചികമായാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാസ്‌ക് നിര്‍മ്മാണം തുടങ്ങിയത്.കോവിഡ് ലോക്ക് ഡൗണില്‍ വാതില്‍പ്പടി ശേഖരണം നിലച്ച് വരുമാനം പ്രതിസന്ധിയിലായപ്പോഴാണ് ഉപ്പുതറയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മറ്റ് വഴികള്‍ തേടിയതും മാസ്‌കിലെത്തിയതും.

എട്ടുപേരുള്‍പ്പെട്ട യൂണിറ്റാണ് തുടങ്ങിയത്. വീടുകളില്‍ പോയി പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് നൂതന സംരംഭം ചര്‍ച്ചയായത്. വിഇഒ ജയസൂര്യനാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്. മേച്ചേരിക്കട ബൈപാസില്‍ പഞ്ചായത്ത് കെട്ടിടം വിട്ടു നല്‍കി പഞ്ചായത്ത് കൂടെ നിന്നു.

തയ്യല്‍ അറിയാമായിരുന്നതിനാല്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. വീട്ടിലുണ്ടായിരുന്ന അഞ്ച് തയ്യല്‍ മെഷീനുകള്‍ കൊണ്ടുവന്ന് മാസ്‌ക് നിര്‍മ്മാണം തുടങ്ങി. ദിവസം 150 എണ്ണം വരെ തുന്നിയെടുക്കാനാകുന്നുണ്ട്.ഗുണമേന്മയുള്ള കോട്ടണ്‍ തുണിയിലാണ് മാസ്‌ക് തയ്ക്കുന്നത്.ഒരെണ്ണത്തിന് 20 രൂപയാണ് വില. കൂടുതല്‍ എണ്ണം വാങ്ങിയാല്‍ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.

പഞ്ചായത്തും കുടുംബശ്രീ സിഡിഎസുമൊക്കെ വിപണനത്തില്‍ സഹകരിക്കാമെന്ന് വാക്കുനല്‍കിയിട്ടുണ്ടെന്ന് യൂണിറ്റ് പ്രസിഡണ്ട് അനിത വിനുവും സെക്രട്ടറി മായ ബിനീഷും പറഞ്ഞു.ഇവര്‍ മുഖേനയും അല്ലാതെയും പഞ്ചായത്തിലാകെ ഹരിതകര്‍മ്മ സേനയുടെ മാസ്‌ക് എത്തിക്കാനാണ് യൂണിറ്റിന്റെ തീരുമാനം. ജില്ലാ കുടുംബശ്രീ മിഷന്റെയും ഹരിത കേരളം മിഷന്റെയുമൊക്കെ സഹകരണവും ലഭിക്കുമെന്നാണ് പ്രതീക്ഷ.അങ്ങനെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് യൂണിറ്റംഗങ്ങള്‍. മഞ്ജു അനില്‍, രേഷ്മ രവി,ജിഷ പ്രദീപ്,ഡാലിയ സുനില്‍,വിജിത പ്രവീണ്‍ എന്നീ സേനാംഗങ്ങളാണ് പഞ്ചായത്തിന്റെ മാസ്‌ക് നിര്‍മ്മാണത്തിന് പിന്നില്‍.

error: Content is protected !!